Current Date

Search
Close this search box.
Search
Close this search box.

ഗസ്സയില്‍ നിന്നും ഇസ്രായേലിലേക്ക് റോക്കറ്റ് തൊടുത്തുവിട്ടു

തെല്‍അവീവ്: ഇടവേളക്ക് ശേഷം ഗസ്സ മുനമ്പില്‍ നിന്നും ഇസ്രായേലിലേക്ക് വീണ്ടും റോക്കറ്റ് തൊടുത്തുവിട്ടു. തിങ്കളാഴ്ച തെക്കന്‍ ഇസ്രായേലിലേക്കാണ് റോക്കറ്റ് പതിച്ചത്. തുടര്‍ന്ന് ഇസ്രായേലില്‍ അപായ സൈറണ്‍ മുഴങ്ങിയതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ മെയില്‍ 11 ദിവസം നീണ്ടുനിന്ന രൂക്ഷമായ ഏറ്റുമുട്ടലിന് ശേഷം ഇതാദ്യമായാണ് ഗസ്സ മുനമ്പില്‍ നിന്നും ഇസ്രായേലിലേക്ക് ആക്രമണമുണ്ടാവുന്നത്.
അതേസമയം, റോക്കറ്റ് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുന്‍പ് ഇസ്രായേല്‍ മിസൈല്‍ പ്രതിരോധ സംവിധാനം തകര്‍ത്തതായി ഇസ്രായേല്‍ സൈന്യം പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.

ഇസ്രായേലിലെ തെക്കന്‍ പട്ടണമായ ദെറോട്ടിന് മുകളിലൂടെയാണ് റോക്കറ്റ് വന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ മൂന്ന് മാസമായി നിലനില്‍ക്കുന്ന വെടിനിര്‍ത്തല്‍ കരാറിന് കോട്ടം തട്ടാന്‍ ഈ മിസൈലാക്രമണം കാരണമാകുമോ എന്ന സംശയമുള്ളതായും വിവിധ റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, നേരത്തെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രായേല്‍ സൈന്യം നിരവധി തവണ ഗസ്സ മുനമ്പിലേക്ക് റോക്കറ്റുകള്‍ തൊടുത്തുവിട്ടിരുന്നു.

റോക്കറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. അധിനിവേശ വെസ്റ്റ് ബാങ്കില്‍ കഴിഞ്ഞ ദിവസം രാത്രി ഫലസ്തീനികളുമായി ഇസ്രയേല്‍ സൈന്യം ഏറ്റുമുട്ടി മണിക്കൂറുകള്‍ക്ക് ശേഷമാണ് റോക്കറ്റാക്രമണം ഉണ്ടായിരിക്കുന്നത്.

Related Articles