Current Date

Search
Close this search box.
Search
Close this search box.

ഹരിയാനയില്‍ വീണ്ടും ബുള്‍ഡോസര്‍ രാജ്; 45 കടകള്‍ തകര്‍ത്തു- വീഡിയോ

നൂഹ്: കഴിഞ്ഞ ഒരാഴ്ചയായി സംഘര്‍ഷം നിലനില്‍ക്കുന്ന ഹരിയാനയില്‍ മുസ്ലിംകളുടെ വീടുകളും കടകളും ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നത് തുടരുകയാണ്. കഴിഞ്ഞ ദിവസം അനധികൃതമായി നിര്‍മിച്ചു എന്നാരോപിച്ച് 250ലേറെ കുടിയേറ്റക്കാരുടെ വീടുകള്‍ ഭരണകൂടം നശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 45 കടകളും ബുള്‍ഡോസര്‍ രാജിലൂടെ തകര്‍ത്ത നടപടി.

കലാപബാധിത ജില്ലയായ നൂഹില്‍ അനധികൃത നിര്‍മാണം ആരോപിച്ചാണ് ഇന്ന് (ശനി) 45 ലധികം കടകള്‍ തകര്‍ത്തത്. ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ നിര്‍ദേശപ്രകാരമാണ് നടപടിയെന്ന് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് അശ്വനി കുമാര്‍ പറഞ്ഞു. തിങ്കളാഴ്ച നടന്ന നൂഹിലെ സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടവരുടേതാണ് ചില കടകളെന്നും അദ്ദേഹം അവകാശപ്പെട്ടു.

നാല്‍ഹാറിലെ ഷഹീദ് ഹസന്‍ ഖാന്‍ മേവാട്ടി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിന് പുറത്തെ മാര്‍ക്കറ്റ് ഏരിയയ്ക്ക് സമീപമാണ് ഇന്ന് പൊളിക്കലുകള്‍ നടന്നത്. നല്‍ഹാര്‍ റോഡില്‍ അനധികൃതമായി നിര്‍മ്മിച്ച 45-ലധികം വാണിജ്യ കടകള്‍ പൊളിക്കുകയാണെന്ന് നൂഹ് ജില്ലാ ടൗണ്‍ പ്ലാനര്‍ എ.എന്‍.ഐയോട് പറഞ്ഞു. അറസ്റ്റ് ഭയന്ന് നിരവധി മുസ്ലിംകളാണ് നൂഹില്‍ നിന്നും പലായനം ചെയ്യുന്നത്.

കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്നാരോപിച്ച് നൂഹ് ജില്ലയിലെ ടൗറു പട്ടണത്തില്‍ പ്രാദേശിക ബി.ജെ.പി സര്‍ക്കാര്‍ 250ലധികം കുടിയേറ്റ തൊഴിലാളികളുടെ കുടില്‍ തകര്‍ത്തിരുന്നു. ഇതിന് തൊട്ടടുത്ത ദിവസമാണ് കടകള്‍ പൊളിച്ചത്.

അതേസമയം, സംഭവത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. തകര്‍ന്നത് പാവപ്പെട്ടവരുടെ വീടുകള്‍ മാത്രമല്ല, സാധാരണക്കാരുടെ വിശ്വാസവും കൂടിയാണെന്ന് കോണ്‍ഗ്രസ് എംഎല്‍എ അഫ്താബ് അഹമ്മദ് വിമര്‍ശിച്ചു. ഒരു മാസം മുമ്പുള്ള നോട്ടീസ് ഇപ്പോള്‍ നല്‍കിയാണ് വീടുകളും കടകളും തകര്‍ത്തതെന്ന് ഗ്രാമവാസികള്‍ പറഞ്ഞെന്നും ഭരണ പരാജയങ്ങള്‍ മറയ്ക്കാന്‍ സര്‍ക്കാര്‍ തെറ്റായ നടപടി സ്വീകരിക്കുകയാണ്, ഇത് അടിച്ചമര്‍ത്തല്‍ നയമാണെന്നും അഫ്താബ് ട്വീറ്റ് ചെയ്തു.

തിങ്കളാഴ്ച ബജ്‌റംഗ്ദളും വിശ്വഹിന്ദു പരിഷത്തും സംഘടിപ്പിച്ച ബ്രിജ് മണ്ഡല് ജലാഭിഷേക് യാത്രയ്ക്കിടെയാണ് ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടായത്. സംഘ്പരിവാര്‍ നേതാവിന്റെ മുസ്ലിം വിദ്വേഷ വീഡിയോ പുറത്തുവന്നതിനു പിന്നാലെയായിരുന്നു ഏറ്റുമുട്ടല്‍. പിന്നീട് ഇരു വിഭാഗവും പരസ്പരം കല്ലേറ് ആരംഭിച്ചതാണ് സംഘര്‍ഷത്തിന്റെ തുടക്കം.

തുടര്‍ന്ന് അക്രമം സമീപ ജില്ലകളിലേക്കും വ്യാപിച്ചു, പ്രത്യേകിച്ചും ഗുരുഗ്രാമില്‍ വ്യാപകമായ തീവെപ്പിനും ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കുമാണ് സാക്ഷ്യം വഹിച്ചത്. മുസ്ലീം കുടിയേറ്റക്കാരുടെ വീടുകളും കടകളും കത്തിക്കുകയും അവര്‍ ഇവിടെ നിന്നും പോയില്ലെങ്കില്‍ അക്രമം നടത്തുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

ഒരു ഇമാമും രണ്ട് ഹോം ഗാര്‍ഡുമുള്‍പ്പെടെ ആറ് പേരാണ് ഇതുവരെ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. ഇതുവരെയായി 176 പേരെ അറസ്റ്റ് ചെയ്യുകയും 90 ലധികം പേരെ കസ്റ്റഡിയിലെടുക്കുകയും 41 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തതായി പൊലിസ് അറിയിച്ചു.

Related Articles