Current Date

Search
Close this search box.
Search
Close this search box.

മുഹമ്മദ് സുബൈറിന്റെ അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധം

ന്യൂഡല്‍ഹി: പ്രമുഖ ഫാക്റ്റ്‌ചെക്കിങ് ന്യൂസ് പോര്‍ട്ടലായ അള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന്റെ അറസ്റ്റിനെതിരെ രോഷം കനക്കുന്നു. സംഘ്പരിവാറിന്റെയും ഹിന്ദുത്വ ശക്തികളുടെയും വിദ്വേഷ പ്രചാരണങ്ങളും വ്യാജ പ്രചാരണങ്ങളും എതിര്‍ക്കുകയും അതിന്റെയെല്ലാം സത്യാവസ്ഥ കൃത്യമായ തെളിവുകളോടെ ജനങ്ങളില്‍ എത്തിക്കുകയും ചെയ്തതിന്റെ പ്രതികരാ നടപടിയാണ് സുബൈറിന്റെ അറസ്റ്റെന്ന് നിരവധി പ്രമുഖര്‍ കുറ്റപ്പെടുത്തി.

പ്രതിപക്ഷ നേതാക്കള്‍, രാഷ്ട്രീയ നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, ആയിരക്കണക്കിന് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ എന്നിവരെല്ലാം അറസ്റ്റിനെ ശക്തമായി അപലപിക്കുകയും അദ്ദേഹത്തെ എത്രയും പെട്ടെന്ന് വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വരികയും ചെയ്തു.

തിങ്കളാഴ്ചയാണ് മതവികാരം വ്രണപ്പെടുത്തിയെന്നും ശത്രുത വളര്‍ത്തിയന്നെും ആരോപിച്ച് ഡല്‍ഹി പൊലീസ് സുബൈറിനെ അറസ്റ്റ് ചെയ്യുന്നത്. ഒരു പ്രത്യേക മതത്തിലെ ദൈവത്തെ ബോധപൂര്‍വം അപമാനിക്കുന്നതിനായി സുബൈര്‍ ഒരു ചിത്രം ട്വീറ്റ് ചെയ്തുവെന്നാരോപിച്ച് ‘@balajikijaiin’ എന്ന തീവ്ര ഹിന്ദുത്വ ട്വിറ്റര്‍ ഹാന്‍ഡില്‍ ഈ മാസം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

2020 മുതലുള്ള മറ്റൊരു കേസില്‍ ചോദ്യം ചെയ്യലിനായി സുബൈറിനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നുവെന്നും അതില്‍ കോടതി അദ്ദേഹത്തിന് സംരക്ഷണം നല്‍കിയിട്ടുണ്ടെന്നും ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ പ്രതീക് സിന്‍ഹ പറഞ്ഞു.

എന്നാല്‍ നിര്‍ബന്ധിത അറിയിപ്പ് കൂടാതെ ഈ പുതിയ കേസില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു, സിന്‍ഹ പറഞ്ഞു. ”ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഞങ്ങള്‍ക്ക് എഫ്ഐആര്‍ കോപ്പി നല്‍കുന്നില്ല-സിന്‍ഹ കൂട്ടിച്ചേര്‍ത്തു. യതി നരസിംഹാനന്ദ്, മഹന്ത് ബജ്റംഗ് മുനി, ആനന്ദ് സ്വരൂപ്, നൂപുര്‍ ശര്‍മ്മ എന്നിവരുള്‍പ്പെടെ നിരവധി സംഘ്പരിവാര്‍ സന്യാസിമാരുടെയും ഹിന്ദുത്വ രാഷ്ട്രീയക്കാരുടെയും വിദ്വേഷ പ്രസംഗത്തിനെതിരെ നിലപാടെടുത്തയാളാണ് സുബൈര്‍.

Related Articles