Current Date

Search
Close this search box.
Search
Close this search box.

നെതന്യാഹുവിന്റെ യു.എ.ഇ യാത്ര റദ്ദാക്കി

അബൂദബി: ഇസ്രായേല്‍-യു.എ.ഇ സാധാരണവത്കരണ കരാറില്‍ ഏര്‍പ്പെട്ടതിനു ശേഷം ഇസ്രായേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ യു.എ.ഇ യാത്ര വീണ്ടും റദ്ദാക്കി. വ്യാഴാഴ്ച പുലര്‍ച്ചെ യാത്രക്കുള്ള ഒരുക്കങ്ങള്‍ക്കിടെ നെതന്യാഹുവിന്റെ ഭാര്യ സാറ നെതന്യാഹുവിനെ മോശം ആരോഗ്യാവസ്ഥയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്നാണ് നെതന്യാഹു യാത്ര റദ്ദാക്കാന്‍ തീരുമാനിച്ചത്.

വ്യാഴാഴ്ച രാവിലെയാണ് അദ്ദേഹം യു.എ.ഇയിലെത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നത്. പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങളും ഇസ്രായേലും തമ്മിലുള്ള പുതിയ നയതന്ത്ര ബന്ധം അരക്കെട്ടുറപ്പിക്കാന്‍ വേണ്ടിയും തെരഞ്ഞെടുപ്പ് നേട്ടം ലക്ഷ്യമിട്ടുമാണ് നെതന്യാഹുവിന്റെ യാത്രയെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇസ്രായേല്‍ പബ്ലിക് ബ്രോഡ്കാസ്റ്റര്‍ കാന്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. അബൂദബി കിരീടാവകാശി പ്രിന്‍സ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനുമായും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും നെതന്യാഹു ചര്‍ച്ച നടത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ബിന്‍ സല്‍മാന്‍ പങ്കെടുക്കുന്നതായി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അദ്ദേഹം ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്നും പേര് വെളിപ്പെടുത്താത്ത സൗദി ഉദ്യോഗസ്ഥന്‍ പറഞ്ഞു. യു.എ.ഇയില്‍ നിന്നും ബഹ്‌റൈനിലേക്ക് പോകാനായിരുന്നു പദ്ധതി. കോവിഡ മൂലം നിരവധി തവണ മാറ്റിവെച്ച യാത്രയാണിത്.

Related Articles