Current Date

Search
Close this search box.
Search
Close this search box.

ഏക സിവിൽകോഡ്: മുസ്‌ലിം കോ ഓഡിനേഷൻ കമ്മിറ്റി ബഹുജന സെമിനാർ 26ന്

കോഴിക്കോട്: മുസ്ലിം കോ ഓഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ബഹുജന സെമിനാര്‍ ജൂലൈ 26ന് ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് കോഴിക്കോട് അബ്ദുറഹ്‌മാന്‍ സാഹിബ് മെമ്മോറിയല്‍ കണ്ടംകുളം ജൂബിലി ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ‘ഏക സിവില്‍ കോഡ്, ധ്രുവീകരണ അജണ്ടയുടെ കാണാപ്പുറങ്ങള്‍’ എന്ന ശീര്‍ഷകത്തിലാണ് സെമിനാര്‍. കോ ഓഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കുന്ന സെമിനാര്‍ പ്രമുഖ നിയമജ്ഞനും ഡി.എം.കെയുടെ ഉന്നത നേതാവും തമിഴ്‌നാട് മന്ത്രിയുമായ അഡ്വ. മാ സുബ്രഹ്‌മണ്യന്‍ ഉദ്ഘാടനം ചെയ്യും.

രാജ്യ താല്‍പര്യത്തിനെതിരായി ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരായ ബഹുജന സംഗമമാണ് കോഴിക്കോട്ട് നടക്കുന്നത്. ഏക സിവില്‍കോഡുമായി ബന്ധപ്പെട്ട ധ്രുവീകരണ അജണ്ടകളെ തുറന്നുകാട്ടുന്ന ചര്‍ച്ചകള്‍ക്ക് സെമിനാര്‍ വേദിയാകും. ഏക സിവില്‍ കോഡ് ഭരണഘടനാപരമായി അനുവദിക്കപ്പെട്ട അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണെന്നും എല്ലാ വിഭാഗം ജനങ്ങളെയും ഇത് ബാധിക്കുമെന്നും തിരിച്ചറിഞ്ഞുകൊണ്ടാണ് മുസ്ലിം കോഡിനേഷന്‍ കമ്മിറ്റി സെമിനാര്‍ സംഘടിപ്പിക്കുന്നത്. ഒരു ദേശീയ പ്രശ്‌നമെന്ന നിലയില്‍ ഏക സിവില്‍ കോഡിനെ സമീപിക്കാനും സമൂഹത്തില്‍ ധ്രുവീകരണത്തിന് ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കാനും സെമിനാര്‍ ലക്ഷ്യമിടുന്നതായും നേതാക്കള്‍ പറഞ്ഞു.

ഇത് കേവലം ഒരു മുസ്ലിം പ്രശ്നമല്ലെന്നും രാജ്യത്തെയാകെ ബാധിക്കുന്നവിഷയമാണെന്നും ബി.ജെ.പിയുടെ വംശീയ അജണ്ടയെ ചെറുത്തുതോല്‍പ്പിക്കാന്‍ രാജ്യം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നാണ് മുസ്ലിം കോ ഓഡിനേഷന്‍ കമ്മിറ്റി അഭിപ്രായപ്പെടുന്നത്.
ഈ ആവശ്യത്തിനായി മുഴുവന്‍ വിഭാഗങ്ങളെയും ചേര്‍ത്തുനിര്‍ത്താനാണ് കോ-ഓഡിനേഷന്‍ കമ്മിറ്റി ശ്രമിക്കുന്നത്. വിവിധ മുസ്ലിംസംഘടനാ നേതാക്കള്‍, പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍, മത മേലദ്ധ്യക്ഷന്‍മാര്‍ സെമിനാറില്‍ പങ്കെടുക്കും.

പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, നാസര്‍ ഫൈസി കൂടത്തായി, ഇ.പി അശ്റഫ് ബാഖവി, സി. മരക്കാര്‍ കുട്ടി, കെ സജ്ജാദ്, ശിഹാബ് പൂക്കോട്ടൂര്‍, റഫീഖ് നല്ലളം, ടി.കെ ലത്തീഫ് ഹാജി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

മണിപ്പൂര്‍ ഐക്യദാര്‍ഢ്യ സദസ്സ്

കോഴിക്കോട്: ഏക സിവില്‍കോഡിനെതിരായ ബഹുജന സെമിനാറിന്റെ ഭാഗമായി മണിപ്പൂര്‍ ജനതക്ക് വേണ്ടി ഐക്യദാര്‍ഢ്യ സദസ്സ് സംഘടിപ്പിക്കുമെന്ന് മുസ്ലിം കോ ഓഡിനേഷന്‍ കമ്മിറ്റി അറിയിച്ചു. ഭരണകൂടത്തിന്റെ പിന്തുണയോടെ മണിപ്പൂരിലെ കുക്കി വംശജര്‍ക്കെതിരെ നടക്കുന്ന വംശഹത്യക്കെതിരെയും ക്രിസ്തീയ ദേവാലയങ്ങള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെയും കേരളത്തിലെ മുസ്ലിം സംഘടനാ നേതാക്കള്‍ ഐക്യദാര്‍ഢ്യം രേഖപ്പെടുത്തുമെന്നും നേതാക്കള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

 

???? കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE

Related Articles