Current Date

Search
Close this search box.
Search
Close this search box.

ഒരു വന്‍കരയുടെ പ്രതീക്ഷകള്‍ ഒന്നാകെ നെഞ്ചിലേറ്റി മൊറോക്കോ ഇന്നിറങ്ങും

ദോഹ: പുതിയ ചരിത്രപിറവികള്‍ക്ക് സാക്ഷ്യം വഹിച്ച ഖത്തര്‍ ലോകകപ്പില്‍ മറ്റൊരു ചരിത്ര നേട്ടം ലക്ഷ്യമിട്ടാണ് ആഫ്രിക്കന്‍-അറബ് രാഷ്ട്രമായ മൊറോക്കോ ഇന്ന് അല്‍ തുമാമ സ്‌റ്റേഡിയത്തില്‍ പന്ത് തട്ടാനിറങ്ങുന്നത്. ലോക സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ തോല്‍പിച്ച് സെമിഫൈനല്‍ പ്രവേശനം സ്വപ്‌നം കാണുന്ന മൊറോക്കോയുടെ കൂടെ പ്രാര്‍ത്ഥനയും പിന്തുണയുമായി ആ കൊച്ചുരാജ്യം മാത്രമല്ല ഉള്ളത്.

ഒരു വന്‍കരയും അറബ് രാഷ്ട്ര സമൂഹവും ഒന്നടങ്കം മൊറോക്കക്ക് പിന്നില്‍ അണിനിരന്നിട്ടിട്ടുണ്ട്. അതിനാല്‍ തന്നെ ജനകോടികളുടെ പ്രതീക്ഷകളും സ്വപ്‌നങ്ങളും നെഞ്ചിലേറ്റിയാണ് റൊമെയ്ന്‍ സായിസിന്റെ നായകത്വത്തിലുള്ള മറാക്കിഷ് പട ബൂട്ടുകെട്ടുന്നത്. ഫലസ്തീന്‍ ജനതക്ക് നല്‍കിയ നിസ്തുല പിന്തുണയും കളിക്കളത്തിലെ അവരുടെ നിലപാടുമെല്ലാം ഇതിനകം തന്നെ ഖത്തര്‍ ലോകകപ്പില്‍ ചര്‍ച്ചയായിരുന്നു. കളിക്കപ്പുറം പുതിയ രാഷ്ട്രീയ മാനം നേടുന്നതിലും മൊറോക്കോ വിജയിച്ചു കഴിഞ്ഞിട്ടുണ്ട്.

വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയാണ് ലോകകപ്പില്‍ അവസാന റൗണ്ടില്‍ അവശേഷിക്കുന്ന ഏക ആഫ്രിക്കന്‍ രാജ്യം. മാത്രമല്ല, അറബ് മാതൃഭാഷയായുള്ള അറബ് രാജ്യങ്ങളുടെയും ഏക പ്രതിനിധിയാണ് മൊറോക്കോ. ആഫ്രിക്കയില്‍ നിന്നും ഘാന, കാമറൂണ്‍, സെനഗല്‍ എന്നീ ടീമുകളും അറബ് രാജ്യങ്ങളായ ഇറാന്‍,സൗദി ടീമുകളും നേരത്തെ പുറത്തായിരുന്നു.

ഖത്തര്‍ സമയം ഇന്ന് വൈകീട്ട് ആറിന് നടക്കുന്ന മത്സരത്തിന് ആവേശം പകരാന്‍ പതിനായിരക്കണക്കിന് മൊറോക്കന്‍ ആരാധകരാണ് ഖത്തറിലേക്കൊഴുകിയത്. കൂടാതെ അറബ്-ഗള്‍ഫ് രാജ്യങ്ങളിലെ കളിയാരാധകരും മൊറോക്കോക്ക് ആര്‍പ്പുവിളികളുമായി ഗ്യാലറിയിലുണ്ടാകും. അതിനാല്‍ തന്നെ ജയം മാത്രം ലക്ഷ്യം വെച്ച് പുതുചരിത്രം കുറിക്കാന്‍ തന്നെയാണ് വലീദ് രിഗ്രാഗിയുടെ ശിഷ്യന്മാര്‍ ഇന്ന് പറങ്കിപ്പടക്കെതിരെ പോരിനിറങ്ങുന്നത്.

Related Articles