Current Date

Search
Close this search box.
Search
Close this search box.

അല്‍താഫിന്റെ കസ്റ്റഡി മരണം: നടപടി സ്വീകരിച്ച് ന്യൂനപക്ഷ കമ്മീഷന്‍

ലഖ്‌നൗ: കഴിഞ്ഞ ദിവസം യു.പിയിലെ കസ്ഗഞ്ചില്‍ പൊലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട അല്‍താഫിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ നടപടികള്‍ ആരംഭിച്ച് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത കമ്മീഷന്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് അറിയിച്ചു. 22കാരനായ അല്‍താഫ് പൊലിസ് സ്റ്റേഷനില്‍ വെച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് പൊലിസ് ഭാഷ്യം. എന്നാല്‍ ഇത് തികച്ചും വസ്തുതാവിരുദ്ധമാണെന്നും ചോദ്യം ചെയ്യലിനിടെ പൊലിസ് കൊലപ്പെടുത്തി മൃതദേഹം കെട്ടിത്തൂക്കിയതാണെന്നുമാണ് അല്‍താഫിന്റെ കുടുംബത്തിന്റെ വാദം. സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ഉത്തര്‍പ്രദേശ് പൊലിസ് ഡി.ജി.പിക്കും ചീഫ് സെക്രട്ടറിക്കും കത്തയച്ചതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

16കാരിയായ ഹിന്ദു പെണ്‍കുട്ടിയെ കാണാതായ കേസുമായി ബന്ധപ്പെട്ടാണ് അല്‍താഫിനെ കസ്ഗഞ്ച് പൊലിസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടിയെ കൊണ്ട് ഒളിച്ചോടി എന്നായിരുന്നു ആരോപണം. പെണ്‍കുട്ടിയെ അല്‍താഫ് തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ചുള്ള കുടുംബത്തിന്റെ പരാതിയില്‍ പോലീസ് ഐ പി സി സെക്ഷന്‍ 363 (തട്ടിക്കൊണ്ടുപോകല്‍), 366 (വിവാഹത്തിന് യുവതിയെ പ്രേരിപ്പിക്കല്‍) എന്നിവ പ്രകാരമാണ് കേസെടുത്തത്. കസ്റ്റഡിയില്‍ പൊലിസ് മര്‍ദിച്ചു കൊലപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം.

കഴിഞ്ഞ തിങ്കളാഴ്ച രാവിലെ സ്റ്റേഷനിലെത്തിച്ച അല്‍താഫ് ചോദ്യം ചെയ്യുന്നതിനിടെ ടോയ്ലെറ്റില്‍ പോകണമെന്നാവശ്യപ്പെടുകയും സെല്ലിനകത്തെ ടോയ്ലറ്റില്‍ പോയ അദ്ദേഹത്തെ ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെത്തുടര്‍ന്ന് പൊലിസ് ടോയ്ലെറ്റില്‍ പോയി നോക്കിയപ്പോള്‍ തൂങ്ങി കിടക്കുന്ന നിലയില്‍ കാണപ്പെടുകയായിരുന്നുവെന്നാണ് പൊലിസ് തിരക്കഥ. ഷാള്‍ ഉപയോഗിച്ചാണ് അദ്ദേഹം തൂങ്ങിയതെന്നും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നുവെന്നും പൊലിസ് കൂട്ടിച്ചേര്‍ത്തു.

ടോയ്ലെറ്റില്‍ രണ്ടടി മാത്രം ഉയരത്തില്‍ താഴ്ഭാഗത്തുള്ള ടാപ്പില്‍ ചെറിയ കയറിട്ട് കെട്ടിത്തൂക്കിയ നിലയിലായിരുന്നു മൃതദേഹം. ഇങ്ങിനെയുള്ള ഫോട്ടോയാണ് പൊലിസ് പുറത്തുവിട്ടിരുന്നത്. ഇതാണ് സംശയം വര്‍ധിപ്പിക്കാന്‍ ഇടയാക്കിയത്.

Related Articles