Current Date

Search
Close this search box.
Search
Close this search box.

ചരിത്രത്തില്‍ സമാനതകളില്ലാത്ത നഷ്ടത്തില്‍ കൂപ്പുകുത്തി അമേരിക്കന്‍ ബഹുരാഷ്ട്ര കുത്തക കമ്പനിയായ മക്‌ഡൊണാള്‍ഡ്. ഗസ്സക്കെതിരായ ഇസ്രായേല്‍ യുദ്ധത്തില്‍ ഇസ്രായേലിനെ പിന്തുണച്ച് പരസ്യമായി രംഗത്തുവന്നതിനു പിന്നാലെ ആഗോള തലത്തില്‍ ഉയര്‍ന്ന ബഹിഷ്‌കരണാഹ്വാനത്തെത്തുടര്‍ന്നാണ് കമ്പനിക്ക് ഇത്രയും വലിയ തകര്‍ച്ച നേരിടേണ്ടി വന്നത്. നാല് വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ത്രൈമാസത്തില്‍ കമ്പനിക്ക് ഉദ്ദേശിച്ച ടാര്‍ജറ്റ് പൂര്‍ത്തിയാക്കാനാകാതെ തകര്‍ച്ച നേരിട്ടത്.

പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെയും മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിലെയും വില്‍പ്പനയെ ഗസ്സ യുദ്ധം പ്രതികൂലമായി ബാധിച്ചതായി മക്‌ഡൊണാള്‍ഡ്‌സ് സി.ഇ.ഒ ക്രിസ് കെംപ്‌സിന്‍സ്‌കി തന്നെയാണ് കഴിഞ്ഞ ദിവസം ഔദ്യോഗികമായി അറിയിച്ചത്.

”ഈ യുദ്ധം നിലനില്‍ക്കുന്നിടത്തോളം, വില്‍പ്പനയില്‍ കാര്യമായ പുരോഗതി ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. ഇത് ഒരു മാനുഷിക ദുരന്തമാണ്, അത് നമ്മുടേത് പോലുള്ള ബ്രാന്‍ഡുകള്‍ക്ക് വലിയ ഭാരമാണ്’ കെംപ്‌സിന്‍സ്‌കി പറഞ്ഞു.

ഇസ്രായേല്‍ സൈനികര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും സൗജന്യമായി ഭക്ഷണം നല്‍കുമെന്ന് പരസ്യമായി പ്രസ്താവന പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അറബ്-മുസ്ലിം രാജ്യങ്ങളില്‍ അടക്കം മക്‌ഡൊണാള്‍ഡ്‌സിനെതിരെ വ്യാപകമായ രീതിയില്‍ ബഹിഷ്‌കരണ ക്യാംപയിന്‍ അരങ്ങേറിയത്. ബി.ഡി.എസ് മൂവ്‌മെന്റും നേരത്തെ തന്നെ കമ്പനിക്കെതിരെ ബഹിഷ്‌കരണ ക്യാംപയിനിങ്ങുമായി രംഗത്തുണ്ടായിരുന്നു.

ബഹിഷ്‌കരണം കമ്പനിയുടെ വില്‍പ്പനയെ ബാധിച്ചതായി നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു. ഇക്കാര്യം കമ്പനി തന്നെ അറിയിച്ചിരുന്നു. പിന്നാലെ തങ്ങള്‍ ഇസ്രായേലിനെ അനുകൂലിക്കുന്നില്ലെന്ന് അറിയിച്ച് കമ്പനി തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്റിലുകളില്‍ പ്രസ്താവന ഇറക്കിയിരുന്നു. എന്നാല്‍ ഇതുകൊണ്ടൊന്നും കമ്പനിക്ക് ഉപഭോക്താക്കളുടെ മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ഗസ്സയിലെ നിരപരാധികളായ പിഞ്ചുകുഞ്ഞുങ്ങളുടെ രക്തം പുരണ്ട കൈകളാണ് മക്‌ഡൊണാള്‍ഡിന്റേതെന്ന പ്രചാരണം കമ്പനിയുടെ നെറുകയില്‍ തന്നെയാണ് തറച്ചത് എന്നാണ് ഗസ്സ യുദ്ധത്തിന്റെ നാല് മാസം പൂര്‍ത്തിയാകുമ്പോള്‍ പുറത്തുവരുന്ന കണക്കുകള്‍ നമ്മോട് പറയുന്നത്.

മിഡില്‍ ഈസ്റ്റ്, ചൈന, ഇന്ത്യ എന്നിവിടങ്ങളില്‍ ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മക്ഡൊണാള്‍ഡിന്റെ വില്‍പ്പന വളര്‍ച്ച 0.7 ശതമാനത്തിലെത്തി, ഇത് വിപണിയില്‍ പ്രതീക്ഷിച്ചിരുന്ന 5.5 ശതമാനത്തേക്കാള്‍ ഗണ്യമായി കുറവാണ് രേഖപ്പെടുത്തിയത്.

ഗസ്സയ്ക്കെതിരായ ഇസ്രായേലിന്റെ വംശഹത്യ യുദ്ധത്തിനുള്ള പിന്തുണയെച്ചൊല്ലിയുള്ള ബഹിഷ്‌കരണങ്ങളും പ്രതിഷേധങ്ങളും വില്‍പ്പനയെ നേരിട്ട് ബാധിച്ച നിരവധി യു.എസ് ബ്രാന്‍ഡുകളില്‍ ഒന്ന് മാത്രമാണ് മക്ഡൊണാള്‍ഡ്‌സ്.

പ്രതിഷേധം കനത്തത്തോടെ സൗദി അറേബ്യ, ഒമാന്‍, കുവൈത്ത്, യു.എ.ഇ, ജോര്‍ദാന്‍, ബഹ്റൈന്‍, തുര്‍ക്കി എന്നിവിടങ്ങളിലെ മക്ഡൊണാള്‍ഡിന്റെ ഫ്രാഞ്ചൈസികള്‍ ഇസ്രായേലിന് സൗജന്യ ഭക്ഷണം നല്‍കുന്നില്ലെന്നും ഗസ്സയ്ക്ക് 3 മില്യണ്‍ ഡോളറിന്റെ സഹായം നല്‍കുന്നുണ്ടെന്നും പ്രസ്താവന പുറപ്പെടുവിച്ചിരുന്നു.

Related Articles