Current Date

Search
Close this search box.
Search
Close this search box.

ഭൂരിപക്ഷ ധാര്‍മ്മികത ന്യൂനപക്ഷ അവകാശങ്ങളെ മറികടക്കരുത്; നിയമ കമ്മീഷനോട് പേഴ്‌സണല്‍ ലോ ബോര്‍ഡ്

ഡല്‍ഹി: ഭൂരിപക്ഷ ധാര്‍മ്മികത ന്യൂവപക്ഷ അവകാശങ്ങളെയും മതസ്വാതന്ത്ര്യത്തെയും വ്യക്തിനിയമങ്ങളെയും മറികടക്കരുതെന്ന് അഖിലേന്ത്യ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് കേന്ദ്ര നിയമ കമ്മീഷനോട് ആവശ്യപ്പെട്ടു. ബുധനാഴ്ച ലോ കമ്മീഷന് എഴുതിയ കത്തിലാണ് ലോ ബോര്‍ഡ് തങ്ങളുടെ എതിര്‍പ്പും ആശങ്കകളും കമ്മീഷനെ അറിയിച്ചത്.

‘വ്യത്യസ്ത മതവിഭാഗങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളെ നിയന്ത്രിക്കുന്ന നിയമങ്ങളുടെ സ്ഥാപിത സംവിധാനങ്ങളെ പിഴുതെറിഞ്ഞ് ഏകീകൃത രീതിയിലാക്കുന്നത് സാധുതയുള്ളതല്ല. പൊതുവായതും ഏകീകൃതമെന്ന് പറയപ്പെടുന്നതുമായ നിയമങ്ങള്‍ പോലും പ്രകൃതിയില്‍ പൂര്‍ണ്ണമായും ഏകീകൃതമല്ല. വിഷയം തികച്ചും നിയമപരമാണെങ്കിലും, അത് രാഷ്ട്രീയത്തിനു വേണ്ടിയും മാധ്യമങ്ങളാല്‍ നയിക്കുന്ന പ്രചാരണത്തിനും ഉപാധിയായി മാറിയിരിക്കുന്നുവെന്നും സംഘടന പ്രസ്താവനയില്‍ പറഞ്ഞു.

ഇത്തരമൊരു ചട്ടത്തിന്റെ പരിധിയില്‍ നിന്ന് ആദിവാസികളെയും മതന്യൂനപക്ഷങ്ങളെയും ഒഴിവാക്കണമെന്നും അഖിലേന്ത്യ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

നിലവില്‍, വിവിധ മതസമൂഹങ്ങള്‍ അവരുടെ സ്വന്തം വ്യക്തിനിയമസംഹിതകളാല്‍ നിയന്ത്രിക്കപ്പെടുന്ന വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ചാവകാശം, ദത്തെടുക്കല്‍ എന്നിവയെ ഇന്ത്യക്കാര്‍ക്കെല്ലാം ഒറ്റ ഒരു പൊതു നിയമങ്ങളാക്കി ഉള്‍പ്പെടുന്ന രീതിയിലാണ് ഏക സിവില്‍ കോഡ് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്. അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന സ്ത്രീകള്‍ക്ക് സമത്വവും നീതിയും ഉറപ്പാക്കാനാണ് ഇതെന്നാണ് ബി.ജെ.പിയുടെ അവകാശവാദം.

ജൂണ്‍ 14-ന് നിയമ കമ്മീഷന്‍ രാജ്യത്തെ പൗരന്മാരില്‍ നിന്നും വിവിധ മതവിഭാഗങ്ങളില്‍ നിന്നും വിഷയത്തില്‍ അഭിപ്രായം തേടി വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ‘പ്രത്യേക സമുദായങ്ങള്‍ക്കായി പ്രത്യേക നിയമങ്ങള്‍’ എന്ന ഇരട്ട സമ്പ്രദായത്തില്‍ രാജ്യം പ്രവര്‍ത്തിക്കാന്‍ കഴിയാത്തതിനാല്‍ ഇന്ത്യയ്ക്ക് ഒരു പൊതു സിവില്‍ കോഡ് ആവശ്യമാണെന്ന് രണ്ടാഴ്ച മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.

Related Articles