Current Date

Search
Close this search box.
Search
Close this search box.

വെള്ളിയാഴ്ചയിലെ തെരഞ്ഞെടുപ്പ്: ജുമുഅ സമയം ക്രമീകരിച്ച് മസ്ജിദുകള്‍

കോഴിക്കോട്: ലോക്‌സഭ തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച ആയതിനെത്തുടര്‍ന്ന് ജുമുഅ സമയം ക്രമീകരിച്ച് കേരളത്തിലെ മസ്ജിദുകള്‍. വോട്ടര്‍മാരും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുമുള്ള വിശ്വാസികള്‍ക്കും വോട്ടെടുപ്പിനെ ബാധിക്കാതെ ജുമുഅ പങ്കാളിത്തം ഉറപ്പാക്കാന്‍ വേണ്ടിയാണ് വിവിധ മുസ്‌ലിം സംഘടനകളും മഹല്ലുകളും ജുമുഅ സമയം ക്രമീകരിച്ച് ഉത്തരവിറക്കിയത്. സമസ്ത, ജമാഅത്തെ ഇസ്ലാമി, മുജാഹിദ് വിഭാഗങ്ങള്‍ എല്ലാം ഇങ്ങിനെ ക്രമീകരണം വരുത്താന്‍ മഹല്ല് കമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മുഴുവന്‍ വിശ്വാസികളും തങ്ങളുടെ വിലയേറിയ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും പള്ളികളില്‍ അടുത്തയാഴ്ച ജുമുഅ കഴിഞ്ഞ ദിവസം ജുമുഅ ഖുതുബയില്‍ വിവിധ ഖത്വീബുമാരും മതനേതാക്കളും വിശ്വാസികളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.

വോട്ടിങ്ങിനൊപ്പം വിശ്വാസികളായ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ബൂത്ത് ഏജന്റ് ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പ് ചുമതലകള്‍ കൂടി നിര്‍വഹിക്കാനാകും വിധമാണ് ജുമുഅ സമയത്തിലെ ക്രമീകരണങ്ങള്‍. അടുത്തടുത്ത പള്ളികളിലെ ജുമുഅ ഒരേസമയം വരാത്ത രീതിയില്‍ പുനഃക്രമീകരിക്കാന്‍ മഹല്ലുകള്‍ക്ക് സമസ്ത നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ മഹല്ലുകള്‍ പരസ്പരം കൂടിയാലോചിച്ച് തീരുമാനമെടുക്കുകയും ഇത് നേരത്തെ തന്നെ വിശ്വാസികളെ അറിയിക്കുകയും ചെയ്യും. മിക്ക മഹല്ലുകളും സമയക്രമീകരണം പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

വെള്ളിയാഴ്ചയിലെ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് മുസ്‌ലിം സംഘടനകളും മുസ്ലിം ലീഗ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടെങ്കിലും തീയതി മാറ്റാന്‍ തയാറായിരുന്നില്ല. തുടര്‍ന്നാണ് പുതിയ ക്രമീകരണങ്ങള്‍. പോളിങ് ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ പാര്‍ട്ടികളുടെ ബൂത്ത് ഏജന്റുമാരുള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ക്കുമായിരിക്കും വെള്ളിയാഴ്ചയിലെ തെരഞ്ഞെടുപ്പ് കൂടുതല്‍ ബുദ്ധിമുട്ടാവുക.

 

Related Articles