Current Date

Search
Close this search box.
Search
Close this search box.

ലിബിയയില്‍ ശാശ്വത വെടിനിര്‍ത്തല്‍ പ്രാബല്യത്തിലെന്ന് യു.എന്‍

ട്രിപ്പോളി: വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ലിബിയയില്‍ വര്‍ഷങ്ങളായി തുടരുന്ന ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള ആഭ്യന്തര യുദ്ധത്തില്‍ ശാശ്വതമായ വെടിനിര്‍ത്തല്‍ കരാറിലെത്തിയതായി യു.എന്‍ അറിയിച്ചു. യു.എന്നിന്റെ അംഗീകാരമുള്ള ലിബിയന്‍ സര്‍ക്കാരായ ജി.എന്‍.എയും എതിര്‍പക്ഷത്തുള്ള കിഴക്കന്‍ ലിബിയ ആസ്ഥാനമായുള്ള എല്‍.എന്‍.എയും തമ്മിലാണ് പരസ്പര വെടിനിര്‍ത്തല്‍ ധാരണയിലെത്തിയത്. ജനീവയില്‍ അഞ്ചു ദിവസമായി നടന്ന മധ്യസ്ഥ ചര്‍ച്ചകള്‍ക്കു ശേഷമാണ് വെള്ളിയാഴ്ച ലിബിയന്‍ പാര്‍ട്ടികള്‍ സ്ഥിരമായ വെടിനിര്‍ത്തല്‍ കരാറിലെത്തിയതെന്ന് ലിബിയ ദൗത്യത്തിനായുള്ള യു.എന്‍ വക്താവ് സ്റ്റെഫാനി വില്യംസ് അറിയിച്ചു.

ഈ നേട്ടം ലിബിയയില്‍ സമാധാനത്തിലേക്കും സ്ഥിരതയിലേക്കുമുള്ള ഒരു സുപ്രധാന വഴിത്തിരിവാണ്. ലിബിയയുടെ എല്ലാ മേഖലകളിലും സ്ഥിരമായ വെടിനിര്‍ത്തല്‍ കരാറിലാണ് ഒപ്പുവെച്ചിരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കരാര്‍ പ്രകാരം യുദ്ധ രംഗത്തുള്ള എല്ലാ സായുധ സംഘങ്ങളും വിദേശ സൈനിക പോരാളികളും മൂന്ന് മാസത്തിനുള്ളില്‍ ലിബിയ വിട്ടു പോകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

രാജ്യത്ത് ഏകാധിപത്യ ഭരണം നടത്തിയിരുന്ന മുഅമ്മര്‍ ഗദ്ദാഫിയെ അറബ് വസന്തത്തെത്തുടര്‍ന്ന് സ്ഥാനഭ്രഷ്ടനാക്കിയ ശേഷമാണ് രാജ്യത്ത് ആഭ്യന്തര സംഘര്‍ഷം രൂക്ഷമായത്.

 

Related Articles