Current Date

Search
Close this search box.
Search
Close this search box.

ജെ.എന്‍.യുവിലെ ഗുണ്ടാ ആക്രമണം: എ.ബി.വി.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ന്യൂഡല്‍ഹി: ഡല്‍ഹി ജെ.എന്‍.യു ക്യാംപസില്‍ വിദ്യാര്‍ത്ഥികളെ മര്‍ദിച്ച എ.ബി.വി.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. രാമനവമി ദിനത്തില്‍ കോളേജ് ഹോസ്റ്റലില്‍ നോണ്‍-വെജ് ഭക്ഷണം വിളമ്പി എന്നാരോപിച്ചാണ് മുസ്ലിം-ഇടത് സംഘടന വിദ്യാര്‍ത്ഥികള്‍ക്കു നേരെ ഗുണ്ടാ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ പെണ്‍കുട്ടികള്‍ അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റിരുന്നു. മെസ്സ് സെക്രട്ടറിക്ക് നേരെയും മര്‍ദനമുണ്ടായി. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ഡല്‍ഹി പൊലിസില്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. എന്നാല്‍, പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പൊലിസ് ഇതുവരെ തയാറായിട്ടില്ലെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

രാമനവമി ദിനത്തില്‍ മെസ്സില്‍ മാംസ ഭക്ഷണം പാകം ചെയ്യരുതെന്ന് നേരത്തെ എ.ബി.വി.പി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യത്തെ വിദ്യാര്‍ത്ഥികള്‍ എതിര്‍ത്തു. തുടര്‍ന്ന് രാത്രി മെസ്സിന് മുന്‍പിലെത്തിയ എ.ബി.വി.പി പ്രവര്‍ത്തകരും ഇതര വിദ്യാര്‍ത്ഥികളും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായി. ഇതിനിടെയാണ് എ.ബി.വി.പി ഗുണ്ടകള്‍ കൂട്ടമായി ചേര്‍ന്ന് വിദ്യാര്‍ത്ഥികളെ മര്‍ദിച്ചത്. മര്‍ദനത്തില്‍ മലയാളി വിദ്യാര്‍ത്ഥികളടക്കം അന്‍പതോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

ക്യാംപസിലെ പൂജ തടഞ്ഞതാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് എ.ബി.വി.പിയുടെ വാദം. എന്നാല്‍ ക്യാംപസിലെ ക്യാന്റീനിലെ മെനുവില്‍ ഉള്‍പ്പെട്ട മാംസ ഭക്ഷണം വിളമ്പാന്‍ അനുവദിക്കാതിരിക്കുകയും വിദ്യാര്‍ത്ഥികളെ തടഞ്ഞതുമാണ് പ്രതിഷേധത്തിന് കാരണമെന്ന് ജെ.എന്‍.യു സ്റ്റുഡന്റ്‌സ് യൂണിയനും മറ്റു ഇടതു വിദ്യാര്‍ത്ഥി സംഘടനകളും പറഞ്ഞു. ഞായറാഴ്ച വൈകീട്ട് 7.30ഓടു കൂടിയായിരുന്നു ആക്രമണം ആരംഭിച്ചത്. പൊലിസും സെക്യൂരിറ്റി ജീവനക്കാരും നോക്കിനില്‍ക്കെയായിരുന്നു ആക്രമണം. കല്ലുകളും വടികളുമായാണ് എ.ബി.വി.പിക്കാര്‍ ക്യാംപസില്‍ ആക്രമണമഴിച്ചുവിട്ടത്. ഇതിന്റെ വീഡിയോകള്‍ പുറത്തുവന്നിരുന്നു.

 

 

 

Related Articles