Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലിന്റെ ഗള്‍ഫിലെ ആദ്യ എംബസി യു.എ.ഇയില്‍ തുറന്നു

അബൂദബി: ഗള്‍ഫ് രാജ്യത്തെ ആദ്യ ഇസ്രായേല്‍ എംബസി യു.എ.ഇയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ചൊവ്വാഴ്ച ഇസ്രായേല്‍ വിദേശകാര്യ മന്ത്രി യെയ്ര്‍ ലാപിഡ് ആണ് യു.എ.ഇ പര്യടനത്തിനിടെ അബൂദബിയില്‍ എംബസിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. യു.എ.ഇ സാംസ്‌കാരിക മന്ത്രി നൗറ അല്‍ കഅബിയും ചടങ്ങില്‍ പങ്കാളിയായി. ഇതിന്റെ ചിത്രങ്ങള്‍ ലാപിഡ് ട്വിറ്റര്‍ വഴി പുറത്തുവിട്ടു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ യു.എ.ഇ.യും ഇസ്രായേലും തമ്മില്‍ സാധാരണവത്കരണ കരാറില്‍ ഒപ്പിട്ടതിനു ശേഷമുള്ള ഇസ്രായേല്‍ വിദേശകാര്യ മന്ത്രിയുടെ ആദ്യ യു.എ.ഇ പര്യടനമാണിത്. കരാര്‍ പ്രകാരം യു.എ.ഇയില്‍ എംബസി തുറക്കുമെന്ന് ഇസ്രായേല്‍ അറിയിച്ചിരുന്നു.

‘ഇത് ഒരു ചരിത്ര നിമിഷമാണ്, ചരിത്രം മനുഷ്യര്‍ എഴുതിയതാണെന്ന ഓര്‍മ്മപ്പെടുത്തലാണിത്.’ ഇത് ചരിത്രം അറിയുന്ന ആളുകളാണ് എഴുതിയത്, എന്നാല്‍, അവര്‍ അത് മാറ്റാന്‍ തയ്യാറുള്ളവരാണ്. ഭൂതകാലത്തേക്കാള്‍ ഭാവിയെ ഇഷ്ടപ്പെടുന്ന ആളുകളാണ് ഇത് എഴുതിയത്.

കരാറില്‍ നേതാക്കളാണ് ഒപ്പിട്ടതെങ്കിലും സമാധാനം ജനങ്ങള്‍ക്കിടയിലാണ് സ്ഥാപിക്കുന്നത്. ഇന്ന് നമ്മള്‍ ഒപ്പിടുന്നത് പ്രക്രിയയുടെ അവസാനമല്ല, മറിച്ച്, ഒരു തുടക്കം മാത്രമാണ്. ഇസ്രായേല്‍ അതിന്റെ എല്ലാ അയല്‍വാസികളോടും സമാധാനം ആഗ്രഹിക്കുന്നു.
ഞങ്ങള്‍ എവിടേക്കും പോകുന്നില്ല. പശ്ചിമേഷ്യ ഞങ്ങളുടെ വീടാണ്. ഞങ്ങള്‍ ഇവിടെ താമസിക്കുന്നു, ഇത് തിരിച്ചറിയാനും മേഖലയിലെ എല്ലാ രാജ്യങ്ങളോടും ഞങ്ങള്‍ ആഹ്വാനം ചെയ്യുന്നു’- ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവെ ലാപിഡ് പറഞ്ഞു.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനിടെ ബുധനാഴ്ച ലാപ്പിഡ് ദുബൈയിലെ ഇസ്രായേല്‍ കോണ്‍സുലേറ്റും ഉദ്ഘാടനം ചെയ്യും. യു എ ഇക്ക് പുറമെ ബഹ്റൈന്‍, സുഡാന്‍, മൊറോക്കോ എന്നിവര്‍ ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാന്‍ കഴിഞ്ഞ വര്‍ഷമാണ് ട്രംപിന്റെ നേതൃത്വത്തിലുള്ള അബ്രഹാം ഉടമ്പടിയിലൊപ്പിട്ടത്.

Related Articles