Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ ഗ്രാമം 179 തവണ തകര്‍ത്തിട്ടും അരിശം തീരാതെ ഇസ്രായേല്‍

ഗസ്സ സിറ്റി: ഫലസ്തീന്‍ ഗ്രാമങ്ങളില്‍ കൈയേറ്റം നടത്തി അവിടുത്തെ കെട്ടിടങ്ങളും വീടുകളും തകര്‍ത്തിട്ടും തകര്‍ത്തിട്ടും മതിവരാതെ ഇസ്രായേല്‍. നഖബ് മരുഭൂമിക്ക് സമീപമുള്ള അല്‍ അറാഖിബിലെ ബിദോയ് ഗ്രാമം 179ാമത്തെ തവണയാണ് ഇസ്രായേല്‍ അധികൃതര്‍ തകര്‍ക്കുന്നത്. 2000നു ശേഷം തുടര്‍ച്ചയായി ഈ ഫലസ്തീന്‍ ഗ്രാമത്തില്‍ ഇസ്രായേല്‍ ബുള്‍ഡോസറുകള്‍ കയറി നിരങ്ങുകയാണ്. ഫലസ്തീനികള്‍ പുതുതായി നിര്‍മിക്കുന്ന വീടുകളും കെട്ടിടങ്ങളുമെല്ലാം ഇടിച്ചുനിരപ്പാക്കുകയാണ് ചെയ്യുന്നത്. ഏറ്റവും ഒടുവില്‍ 22 കുടുംബങ്ങള്‍ താമസിക്കുന്ന അല്‍ അറാഖിബ് ഗ്രാമത്തിലാണ് കഴിഞ്ഞ ദിവസം ഇസ്രായേല്‍ കൈയേറ്റം നടത്തിയത്. കോവിഡ് ആരംഭിച്ചതിനു ശേഷം ഇത് നാലാം തവണയാണ് ഈ ഗ്രാമങ്ങളില്‍ ഇസ്രായേല്‍ അധിനിവേശം നടത്തുന്നത്.

ഈ ഗ്രാമസത്തില്‍ വീടുകള്‍ നിരപ്പാക്കുന്നതിനെതിരെ പ്രതിഷേധിച്ച സഈദ് എന്ന ചെറുപ്പക്കാരനെ ഇസ്രായേല്‍ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് അഭിഭാഷകരുടെ ഇടപെടലിനെത്തുടര്‍ന്ന് വിട്ടയക്കുകയായിരുന്നുവെന്നും പിതാവ് അസീസ് അല്‍ തൂരി പറഞ്ഞു. ‘ഞങ്ങള്‍ ഞങ്ങളുടെ ഗ്രാമം പുനര്‍നിര്‍മിക്കും അവര്‍ വീണ്ടും തകര്‍ക്കും’ ഇതാണ് ഇവിടെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്നും വേദനയോടെ അല്‍ തൂരി പറയുന്നു.

ഇസ്രായേല്‍ ഫലസ്തീന്‍ ഗ്രാമങ്ങളെ ലക്ഷ്യമിടുന്നുവെന്നും അടിസ്ഥാന സേവനങ്ങള്‍ തടസ്സപ്പെടുത്തി ഇവിടങ്ങളിലെ താമസക്കാരെ നാടുകടത്താനുള്ള ശ്രമമാണ് നടത്തുന്നതെന്നും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ നേരത്തെ തന്നെ ആരോപണം ഉന്നയിച്ചിരുന്നു.

 

Related Articles