Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം സംഘടനകളുടെ സ്ഥിരം കോഓഡിനേഷന്‍ കമ്മിറ്റി ആവശ്യമില്ലെന്ന് സമസ്ത

കോഴിക്കോട്: വിവിധ മുസ്ലിം സംഘടനകളുടെ സ്ഥിരം കോഓഡിനേഷന്‍ കമ്മിറ്റിയുടെ ആവശ്യമില്ലെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ. വഖഫ് പ്രശ്നത്തില്‍ സമസ്ത അധ്യക്ഷന്‍ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ സ്വീകരിച്ച നിലപാടിന് തുടര്‍ച്ചയായാണ് സ്ഥിരം ഏകോപന സമിതി ആവശ്യമില്ലെന്ന തീരുമാനം അറിയിച്ചത്.

കഴിഞ്ഞമാസം എട്ടിനു ചേര്‍ന്ന സമസ്ത കേന്ദ്ര മുശാവറയുടെയും തുടര്‍ന്ന് ചേര്‍ന്ന സമസ്ത ഏകോപന സമിതിയുടെയും തീരുമാനമായാണ് കീഴ്ഘടകങ്ങള്‍ക്ക് സമസ്ത നേതൃത്വത്തിന്റെ നിര്‍ദേശം. കോഓഡിനേഷന്‍ കമ്മിറ്റിയുടെ ആവശ്യമില്ലെന്ന് വിലയിരുത്തിയ നേതൃത്വം അടിയന്തര ഘട്ടങ്ങളില്‍ പാണക്കാട് തങ്ങള്‍ വിളിക്കുന്ന യോഗത്തില്‍ മാത്രം പങ്കെടുത്താല്‍ മതിയെന്നും തീരുമാനിച്ചു. ഇത്തരം യോഗങ്ങളില്‍ സമസ്ത പ്രതിനിധികളായി ആരൊക്കെ പങ്കെടുക്കണമെന്നത് നേതാക്കള്‍ നിശ്ചയിക്കുമെന്നും സമസ്ത ജന. സെക്രട്ടറി വ്യക്തമാക്കി.

വഖഫ് പ്രശ്നത്തില്‍ പാണക്കാട് സാദിഖലി തങ്ങള്‍ മുന്‍കൈയെടുത്താണ് മുസ്ലിം സംഘടന കളുടെ ഏകോപന സമിതി യോഗം വിളിച്ചത്. ഇതുസംബന്ധിച്ച ആദ്യ യോഗത്തില്‍ വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധിക്കാന്‍ തീരുമാനമെടുത്തു. പ്രതിഷേധം എങ്ങനെയാവണമെന്ന് തീരുമാനിക്കാന്‍ കോര്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും പിന്നീട് ചേര്‍ന്ന യോഗത്തില്‍ തീരുമാനം പ്രഖ്യാപിക്കുകയും ചെയ്തു. സമസ്ത പ്രതിനിധികള്‍ കൂടി പങ്കെടുത്ത യോഗ തീരുമാനത്തില്‍നിന്ന് സംഘടന പിന്മാറുന്നതായി പിന്നീട് പ്രസിഡന്റ് ജിഫ്രി തങ്ങള്‍ പ്രഖ്യാപിച്ചു. ഇത് സമസ്തയില്‍തന്നെ പ്രതിഷേധവും ഭിന്നാഭിപ്രായവും രൂപപ്പെടുത്തിയ പശ്ചാത്തലത്തിലാണ് മുശാവറയുടെ പുതിയ തീരുമാനം.

പരേതനായ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ കാലത്താണ് സമുദായത്തെ ബാധിക്കുന്ന പൊതുവിഷയങ്ങളില്‍ സംഘടനകളുടെ കൂട്ടായ്മ രൂപപ്പെടുത്തിയത്. ആശയപരമായ ഭിന്നതക്കിടയിലും പാണക്കാട് തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന യോഗമെന്ന നിലയിലാണ് വിവിധ സംഘടനകള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നത്. പിന്നീട് ഹൈദരലി തങ്ങളും ഈ പാത പിന്തുടര്‍ന്നു. ആരോഗ്യ പ്രശ്നങ്ങള്‍ കാരണം ഹൈദരലി തങ്ങളുടെ അഭാവത്തില്‍ സാദിഖലി തങ്ങളാണ് വഖഫ് വിഷയത്തില്‍ സംഘടനകളുടെ ഏകോപന സമിതി യോഗം വിളിച്ചിരുന്നത്.

Related Articles