Current Date

Search
Close this search box.
Search
Close this search box.

പാകിസ്താനില്‍ അഡ്മിഷന്‍ എടുക്കരുതെന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് യു.ജി.സി

ന്യൂഡല്‍ഹി: പാകിസ്താനിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും അഡ്മിഷന്‍ എടുക്കരുതെന്ന് ഇന്ത്യയിലെ വിദ്യാര്‍ത്ഥികള്‍ക്ക് യു.ജി.സിയുടെയും(University Grants Commission) എ.ഐ.സി.ടി.ഇ (All India Council for Technical Education)യുടെയും നിര്‍ദേശം. വെള്ളിയാഴ്ച ഇരു വിഭാഗവും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.

പാക്കിസ്ഥാനിലെ ഡിഗ്രി കോളേജുകളില്‍ ചേര്‍ന്നിട്ടുള്ളവര്‍ക്ക് അയല്‍രാജ്യത്ത് നേടിയ ബിരുദങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ ജോലി ചെയ്യാനോ ഉന്നത വിദ്യാഭ്യാസം നേടാനോ അര്‍ഹതയില്ലെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്.

‘പാകിസ്ഥാനിലെ ഏതെങ്കിലും കോളേജിലോ വിദ്യാഭ്യാസ സ്ഥാപനത്തിലോ പ്രവേശനം നേടാന്‍ ഉദ്ദേശിക്കുന്ന ഏതൊരു ഇന്ത്യന്‍ പൗരനും അല്ലെങ്കില്‍ ഇന്ത്യയിലെ ഒരു വിദേശ പൗരനും പാക്കിസ്ഥാനില്‍ നേടിയ അത്തരം വിദ്യാഭ്യാസ യോഗ്യതകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ ജോലിയോ ഉപരിപഠനമോ തേടുന്നതിന് യോഗ്യനല്ല’ പ്രസ്താവനയില്‍ പറയുന്നു.

2021 ജൂലൈ 22 ന് വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, വിദേശത്ത് പഠിക്കുന്ന മൊത്തം 11,33,749 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 230 പേരും പാകിസ്ഥാനിലാണ്. ഇന്ത്യന്‍ പൗരത്വം നേടിയ കുടിയേറ്റക്കാര്‍ക്കും അവരുടെ കുട്ടികള്‍ക്കും യു ജി സിയും എ ഐ സി ടി ഇയും ഇളവുകള്‍ നല്‍കിയിട്ടുണ്ട്.

പാകിസ്ഥാനില്‍ ഉന്നത വിദ്യാഭ്യാസ ബിരുദം നേടുകയും ഇന്ത്യ പൗരത്വം നല്‍കുകയും ചെയ്ത കുടിയേറ്റക്കാര്‍ക്കും അവരുടെ കുട്ടികള്‍ക്കും എം എച്ച് എയുടെ (ആഭ്യന്തര മന്ത്രാലയത്തിന്റെ) സുരക്ഷാ ക്ലിയറന്‍സ് ലഭിച്ചതിന് ശേഷം ഇന്ത്യയില്‍ ജോലി തേടുന്നതിന് യോഗ്യരാണെന്നും പ്രസ്താവനയില്‍ പറയുന്നു.

 

Related Articles