Current Date

Search
Close this search box.
Search
Close this search box.

സയ്യിദ് ജലാലുദ്ദീൻ ഉമരി അന്തരിച്ചു

ന്യൂഡൽഹി: പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും ജമാഅത്തെ ഇസ്‌ലാമി മുൻ അഖിലേന്ത്യാ അമീറുമായ സയ്യിദ് ജലാലുദ്ദീൻ ഉമരി(87) അന്തരിച്ചു. ഡൽഹിയിൽ സ്വകാര്യ ആശുപത്രിയിൽ വൈകീട്ട് 8.30നാണ് അന്ത്യം.

നിരവധി ഗ്രന്ഥങ്ങളുടെ കർത്താവായ ജലാലുദ്ദീൻ ഉമരി 2007 മുതൽ 2019 വരെ നീണ്ട കാലം ജമാഅത്ത് അഖിലേന്ത്യാ അമീറായിരുന്നു. ആൾ ഇന്ത്യാ മുസ്‍ലിം പേഴ്‌സണൽ ലോ ബോർഡ് സ്ഥാപകാംഗവുമാണ്. ബോർഡിൻറെ വൈസ് ചെയർമാനായും പ്രവർത്തിച്ചു.

1935ൽ തമിഴ്‌നാട്ടിലെ പുത്തഗ്രാം ഗ്രാമത്തിലാണ് ജനനം. തമിഴ്‌നാട്ടിലെ പ്രസിദ്ധ ഇസ്‍ലാമിക കലാലയമായ ഉമറാബാദ് ജാമിഅ ദാറുസ്സലാമിൽനിന്ന് മതപഠനം പൂർത്തിയാക്കി. മദ്രാസ് സർവകലാശാലയിൽനിന്ന് ബിരുദവും അലിഗഢ് മുസ്‌ലിം സർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.

1954 മുതൽ ജമാഅത്തെ ഇസ്‌ലാമിയിൽ പ്രവർത്തിക്കുന്ന ജലാലുദ്ദീൻ ഉമരി 1956ൽ സംഘടനാഗത്വം നേടി. സാഹിത്യകാരനും ഗവേഷണ തൽപരനുമായിരുന്ന ഉമരിസാഹിബ്. ജമാഅത്തെ ഇസ്‌ലാമി അത്തരം മേഖലകളെ പ്രത്യേകം ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന സംഘടനയാണെന്ന ബോധ്യത്തിലായിരുന്നു ജമാഅത്തുമായി ബന്ധപ്പെട്ടത്. അലിഗഢിൽ പ്രാദേശിക അമീറായി പത്ത് വർഷവും സിന്ദഗി നൗ പത്രത്തിന്റെ എഡിറ്ററായി 5 വർഷവും സേവനമനുഷ്ടിച്ചു. അലിഗഢിലെ ഇദാറെ തഹ്ഖീഖ് ഓ തൻസീഫെ ഇസ്‌ലാമിയുടെ പ്രസിഡന്റായിരുന്നു.

അലിഗഢിലെ ഇദാറെ തഹ്ഖീഖ് ഓ തൻസീഫേ ഇസ്‌ലാമി ചെയർമാൻ. 25 വർഷമായി തഹ്ഖീഖാതെ ഇസ്‌ലാമി എന്ന ഉറുദുമാസികയുടെ പത്രാധിപരാണ്. അസംഗഢിലെ ജാമിഅത്തുൽ ഫലാഹിലെ ചാൻസ്‌ലറും അലിഗഢിലെ സിറാജുൽ ഉലും നിസ്വാൻ കോളേജിന്റെ മാനേജിങ് ഡയറക്ടറുമാണ്. ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര പ്രതിനിധി സഭാംഗം, അന്ധ്രാപ്രദേശിലെ വാറങ്കൽ ജാമിഅത്തു സ്സുഫ്ഫയുടെ ചാൻസ്‌ലർ, കേരളത്തിലെ ഇസ്‌ലാമിക് സർവീസ് ട്രസ്റ്റ് ചെയർമാൻ എന്നീ പദവികൾ വഹിച്ചുവരികയായിരുന്നു.

ഉറുദു ഭാഷയിൽ ഒട്ടേറം ഗവേഷണാധിഷ്ടിത ഗ്രന്ഥങ്ങളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്. ഇംഗ്ലീഷ്, ഹിന്ദി, തുർക്കി എന്നീ ഭാഷകളിലേക്കും ഇതര ഇന്ത്യൻ ഭാഷകളിലേക്കും ഗ്രന്ഥങ്ങൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഉറുദുവിൽ ഇതിനകം 33 ഗ്രന്ഥങ്ങളും ഇതര ഭാഷകളിൽ ഇരുപതോളം ഗ്രന്ഥങ്ങളും പുറത്തിറങ്ങി. കുഞ്ഞുങ്ങളും ഇസ്‌ലാമും , ജനസേവനം, രോഗവും ആരോഗ്യവും എന്നിവ മലയാളത്തിൽ വിവർത്തനം ചെയ്യപ്പെട്ട കൃതികളാണ്.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles