Current Date

Search
Close this search box.
Search
Close this search box.

ഇന്ത്യയില്‍ നിന്ന് ഹജ്ജിന് പോകുന്നവര്‍ ഹിന്ദുക്കള്‍, പാകിസ്താന്‍ ഇന്ത്യയില്‍ ലയിക്കും: യോഗി ആതിഥ്യനാഥ്

ലഖ്‌നൗ: ഇന്ത്യ ഹിന്ദുരാഷ്ട്രമാണെന്നും അഖണ്ഡ ഭാരതം ഉടന്‍ തന്നെ യാഥാര്‍ത്ഥ്യമാകുമെന്നും യു.പി മുഖ്യമന്ത്രി യോഗി ആതിഥ്യനാഥ്. ഹിന്ദു എന്നത് മതമല്ല, ഓരോ പൗരന്റെയും സാംസ്‌കാരിക പൗരത്വമാണ് ഹിന്ദുത്വയെന്നും അദ്ദേഹം പറഞ്ഞു. എ.ബി.പി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

ഹിന്ദു സ്വത്വം ഓരോ ഇന്ത്യക്കാരന്റെയും സാംസ്‌കാരിക പൗരത്വമാണ്. ഹിന്ദു എന്നത് ഒരു മതമോ മത വിഭാഗമോ അല്ല. ഇതൊരു സാംസ്‌കാരിക പദമാണ്. ഇന്ത്യയില്‍ നിന്നും ഹജ്ജ് ചെയ്യാനായി പോകുന്നവര്‍ അവിടെ ഹിന്ദു ആയിട്ടാണ് അറിയപ്പെടുന്നത്. അവിടെ ആരും അവനെ ഹാജിയായി കാണുന്നില്ല, അവന്‍ അവിടെ ഹിന്ദുവിന്റെ പേരിലാണ് അറിയപ്പെടുക. അങ്ങിനെ നോക്കുമ്പോള്‍ ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണ്. കാരണം ഇന്ത്യയിലെ എല്ലാ പൗരന്മാരും ഹിന്ദുവാണ്. ഹിന്ദു എന്നതിനെ മതമായോ വിശ്വാസമായോ ബന്ധപ്പെടുത്തി പറയുമ്പോള്‍ ഹിന്ദുവിനെ മനസ്സിലാക്കുമ്പോള്‍ നമ്മള്‍ തെറ്റ് വരുത്തുകയാണ്- യോഗി പറഞ്ഞു.

അഖണ്ഡ ഭാരതം വരും കാലങ്ങളില്‍ യാഥാര്‍ത്ഥ്യമാകും. എത്രയും വേഗം ഇന്ത്യയില്‍ ലയിക്കുകയെന്നതാണ് പാകിസ്താന്റെ താല്‍പര്യം. ആത്മീയ ലോകത്ത് പാകിസ്താന്‍ എന്ന ഒന്നില്ല, അതിനാല്‍ അത് ഇത്രയും കാലം നിലനിന്നത് തന്നെ അവരുടെ ഭാഗ്യമാണെന്നും യോഗി കൂട്ടിച്ചേര്‍ത്തു. ഹിന്ദുവിനെ മതം, വിശ്വാസം, വിഭാഗങ്ങള്‍ എന്നിവയുമായി ബന്ധപ്പെടുത്തുകയാണെങ്കില്‍, ഹിന്ദുവിനെ മനസ്സിലാക്കുന്നതില്‍ നമുക്ക് തെറ്റ് സംഭവിക്കുന്നു. നമ്മുടെ വഴികാട്ടിയായ ഭരണഘടനയോട് ഓരോ ഇന്ത്യക്കാരനും ഉയര്‍ന്ന ബഹുമാനം ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Related Articles