Current Date

Search
Close this search box.
Search
Close this search box.

ഗാസിയാബാദില്‍ ബുള്‍ഡോസറുകളുമായി പൊലിസിന്റെ റൂട്ട് മാര്‍ച്ച്

ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ബുള്‍ഡോസറുകളുമായി പൊലിസിന്റെ റൂട്ട് മാര്‍ച്ച്. വെള്ളിയാഴ്ച പ്രതിഷേധ പരിപാടികള്‍ ഉണ്ടാകുമെന്ന ധാരണയിലാണ് വ്യാഴാഴ്ച വൈകുന്നേരം യു.പി പൊലിസ് റൂട്ട് മാര്‍ച്ച് നടത്തിയത്. പതിവിനു വിപരീതമായി പൊലിസ് റൂട്ട് മാര്‍ച്ചില്‍ ബുള്‍ഡോസറും ഉപയോഗിച്ചിരിക്കുകയാണ്.

പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിക്കുന്നവരെ ബുള്‍ഡോസറുകള്‍ ഉപയോഗിച്ചാണ് നേരിടുക എന്ന വ്യക്തമായ സന്ദേശമാണ് ഈ റൂട്ട് മാര്‍ച്ചിലൂടെ പൊലിസ് ഉദ്ദേശിക്കുന്നതെന്ന് ആരോപണമുണ്ട്. സംഭവത്തിനെതിരെ നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത്വന്നിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് നബി നിന്ദക്കെതിരെ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ജാവേദ് അഹ്‌മദ് അടക്കമുള്ളവരുടെ വീടുകള്‍ യു.പി പൊലിസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത്.

സംഘര്‍ഷസാധ്യതയുള്ള സ്ഥലങ്ങളിലാണ് റൂട്ട് മാര്‍ച്ച് നടത്തിയത്. മേഖലയില്‍ കര്‍ശന നിരീക്ഷണം നടത്താന്‍ പോലീസ് ഡ്രോണുകളും ഉപയോഗിക്കുന്നുണ്ട്. പ്രയാഗ്രാജിലെ ഉപയോക്താക്കളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് പരിശോധിക്കാന്‍ 72 പോലീസുകാരെ ചുമതലപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധേയമാണ്.

സോഷ്യല്‍ മീഡിയയില്‍ ‘ആക്ഷേപകരമായ’ ഒന്നും ഷെയര്‍ ചെയ്യരുതെന്ന് പ്രദേശവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും പൊലീസ് കര്‍ശന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ പോലീസ് കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലിസ് അറിയിച്ചു.

പൊളിക്കലിനെതിരെ പ്രതിഷേധം കനത്തതോടെ, സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഗാസിയാബാദില്‍ ഓഗസ്റ്റ് പത്തു വരെ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. റാഞ്ചിലും, ഹൗറയിലും കര്‍ഫ്യൂ തുടരുകയാണ്.

Related Articles