Current Date

Search
Close this search box.
Search
Close this search box.

കര്‍ണാടകയില്‍ ഹലാല്‍ ഉത്പന്നങ്ങള്‍ക്കെതിരെ വീടുവീടാന്തരം പ്രചാരണം

ബംഗളൂരു: കര്‍ണാടകയില്‍ ഹലാല്‍ ഉത്പന്നങ്ങള്‍ക്കെതിരെ വീടുവീടാന്തരം കയറിയിറങ്ങിയുള്ള പ്രചാരണവുമായി സംഘ്പരിവാര്‍. ദീപാവലി ആഘോഷങ്ങളുടെ മുന്നോടിയായി ഹലാല്‍ മുദ്ര രേഖപ്പെടുത്തിയ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്നാണ് ഇവര്‍ ആഹ്വാനം ചെയ്യുന്നത്.

തീവ്ര ഹിന്ദുത്വ സംഘടനകളായ ഹിന്ദു ജന ജാഗ്രത സമിതി, ശ്രീരാമ സേന, രാഷ്ട്രീയ സംരക്ഷണ പദേ, വിശ്വഹിന്ദു സനാതന പരിഷത്ത് എന്നീ സംഘടനകളാണ് വ്യാഴാഴ്ച വീടുവീടാന്തരം കയറിയുള്ള പ്രചാരണം ആരംഭിച്ചത്.

ഹലാല്‍ ഉല്‍പ്പന്നങ്ങള്‍ക്കെതിരായ സംഘടനയില്‍ ചേരാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഹിന്ദു പ്രവര്‍ത്തകര്‍ ‘ഹലാല്‍ ജിഹാദ്’ എന്ന പേരിലുള്ള കൈപ്പുസ്തകം വിതരണം ചെയ്യാനും പദ്ധതിയിട്ടിണ്ടെന്നും ഐ.എ.എന്‍.എസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ബംഗളൂരുവിലെ ജയനഗര്‍, ബസവനഗുഡി നിയമസഭാ മണ്ഡലങ്ങളിലാണ് പ്രചാരണം നടക്കുന്നത്.

കോണ്‍ഗ്രസ് എംഎല്‍എ സൗമ്യ റെഡ്ഡിയുടെ ജയനഗര്‍ നിയമസഭാ മണ്ഡലത്തിലും ബിജെപി എംഎല്‍എ രവിസുബ്രഹ്‌മണ്യ പ്രതിനിധീകരിക്കുന്ന ബസവനഗുഡി മണ്ഡലത്തിലുമാണ് പ്രചാരണങ്ങള്‍ നടക്കുന്നത്. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നാണ് പൊലിസ് അറയിച്ചത്.

ഹിന്ദുത്വ പ്രവര്‍ത്തകര്‍ തങ്ങളുടെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ മൈക്കുകളും ഉച്ചഭാഷിണികളും ഘടിപ്പിച്ച ഓട്ടോറിക്ഷകള്‍ ഉപയോഗിക്കാന്‍ പദ്ധതിയിടുന്നുണ്ടെന്നും ഹോട്ടല്‍ ഉടമകള്‍, വ്യവസായികള്‍, കട ഉടമകള്‍, കാര്‍ഷിക ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നവര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്താനും അവരോട് ഹലാല്‍ സര്‍ട്ടിഫിക്കറ്റ് ചെയ്യരുതെന്ന് ആവശ്യപ്പെടാനും പദ്ധതിയിടുന്നുണ്ട്.

Related Articles