Current Date

Search
Close this search box.
Search
Close this search box.

ഹിജാബ് വിലക്ക്: പ്രതിഷേധവുമായി മുസ്‌ലിം സംഘടനകള്‍

കോഴിക്കോട്: കര്‍ണാടകയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്ലിം വിദ്യാര്‍ത്ഥിനികളുടെ ഹിജാബ് വിലക്കിയ ഹൈക്കോടതി നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു. ഹൈക്കോടതിയുടെ നിലപാടിനെതിരെ വിവിധ മുസ്ലിം സംഘടനകളും നേതാക്കളും രംഗത്തെത്തി. ഇസ്ലാമിക നിയമങ്ങളും ശരീഅത്തുകളും കോടതികള്‍ വിധിക്കുന്നതിനെതിരെ ശക്തമായി അപലപിച്ചും എതിര്‍പ്പറിയിച്ചുമാണ് വിവിധ നേതാക്കള്‍ രംഗത്തെത്തിയത്.

മുസ്ലിം ലീഗ്

കര്‍ണാടക ഹൈക്കോടതി വിധി ദൗര്‍ഭാഗ്യകരമാണെന്നും വസ്ത്ര സ്വാതന്ത്ര്യത്തിലേക്ക് കടന്നു കയറുന്നതാണെന്നും മുസ്ലിം ലീഗ് ജനറല്‍സെക്രട്ടറി പി.എം.എ സലാം. എങ്കിലും നീതിന്യായ വ്യവസ്ഥയില്‍ ജനങ്ങള്‍ക്ക് ഇപ്പോഴും വിശ്വാസമുണ്ടെന്നും ഹിജാബ് വിധിക്കെതിരെ നിയമ സാധ്യതകള്‍ തേടുമെന്നും അദ്ദേഹം പറഞ്ഞു. ഹിജാബ് മുസ്ലിം പെണ്‍കുട്ടിയുടെ അവകാശമാണെന്ന് മുന്‍ ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു. ഏതെങ്കിലും മതത്തിന്റെ ആചാരവും അനുഷ്ഠാനവും എന്തായിരിക്കണമെന്ന് തീരുമാനിക്കേണ്ടത് കോടതിയല്ലെന്നും അതാത് മതാചാര്യന്മാരാണെന്നും അദ്ദേഹം പറഞ്ഞു.

കന്യാസ്ത്രീകളുടെ ശിരോവസ്ത്രവും സിക്കുകാരുടെ തലപ്പാവും ഭരണഘടനയുടെ 25-ാം അനുച്ഛേദം അനുസരിച്ചുള്ള അവകാശമാണെന്നും അതേ അവകാശം ഹിജാബിനുമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമൂഹത്തെ ദോഷകരമായി ബാധിക്കാത്ത ഹിജാബ് നിരോധിക്കണമെന്ന വിധി ഒരുതരത്തിലും വിശ്വാസികള്‍ക്ക് ഉള്‍ക്കൊള്ളാനാവില്ലെന്നും പറഞ്ഞു. ഒരു ജനസമൂഹത്തെ ഒന്നാകെ പൊതുധാരയില്‍നിന്ന് അകറ്റാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഇത്തരം വിവാദങ്ങള്‍. രാജ്യത്തിന്റെ ബഹുസ്വരതയും മതേതരത്വവും നിലനിര്‍ത്തണമെന്ന ആഗ്രഹിക്കുന്നവരെല്ലാം ഇതിനെതിരെ ശക്തമായി രംഗത്തുവരണം- കെപിഎ മജീദ് പറഞ്ഞു.

കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍

ഹിജാബ് നിരോധനം ശരിവെച്ചുള്ള കര്‍ണാടക ഹൈക്കോടതിയുടെ വിധി വിശ്വാസിയുടെ മൗലികാവകാശങ്ങളെ ഹനിക്കുന്നതാണെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. ഇസ്ലാമില്‍ ഹിജാബ് അനിവാര്യമല്ലെന്ന പരാമര്‍ശം ഇസ്ലാമിക പ്രമാണവിരുദ്ധമാണെന്നും കാരന്തൂര്‍ മര്‍കസില്‍ നടന്ന ഇമാം കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു സംസാരിക്കവേ അദ്ദേഹം പറഞ്ഞു. മേല്‍ക്കോടതിയില്‍ നിന്ന് നീതിപൂര്‍വമായ ഒരു വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹിജാബ് നിര്‍ബന്ധമാണെന്നതില്‍ മുസ്ലിം ലോകത്ത് ഇന്നോളം ഒരു എതിരഭിപ്രായവും തര്‍ക്കവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കെ.എന്‍.എം (മര്‍കസുദ്ദഅ്‌വ)

ഇസ്ലാമിക പ്രമാണങ്ങള്‍ പ്രകാരം മുസ്ലിം സ്്ത്രീകള്‍ക്ക് ശിരോവസ്ത്രം നിര്‍ബന്ധമാണെന്നിരിക്കെ ഹിജാബ് മതപരമായി നിര്‍ബന്ധമല്ലെന്ന കര്‍ണാടക ഹൈക്കോടതി തീര്‍പ്പ് അംഗീകരിക്കാവതല്ലെന്ന് കെ.എന്‍.എം (മര്‍കസുദ്ദഅ്‌വ) വിഭാഗം പറഞ്ഞു. ശിരോവസ്ത്രം മൗലികാവകാശമല്ലെന്ന കോടതി വിധി ഭരണഘടന വിരുദ്ധമാണെന്നും കെ.എന്‍.എം പറഞ്ഞു.

എം ഐ അബ്ദുല്‍ അസീസ്

കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച സര്‍ക്കാര്‍ നിലപാട് അംഗീകരിച്ചുകൊണ്ടുള്ള കര്‍ണാടക ഹൈക്കോടതി വിധി ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളെയാണ് ചോദ്യം ചെയ്യുന്നതെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം ഐ അബ്ദുല്‍ അസീസ് അഭിപ്രായപ്പെട്ടു. കോടതിയുടെ വിധി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ നിഷേധമാണ് കോടതിവിധിയിലൂടെ സംഭവിച്ചിരിക്കുന്നത്. ഹിജാബ് ഇസ്‌ലാമിലെ അനിവാര്യമായ ആചാരമല്ലെന്ന സര്‍ക്കാര്‍ നിലപാടിനെ ശരിവെക്കുന്നതിലൂടെ മൗലികാവകാശത്തെയും വിശ്വാസ സ്വാതന്ത്ര്യത്തെയുമാണ് ഭരണഘടനയുടെ സംരക്ഷകരായ കോടതി റദ്ദ് ചെയ്തിരിക്കുന്നത്. പൗരന്റെ അവകാശത്തിന് മേല്‍ ഭരണകൂടം കൈവെക്കുമ്പോള്‍ പൗരന്റെ സംരക്ഷണം ഉറപ്പുവരുത്തേണ്ടവരാണ് കോടതികള്‍. ഇത്തരം വിധികള്‍ നീതിവ്യവസ്ഥക്ക് മേലുള്ള ജനങ്ങളുടെ വിശ്വാസം അസ്ഥിരപ്പെടുത്തുമെന്നും രാജ്യത്തിന്റെ ഭാവിയെ ഗുരുതരമായി ബാധിക്കുമെന്നും അബ്ദുല്‍ അസീസ് പറഞ്ഞു. രാജ്യത്തിന്റെ ജനാധിപത്യ, ബഹുസ്വര മൂല്യങ്ങള്‍ക്ക് വേണ്ടി പൗരസമൂഹം രംഗത്തിറങ്ങേണ്ടതുണ്ടെന്നും അമീര്‍ ഓര്‍മിപ്പിച്ചു.

നാസര്‍ ഫൈസി കൂടത്തായി

കര്‍ണാടക കോടതി വിധി ആശങ്കപ്പെടുത്തുന്നതാണെന്നും വ്യക്തികളും ചോയ്‌സിന് പ്രാധാന്യം നല്‍കണമെന്നും സമസ്ത മുഷാവറ അംഗം നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു.

വെല്‍ഫെയര്‍ പാര്‍ട്ടി

ഹിന്ദു രാഷ്ട്ര നിര്‍മ്മിതിയുടെ ഭാഗമായി ആര്‍.എസ്എ.സ് സര്‍ക്കാര്‍ മുസ്ലിം സമൂഹത്തിന്റെ മൗലികാവകാശമായ ഹിജാബിനെതിരെ പുറപ്പെടുവിച്ച വംശീയ ഉത്തരവ് ശരിവെച്ച കര്‍ണ്ണാടക ഹൈക്കോടതിയുടെ വിധി പൗരാവകാശം റദ്ദ് ചെയ്യുന്നതിന് തുല്യമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. ഭരണഘടനാദത്തമായ അവകാശം മുസ്ലിം വിദ്യാര്‍ഥിനികള്‍ക്ക് മാത്രം വിലക്കുന്നത് പ്രകടമായ ആര്‍.എസ്എ.സ് പദ്ധതിയാണ്. ഇത്തരം ഉത്തരവുകള്‍ക്ക് നിയമ സാധുത നല്‍കുന്നതിലൂടെ ഭരണഘടനയെ നോക്കു കുത്തിയാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ‘കോടതികള്‍ അവയുടെ മൗലിക ധര്‍മം വിസ്മരിച്ച് വംശീയ പദ്ധതികള്‍ക്ക് വഴിയൊരുക്കുന്നത് രാജ്യം അതീവ ജാഗ്രതയോടെ കാണേണ്ട സമയമായിരിക്കുന്നു. നീതി നിഷേധം ആവര്‍ത്തിച്ചുറപ്പിക്കുകയാണ് ഇത്തരം വിധികള്‍ ചെയ്യുന്നത്. ഭരണഘടന ഉറപ്പ് നല്‍കിയ മതസ്വാതന്ത്ര്യം ലംഘിച്ചാണ് കര്‍ണ്ണാടക സര്‍ക്കാര്‍ നിരോധനം നടപ്പാക്കിയത്’-ഹമീദ് വാണിയമ്പലം പറഞ്ഞു.

പോപുലര്‍ ഫ്രണ്ട്

ശിരോവസ്ത്രം മൗലികാവകാശമായി പ്രഖ്യാപിക്കണമെന്നും ക്ലാസില്‍ ശിരോവസ്ത്രം ധരിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ഥിനികള്‍ നല്‍കിയ ഹരജികള്‍ കര്‍ണാടക ഹൈക്കോടതി വിശാല ബെഞ്ച് തള്ളിയ നടപടി ഭരണഘടന തത്വങ്ങള്‍ക്ക് എതിരാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍. ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് കര്‍ണാടക ഹൈക്കോടതി വിധിയിലൂടെ സംഭവിച്ചിരിക്കുന്നതെന്നും ഇഷ്ടമുള്ള മതവിശ്വാസം തെരഞ്ഞെടുക്കാനും അതനുസരിച്ച് ജീവിക്കാനും സ്വാതന്ത്ര്യം നല്‍കുകയും അതിനെ ബഹുമാനിക്കുകയും ചെയ്യുന്ന ഭരണഘടനയുടെ മൗലിക തത്വങ്ങളെ നിഷേധിക്കുകയാണ് കര്‍ണ്ണാടക ഹൈക്കോടതി ചെയ്തിട്ടുള്ളതെന്നും ഇദ്ദേഹം വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. ഭരണഘടനയിലും നീതി നിര്‍വഹണ സംവിധാനങ്ങളിലും ജനങ്ങള്‍ക്ക് ഉള്ള വിശ്വാസത്തെ തകര്‍ക്കാന്‍ ഈ വിധി കാരണമാവുമെന്നും ചൂണ്ടിക്കാട്ടി.

ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം

ഹിജാബ് നിരോധനത്തെക്കുറിച്ചു ള്ള കോടതി വിധി മൗലികാവകാശ ലംഘനമാണ് .മുസ്ലിം സ്ത്രീയുടെ വിശ്വാസത്തെ നിര്‍ണ്ണയിക്കേണ്ടത് കോടതിയല്ല, ഇസ്ലാമാണ്. വിദ്യാഭ്യാസപരമായി മുസ്ലിം സ്ത്രീകളെ പിറകോട്ടടിപ്പിക്കുകയും ഇസ്ലാമിന്റെ അടയാളങ്ങളെ ഉന്‍മൂലനം ചെയ്യുക എന്നതും ഫാഷിസത്തിന്റെ അജണ്ടയാണെന്നും ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം സംസ്ഥാന പ്രസിഡന്റ് പി.വി റഹ്‌മാബി ടീച്ചര്‍ പറഞ്ഞു.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles