Current Date

Search
Close this search box.
Search
Close this search box.

ഉത്തരകാശി സംഘര്‍ഷം: സമാധാനം നിലനിര്‍ത്തേണ്ടത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമെന്ന് കോടതി

ഡെറാഡൂണ്‍: ക്രമസമാധാനവും സമാധാനവും നിലനിര്‍ത്തേണ്ടതിന്റെ പരമമായ ഉത്തരവാദിത്വം സംസ്ഥാനത്തിനാണെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി. ഉത്തരകാശി ജില്ലയില്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി നിലനില്‍ക്കുന്ന ഹിന്ദു-മുസ്ലിം സംഘര്‍ഷവുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

സംഘര്‍ഷസാധ്യത നിലനില്‍ക്കുന്നതിനിടെ ജൂണ്‍ 15ന് ഉത്തരകാശിയില്‍ ഹിന്ദുത്വ സംഘടനകള്‍ മഹാപഞ്ചായത്ത് നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം. ദി ഹിന്ദു ആണ് വ്യാഴാഴ്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞയാഴ്ച മുതല്‍ വര്‍ഗീയ സംഘര്‍ഷം നിലനില്‍ക്കുന്ന ജില്ലയിലെ പുരോല ടൗണിലാണ് സമ്മേളനം തീരുമാനിച്ചിരുന്നത്. വ്യാഴാഴ്ച വാദം കേള്‍ക്കുമ്പോള്‍, പരിപാടി നിര്‍ത്തിവെച്ചതായി സംസ്ഥാന സര്‍ക്കാര്‍ ഉത്തരാഖണ്ഡ് ഹൈക്കോടതിയെ അറിയിച്ചു.

ചൊവ്വാഴ്ച ഉത്തരകാശി ഭരണകൂടം സമ്മേളനം നടത്താന്‍ അനുമതി നിഷേധിച്ചിരുന്നു. സംഭവവികാസങ്ങളെക്കുറിച്ച് മൂന്നാഴ്ചയ്ക്കകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസുമാരായ വിപിന്‍ സംഘി, രാകേഷ് തപ്ലിയാല്‍ എന്നിവരടങ്ങിയ ബെഞ്ച് സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചു. നിയന്ത്രണങ്ങള്‍ ജൂണ്‍ 19 വരെ തുടരും. വ്യാഴാഴ്ച കടകള്‍ അടഞ്ഞുകിടക്കുകയും ക്രമസമാധാനം ഉറപ്പാക്കാന്‍ പ്രദേശത്ത് പൊലിസ് പട്രോളിങ് ശക്തമാണ്.

ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ ഹിന്ദു-മുസ്ലിം വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. ധര്‍മ്മ സംസദിന് മുന്നോടിയായി ഉത്തരകാശിയില്‍ നിന്നും മുസ്ലിം വ്യാപാരികള്‍ കച്ചവടം അവസാനിപ്പിച്ച് മടങ്ങണമെന്ന് ഹിന്ദുത്വ സംഘടനകള്‍ നേരത്തെ ഭീഷണി മുഴക്കിയിരുന്നു.

ഉത്തരകാശിയില്‍ കഴിഞ്ഞ മാസം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിനു പിന്നാലെയാണ് മേഖലയില്‍ സംഘര്‍ഷങ്ങള്‍ക്ക് തുടക്കമായത്. ഹിന്ദു സമുദായത്തിലെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട രണ്ട് പേര്‍ അറസ്റ്റിലായിരുന്നു. ഇത് ലൗ ജിഹാദാണെന്ന് ആരോപിച്ചാണ് സംഘ്പരിവാര്‍ സംഘടനകള്‍ മുസ്ലിംകള്‍ക്കെതിരെ വിദ്വേഷ പ്രചാരണവും ബഹിഷ്‌കരണാഹ്വാനവും നടത്തിയത്.

ജൂണ്‍ 15നകം മുസ്ലിം വ്യാപാരികള്‍ തങ്ങളുടെ കച്ചവടം അവസാനിപ്പിച്ച് ഉത്തരകാശിയില്‍ നിന്നും സ്ഥലം വിടണമെന്ന ഭീഷണി പോസ്റ്റര്‍ ഉത്തരകാശിയിലെ പുരോല മാര്‍ക്കറ്റില്‍ വ്യാപകമായി ഒട്ടിച്ചിരുന്നു. സംഘ്പരിവാര്‍ സംഘടനകളുടെ അംഗങ്ങള്‍ ബാര്‍കോട്ടില്‍ പ്രതിഷേധം നടത്തുകയും മുസ്ലീങ്ങളുടെ കടകളും വീടുകളും ആക്രമിക്കുകയും കത്തിക്കുകയും ചെയ്തിരുന്നു. റാലിക്കിടെ മുസ്ലിംകളുടെ കടകള്‍ കറുത്ത കുരിശ് കൊണ്ട് അടയാളപ്പെടുത്തിയിരുന്നു.

24കാരനായ ഉബൈദ് ഖാന്‍, 23കാരനായ ജിതേന്ദര്‍ സാഹ്നി എന്നീ കച്ചവടക്കാരെയാണ് മെയ് 27ന് പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തിരുന്നത്. ഹിന്ദു സമുദായത്തിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ഉത്തരകാശിയിലെ മുസ്ലിംകളെ ലക്ഷ്യമിട്ട് ഹിന്ദുത്വ സംഘടന നേതാക്കള്‍ നടത്തുന്ന വിദ്വേഷകരവും പ്രകോപനപരവുമായ പരാമര്‍ശങ്ങളും ആഹ്വാനങ്ങളും ഇപ്പോഴും തുടരുകയാണ്. മുസ്ലിംകള്‍ക്കെതിരെ ഇത്തരത്തില്‍ നിരവധി പ്രചാരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

Related Articles