Current Date

Search
Close this search box.
Search
Close this search box.

ഇ അഹമ്മദും ഹാമിദ് അന്‍സാരിയും തീവ്രവാദികളെന്ന് ഹിന്ദു മഹാസമ്മേളനം

തിരുവനന്തപുരം: മെയ് മാസം കേരള തലസ്ഥാനമായ തിരുവനന്തപുരത്ത് വെച്ച് നടന്ന ഹിന്ദു മഹാസമ്മേളനത്തെക്കുറിച്ചുള്ള കൂടുതല്‍ വിദ്വേഷ പരാമര്‍ശങ്ങള്‍ പുറത്ത്. മുന്‍ ഉപരാഷ്ട്രപതി മുഹമ്മദ് ഹാമിദ് അന്‍സാരിക്കും മുസ്ലിം ലീഗ് നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന അന്തരിച്ച ഇ അഹമ്മദിനെതിരെയും വിവാദ പരാമര്‍ശങ്ങളാണ് സമ്മേളനത്തില്‍ ഉന്നയിച്ചത്. ഇരുവരെയും തീവ്രവാദികളെന്നാണ് സമ്മേളനത്തില്‍ വിശേഷിപ്പിച്ചത്. ഇന്ത്യയിലെ എല്ലാ ഭീകര സംഘടനകളുടെയും പിതാവാണ് ഹാമിദ് അന്‍സാരിയെന്നായിരുന്നു വിശേഷണം. ഇ അഹമ്മദിനെ തീവ്രവാദത്തെ പിന്തുണക്കുന്നയാളാണെന്നും ഭീകര ആവാസവ്യവസ്ഥയുടെ ഭാഗമാണ് അദ്ദേഹമെന്നുമായിരുന്നു വിശേഷണം.

ഹിന്ദു കോണ്‍ക്ലേവിന്റെ മൂന്നാം ദിവസമായ മെയ് 29നായിരുന്നു ഈ ചര്‍ച്ച. ഈ പരിപാടിയിലാണ് പി.സി ജോര്‍ജും വിവാദമായ പരാമര്‍ശങ്ങള്‍ നടത്തിയതും അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നതും. മുസ്ലീം വ്യാപാര സ്ഥാപനങ്ങള്‍ ബഹിഷ്‌കരിക്കാനും പ്രഭാഷകര്‍ ഹിന്ദു സമൂഹത്തോട് സമ്മേളനത്തിലൂടെ ആഹ്വാനം ചെയ്തിട്ടുണ്ട്. മക്തൂബ് മീഡിയ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ മുന്‍ അണ്ടര്‍ സെക്രട്ടറി (ആഭ്യന്തര സുരക്ഷ) ആര്‍.വി.എസ് മണി മുഖ്യാതിഥിയായിരുന്ന ഹിന്ദു കോണ്‍ക്ലേവില്‍ നടന്ന സംവാദത്തിന്റെ ഭാഗമായിരുന്നു രാജ്യത്തെ രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള വിദ്വേഷ പരാമര്‍ശങ്ങള്‍. മന്‍മോഹന്‍ സിംഗ് സര്‍ക്കാരുകളില്‍ (2004-14) രണ്ട് തവണ വിദേശകാര്യ സഹമന്ത്രിയായി സേവനമനുഷ്ഠിച്ച ഇ അഹമ്മദ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ (IUML) ദേശീയ പ്രസിഡന്റായിരുന്നു. 2017 ഫെബ്രുവരി ഒന്നിനാണ് അദ്ദേഹം അന്തരിച്ചത്.

‘സിമിയുടെ മുന്‍ അവതാരമായ എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ കുറിച്ച് നിങ്ങള്‍ എവിടെയോ പരാമര്‍ശിച്ചിരുന്നല്ലോ. അതിനു പിന്നില്‍ ഒരു രാഷ്ട്രീയക്കാരന്‍ ഉണ്ടായിരുന്നു. ആരാണ് ഈ ഭീകര സംഘങ്ങളുടെ പിതാവ്? നിങ്ങള്‍ക്ക് അദ്ദേഹത്തിന്റെ പേര് അറിയാമോ? ‘ സെഷന്റെ മോഡറേറ്റര്‍ ആര്‍.വി.എസ് മണിയോട് ചോദിച്ച ചോദ്യമാണിത്.

അന്നത്തെ ഉപരാഷ്ട്രപതിയായ ഹാമിദ് അന്‍സാരിയുടെ ഇടപെടല്‍ മൂലം കേരളത്തിലെ പ്രൊഫസര്‍ ടി.ജെ. ജോസഫിനെ ആക്രമിച്ച സംഭവത്തില്‍ പി.എഫ്.ഐക്കെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് മറുപടി നല്‍കുന്നതിനിടെ മണി ആരോപിച്ചു.

കേന്ദ്രമന്ത്രി വി മുരളീധരന്‍, രാഷ്ട്രീയ സ്വയംസേവക സംഘം നേതാക്കളായ ജെ നന്ദകുമാര്‍, വത്സന്‍ തില്ലങ്കേരി, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി, മുന്‍ എം.എല്‍.എ പി.സി ജോര്‍ജ് എന്നിവരെല്ലാം ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചിട്ടുണ്ട്. സമ്മേളനത്തിരെ വ്യാപകമായ പ്രതിഷേധം ഉയരുകയും വിവാദ പരാമര്‍ശങ്ങളുടെ വീഡിയോ പുറത്തുവന്നിട്ടും നടപടിയെടുക്കാനോ സംഘാടകര്‍ക്കെതിരെ കേസെടുക്കാനോ കേരള പൊലിസ് ഇതുവരെ തയാറായിട്ടില്ല.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ????: https://chat.whatsapp.com/EwN6Ty3kPZe7ZSFRGTsaRU

Related Articles