Current Date

Search
Close this search box.
Search
Close this search box.

ലിബിയയില്‍ തുര്‍ക്കി കപ്പലിനെ തടഞ്ഞ് ഹഫ്തര്‍ സൈന്യം

ട്രിപ്പോളി: വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ലിബിയയിലെ തീരമേഖലയിലേക്ക് പുറപ്പെട്ട തുര്‍ക്കിയുടെ കപ്പല്‍ ലിബിയയിലെ ഹഫ്തറിന്റെ സൈന്യം തടഞ്ഞു. ബെന്‍ഗാസിയുടെ കിഴക്ക് റാസ് അല്‍ഹിലാലില്‍ വെച്ചാണ് ലിബിയയിലെ സ്വയംപ്രഖ്യാപിത സൈന്യമായ ലിബിയന്‍ നാഷണല്‍ ആര്‍മി കപ്പല്‍ തടഞ്ഞത്.

കപ്പല്‍ ജമൈക്കന്‍ പതാക സ്ഥാപിച്ച് പടിഞ്ഞാറന്‍ നഗരമായ മിസ്രതയിലേക്ക് പോകുന്ന വേളയില്‍ നൂറുകണക്കിന് മൈല്‍ അകലെ നിന്നാണ് പിടിച്ചിട്ടതെന്ന് ലിബിയന്‍ ദേശീയ സൈനിക വക്താവ് ജനറല്‍ അഹ്മദ് അല്‍ മിസ്മരി പ്രസ്താവനയില്‍ പറഞ്ഞു. ലിബിയയിലെ തങ്ങളുടെ സൈനിക നിയന്ത്രിത പ്രദേശത്തേക്ക് കടന്ന കപ്പലിന്റെ ചരക്ക് വിവരങ്ങളെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ കപ്പല്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ലെന്നും മിസ്മരി പറഞ്ഞു.

ഒന്‍പത് തുര്‍ക്കികളും ഏഴ് ഇന്ത്യക്കാരും ഒരു അസര്‍ബൈജാനി നാവികനും ചേര്‍ന്നതാണ് കപ്പലിലെ സംഘം. സമുദ്ര നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചതിനെക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കപ്പലില്‍ എന്താണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. അതേസമയം, സംഭവത്തോട് തുര്‍ക്കി ഇതുവരെ പ്രതികരിച്ചിട്ടില്ല. ലിബിയയില്‍ ട്രിപ്പോളി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യു.എന്നിന്റെ അംഗീകാരമുള്ള അന്താരാഷ്ട്ര സര്‍ക്കാരിനാണ് തുര്‍ക്കിയുടെ പിന്തുണ.

Related Articles