Current Date

Search
Close this search box.
Search
Close this search box.

കോവിഡ്: സംസ്‌കാര ചടങ്ങുകളിലെ ഇളവ് മുസ്‌ലിം സംഘടനകളുടെ ഇടപെടല്‍ മൂലം

കോഴിക്കോട്: കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം വീടുകളിലേക്ക് കൊണ്ടുവരാനും പരിമിതമായ രീതിയില്‍ മത ചടങ്ങുകള്‍ നടത്താനുമുള്ള സര്‍ക്കാര്‍ തീരുമാനം വിവിധ മുസ്ലിം സംഘടനകളുടെ നിരന്തരമായ ഇടപെടല്‍ മൂലം. നേരത്തെ കോവിഡ് ബാധിച്ച് മരിച്ചാല്‍ മൃതദേഹങ്ങള്‍ ആശുപത്രിയില്‍ നിന്നും നേരിട്ട് ഖബറടക്കാന്‍ കൊണ്ടുപോകലായിരുന്നു.

ബന്ധുക്കള്‍ക്ക് കാണാനും മയ്യിത്ത് കുളിപ്പിക്കാനോ അന്ത്യകര്‍മങ്ങള്‍ നിര്‍വഹിക്കാനോ മയ്യിത്ത് നമസ്‌കാരത്തിനോ അനുമതിയുണ്ടായിരുന്നില്ല. എന്നാല്‍ ഇനി മുതല്‍ ഇത്തരം നിയന്ത്രണങ്ങള്‍ ഉണ്ടാകില്ലെന്ന് ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിക്കുകയായിരുന്നു.

ഇത്തരം കര്‍ശന നിയന്ത്രണങ്ങള്‍ നീക്കണമെന്ന് കോവിഡ് പ്രാരംഭം ഘട്ടം മുതല്‍ തന്നെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, ജമാഅത്തെ ഇസ്ലാമി, മുജാഹിദ് സംഘടന നേതാക്കള്‍ എല്ലാവരും കൂട്ടായും വെവ്വേറെയും മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട അധികാരികള്‍ക്കും കത്തും നിവേദനങ്ങളും സമര്‍പ്പിച്ചിരുന്നു. പിന്നീട് ഇക്കാര്യം പരിശോധിക്കാമെന്ന് മുഖ്യമന്ത്രി നേതാക്കളോട് പറഞ്ഞിരുന്നു. സമസ്ത പ്രതിനിധികളായ അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവും കെ.മോയിന്‍കുട്ടി മാസ്റ്ററും മുഖ്യമന്ത്രിയുമായി നേരിട്ട് ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.

തങ്ങളുടെ ആവശ്യം പരിഗണിച്ച് കോവിഡ് മൂലം മരണപ്പെട്ടവരുടെ മൃതശരീരം മതാചാര പ്രകാരം സംസ്‌കരിക്കാന്‍ നിയമത്തില്‍ ഇളവ് നല്‍കിയ നടപടി അഭിനന്ദനാര്‍ഹമാണെന്നും, വെള്ളിയാഴ്ച ജുമുഅ: നമസ്‌കാരത്തിന് പള്ളികളില്‍ ചുരുങ്ങിയത് 40 പേര്‍ക്ക് അനുമതി നല്‍കി പ്രത്യേകം ഇളവുകള്‍ അനുവദിക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാരും മുഖ്യമന്ത്രിക്ക് അയച്ച സന്ദേശത്തില്‍ ആവശ്യപ്പെട്ടു.

Related Articles