Current Date

Search
Close this search box.
Search
Close this search box.

കാണ്‍പൂര്‍: ഇരകളെ സന്ദര്‍ശിക്കാനെത്തിയെ ഇ.ടിയെയും സംഘത്തെയും തടഞ്ഞു

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ പൊലിസ് അതിക്രമത്തിനിരയായാവരെ സന്ദര്‍ശിക്കാന്‍ എത്തിയ മുസ്ലിം ലീഗ് നേതാവും ലോക്‌സഭാംഗവുമായ ഇ.ടി മുഹമ്മദ് ബഷീറിനെയും സംഘത്തെയും തടഞ്ഞ് യു.പി പൊലിസ്. പൊലിസ് തങ്ങളോട് വിവേചനപരമായാണ് പെരുമാറിയതെന്നും ജനപ്രതിനിധികളെന്ന പരിഗണന പോലും നല്‍കാതെയാണ് പെരുമാറിയതെന്നും ഇ.ടി പറഞ്ഞു.

വ്യാഴാഴ്ച രാത്രി പത്തോടെ കാണ്‍പൂരിലെത്തിയ ഇ.ടിയുടെ നേതൃത്വത്തിലുള്ള സംഘത്തെ തടയുകയും ചര്‍ച്ച നടത്താമെന്ന് പറഞ്ഞ് 35 കിലോമീറ്റര്‍ അവരുടെ വാഹനത്തില്‍ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോവുകയായിരുന്നുവെന്നും ഇ.ടി മീഡിയ വണിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

10 കിലോമീറ്റര്‍ അകലെയുള്ള ഗസ്റ്റ് ഹൗസിലേക്കാണ് കൊണ്ടുപോകുന്നതെന്ന് പറഞ്ഞാണ് വാഹനത്തില്‍ കയറ്റിയത്. എന്നാല്‍ തങ്ങള്‍ അവരോട് നിര്‍ബന്ധിച്ച് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. അപ്പോഴേക്കും 35 കിലോമീറ്റര്‍ പിന്നിട്ടിരുന്നു. കാണ്‍പൂരില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നുണ്ടെന്നും അതിനാല്‍ നിങ്ങളെ അവിടെ ഇറക്കാന്‍ പറ്റില്ലെന്നുമാണ് പൊലിസ് അറിയിച്ചത്. നിങ്ങളെ ഡല്‍ഹിയിലേക്ക് തിരിച്ചയക്കാനാണ് തങ്ങള്‍ക്ക് ലഭിച്ച നിര്‍ദേശമെന്നും പൊലിസ് അറിയിക്കുകയായിരുന്നുവെന്നും ഇ.ടി പറഞ്ഞു.

പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ 29ഓളം പേരെയാണ് യു.പി പൊലിസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. കലാപകാരികള്‍ എന്നാരോപിച്ചാണ് പൊലിസിന്റെ നടപടി. ഇവരെ സന്ദര്‍ശിക്കാനും നിയമസഹായം നല്‍കാനുമാണ് ഇ.ടിയും സംഘവും കാണ്‍പൂരിലേക്ക് പോയിരുന്നത്.

Related Articles