Current Date

Search
Close this search box.
Search
Close this search box.

ഡോ. അലി അൽ ഖറദാഗി ആഗോള മുസ്‍ലിം പണ്ഡിതസഭ  അധ്യക്ഷൻ

ദോഹ: ശൈഖ് ഡോ. അലി അൽ ഖറദാഗി 91.51% വോട്ടിന്റെ ഭൂരിപക്ഷത്തിൽ ആഗോള പണ്ഡിതസഭ അധ്യക്ഷനായി ചുമതലയേറ്റു. ദോഹയിലെ ഷെരാട്ടൺ ഹോട്ടലിൽ വെച്ച് നടന്ന ഇത്തിഹാദുൽ ഉലമയുടെ ആറാമത് ജനറൽ  ബോഡി യോഗത്തിൽ വെച്ച് നടന്ന തെരഞ്ഞെടുപ്പിൽ ഇത്തിഹാദുൽ ഉലമയുടെ പ്രസിഡൻറ് , മറ്റ് ബോർഡ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ശൈഖ് മുഹമ്മദ് ഹസൻ ദോദോ, ശൈഖ് ഇസാം ബഷീർ, ശൈഖ് മുഹമ്മദ് അൽ ഖലീലി എന്നിവർ കഥാക്രമം 95%, 89%, 86% വോട്ടോടു കൂടി സംഘടനയുടെ വൈസ് പ്രസിഡന്റുമാരായി നിയമിക്കപ്പെട്ടു. 

തെരഞ്ഞെടുപ്പിനുശേഷം അലി അൽ ഖറദാഗി തൻറെ ഒഫീഷ്യൽ എക്‍സ് അക്കൗണ്ടിൽ ഇങ്ങനെ കുറിച്ചു: “സുതാര്യമായ വോട്ടിങ്ങിലൂടെ നടന്ന തെരഞ്ഞെടുപ്പിലൂടെ ഞാൻ ആഗോള മുസ്ലിം പണ്ഡിത സഭയുടെ അധ്യക്ഷനായി നിയമിക്കപ്പെട്ടിരിക്കുകയാണ്. ജീവിച്ചിരിക്കുന്ന കാലത്തോളം തത്വദീക്ഷയോടു കൂടി ദീനീ പ്രവർത്തനങ്ങളിൽ ഏർപ്പെടുമെന്നും അങ്ങേയറ്റം പ്രതിബദ്ധതയോടെ ദീനിന്റെ പ്രചാരണം നിർവഹിക്കുമെന്നും അല്ലാഹുവിനോടും വിശിഷ്യാ മുസ്ലിം സമുദായത്തോടും ഞാൻ പ്രതിജ്ഞ ചെയ്യുന്നു”.

ശനിയാഴ്ച തുടങ്ങി ജനുവരി 11 ന് അവസാനിക്കുന്ന ഇത്തിഹാദുൽ ഉലമയുടെ ആറാമത് ജനറൽ അസംബ്ലി മീറ്റ് ‘ദീനിന്റെ സംസ്ഥാപനം, ഉമ്മത്തിന്റെ ഉണർവ്, പവിത്രതകളെ സഹായിക്കൽ’ (نقيم ديننا، وننهض بأمتنا، وننصر مقدساتنا) എന്ന പ്രമേയത്തിലാണ് നടക്കുന്നത്.

ആരാണ് ഡോ. അലി അൽ ഖറദാഗി?

ഇറാഖിലെ സുലൈമാനി ഗവൺമെന്റിനു കീഴിലായിരുന്ന കുർദിസ്ഥാൻ പ്രവിശ്യയിലെ ഖറദാഗ് എന്ന ജില്ലയിലാണ് ഡോ. അലി മുഹ്‍‍‍യുദ്ദീൻ അൽ ഖറദാഗിയുടെ ജനനം. 1975-ൽ ബാഗ്ദാദിലെ യൂണിവേഴ്സിറ്റിയിൽ നിന്നും ഇസ്‌ലാമിക് ശരീഅയിൽ ബിരുദം കരസ്ഥമാക്കി. 1980 ല്‍ ഈജിപ്തിലെ അൽ അസ്ഹർ സർവകലാശാലയിൽ നിന്നും ഫിഖ്ഹുൽ മുഖാറന യിൽ ബിരുദാനന്തര ബിരുദവും നേടി. 1985 ൽ യൂണിവേഴ്സിറ്റിയിൽ നിന്നു തന്നെ ‘ സാമ്പത്തിക മേഖലയിലെ ഇസ്ലാമിക നിയമങ്ങൾ ‘ എന്ന വിഷയത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. 

2010 മുതൽ ഡോ. അലി അൽ ഖറദാഗി ഇതിഹാദുൽ ഉലമയുടെ സെക്രട്ടറി ജനറൽ സ്ഥാനം അലങ്കരിച്ചു വരുന്നു. അതോടൊപ്പം തന്നെ തഖ്‌രീബ് ബയ്നൽ മദാഹിബ് എന്ന സംവിധാനത്തിന്റെ ചെയർമാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

നിലവിൽ യൂറോപ്യൻ കൗൺസിൽ ഫോർ ഫത്‌വ & റിസർച്ച് ന്റെ വൈസ് പ്രസിഡണ്ടായി സ്ഥാനമലങ്കരിക്കുന്ന ഡോ. അലി അൽ ഖറദാഗി, ഖത്തർ യൂണിവേഴ്സിറ്റിയിലെ ഇസ്‌ലാമിക് ഫിഖ്ഹ് ഡിപ്പാർട്ട്മെൻറ് ഹെഡും കുർദിസ്ഥാനിലെ യൂണിവേഴ്സിറ്റി ഓഫ് ഹ്യൂമൻ ഡെവലപ്മെന്റിന്റെ ചെയർമാനും കൂടിയാണ്.

ഇതിഹാദുൽ ഉലമ എന്നത് ലോകത്തുള്ള മുഴുവൻ ഇസ്ലാമിക പണ്ഡിതരെയും ഒരുമിച്ചുകൂട്ടുന്ന പ്ലാറ്റ്ഫോമാണ്. 2004 ൽ അയർലണ്ൻറിന്റെ തലസ്ഥാനമായ ഡബ്ലിനിൽ വച്ച് ഈയിടെ നിര്യാതനായ ശൈഖ് യൂസുഫുൽ ഖറദാവി ആണ് ഇതിന് രൂപം കൊടുത്തത്. ആഗോള മുസ്ലിം പണ്ഡിത സഭ, സ്വതന്ത്രമായ അസ്തിത്വമുള്ള ഒരു സംവിധാനം കൂടിയാണ്. 

2011 – ൽ സംഘടനയുടെ ആസ്ഥാനം എക്സിക്യൂട്ടീവ് കൗൺസിലിന്റെ തീരുമാനപ്രകാരം ദോഹയിലേക്ക് മാറ്റി. ജനറൽ സെക്രട്ടറിയേറ്റ്, എക്സിക്യൂട്ടീവ് ഓഫീസ്,  ട്രസ്റ്റ് മെമ്പർമാർ എന്നിവ അടങ്ങുന്നതാണ് ഇതിഹാദുൽ ഉലമയുടെ സംഘടനാ സംവിധാനം .

 

Related Articles