Current Date

Search
Close this search box.
Search
Close this search box.

ഡല്‍ഹി: 16 പള്ളികളില്‍ പൊലിസ് വെള്ളിയാഴ്ച ജുമുഅ തടഞ്ഞുവെന്ന് പരാതി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വിവിധയിടങ്ങളില്‍ കഴിഞ്ഞ വെള്ളിയാഴ്ച (മാര്‍ച്ച് 18ന്) ജുമുഅ നമസ്‌കാരം തടസ്സപ്പെടുത്തിയതായി മുസ്ലിം സംഘടനകളുടെ ആരോപണം. ബറാഅതും ഹോളിയും ഒരുമിച്ച് വന്നതിനാല്‍ ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി പൊലിസ് ജുമുഅ നമസ്‌കാരം തടയുകയായിരുന്നു.

ഗാല്‍ ഗുംബജിലെ പുരാനി മസ്ജിദിലെത്തിയ വിശ്വാസികളെയാണ് പൊലിസ് തടഞ്ഞത്. 500 വര്‍ഷം പഴക്കമുള്ള ഈ പള്ളിയില്‍ സ്ഥിരമായി ജുമുഅ ഖുതുബയും നമസ്‌കാരവും നടക്കുന്നുണ്ട്. പഞ്ചശീല്‍ എന്‍ക്ലേവ് പുരാനി മസ്ജിദ് എന്നറിയപ്പെടുന്ന ഇത് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്‌ഐ)യുടെ സംരക്ഷണത്തിന് കീഴിലുള്ള മസ്ജിദാണ്. മക്തൂബ് മീഡിയയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

‘1980 മുതല്‍ ഞാന്‍ ഇവിടെ താമസിക്കുന്നു, 2000കളിലാണ് ഈ പള്ളിയില്‍ ഞാന്‍ ഇമാമത്ത് ആരംഭിച്ചത്. ഇതുപോലെ മുമ്പ് സംഭവിച്ചിട്ടില്ല. കഴിഞ്ഞ നാല്‍പ്പത് വര്‍ഷത്തിനിടെ ഇതാദ്യമായാണ് വെള്ളിയാഴ്ച പ്രാര്‍ത്ഥന നിര്‍ത്തുന്നത്, മസ്ജിദ് ഇമാമായ അഹമ്മദ് വിലപിച്ചു. പെട്ടെന്നുള്ള നടപടിക്ക് പോലീസ് കാരണമൊന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച രാവിലെ പൊലിസ് പള്ളിയിലെത്തി പ്രാര്‍ത്ഥന നടത്തരുതെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്ന് പഞ്ച്ഷീല്‍ പരിസരവാസിയായ ദാനിഷ് പറഞ്ഞു. വെള്ളിയാഴ്ചകളില്‍ 200 ഓളം ആളുകള്‍ ലാല്‍ ഗുംബദ് പള്ളിയില്‍ പ്രാര്‍ത്ഥനക്കെത്താറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹിയിലെ പഞ്ച്ഷീല്‍ പ്രദേശത്തെ മറ്റു 16 മുസ്ലീം പള്ളികളില്‍ വെള്ളിയാഴ്ച നമസ്‌കാരത്തിന് പോലീസ് അനുമതി നല്‍കിയില്ലെന്ന് മാധ്യമപ്രവര്‍ത്തകനും ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ മുന്‍ ചെയര്‍മാനുമായ സഫറുല്‍ ഇസ്ലാം ഖാന്‍ ട്വീറ്റ് ചെയ്തു.

അമ്പത് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഇവിടെ നമസ്‌കാരം നിര്‍ത്തുന്നതെന്ന് ഒരു പഴയ പള്ളിയിലെ ഇമാം പറഞ്ഞതായും അദ്ദേഹം ട്വീറ്റ് ചെയ്തു. ഇന്‍ക്വിലാബ് പത്രത്തിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് സഫറുല്‍ ഇസ്ലാം ഞായറാഴ്ച ട്വിറ്ററില്‍ കുറിച്ചത്. ലാല്‍ ഗുംബദ് പള്ളി അടക്കം വേറെയും പള്ളികളില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥന അനുവദിച്ചില്ലെന്നും മക്തൂബ് മീഡിയയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Related Articles