Current Date

Search
Close this search box.
Search
Close this search box.

ഇസ്ലാമിക പ്രാര്‍ത്ഥനയോടെ ചടങ്ങ് ആരംഭിച്ചതിന് കോളേജ് പ്രിന്‍സിപ്പലിനെതിരെ പൊലിസ് കേസ്

ഡല്‍ഹി: കോളേജിലെ ഒരു പരിപാടിയില്‍ പ്രാരംഭ പ്രാര്‍ത്ഥനയായി ഇസ്ലാമിക പ്രാര്‍ത്ഥന നടത്തിയതിന് കോളേജ് പ്രിന്‍സിപ്പലെ സസ്‌പെന്‍ഡ് ചെയ്തു. പിന്നാലെ പൊലിസ് കേസെടുക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ മെലേഗാവിലെ മഹാരാജ
സായാജിറാവു ഗെയ്ക്ക്വാ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ സുഭാഷ് നികാമിനെയാണ് സസ്‌പെന്റ് ചെയ്തത്. കേളേജില്‍ നടന്ന കരിയര്‍ ഗൈഡന്‍സ് പരിപാടിയുടെ തുടക്കത്തിലാണ് ചെറിയ ഇസ്ലാമിക പ്രാര്‍ത്ഥനയോടെ ചടങ്ങ് ആരംഭിച്ചത്. ബി.ജെ.പിയുടെ പരാതിയിലാണ് കോളേജ് അധികൃതര്‍ അദ്ദേഹത്തെ സസ്‌പെന്റ് ചെയ്തതും കേസെടുത്തതും.

കോളേജിലെ വിദ്യാര്‍ത്ഥികളെ ഇസ്ലാമിലേക്ക് വശീകരിക്കാന്‍ വേണ്ടിയാണ് പ്രിന്‍സിപ്പല്‍ ഇങ്ങനെ ചെയ്തതെന്നും ഹിന്ദുത്വ വാദികള്‍ ആരോപണമുന്നയിച്ച് രംഗത്തെത്തി. മുന്‍ ബി.ജെ.പി നേതാവ് അപൂര്‍വ ഹിരായുടെ നേതൃത്വത്തിലുള്ള സേനയുടെ ട്രസ്റ്റിന് കീഴിലാണ് കോളേജ് പ്രവര്‍ത്തിക്കുന്നത്. സംഭവത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര തുറമുഖ വികസന, ഖനന വകുപ്പ് മന്ത്രി ദാദാ ഭൂസെയും രംഗത്തെത്തിയിരുന്നു.

‘കരിയര്‍ ഗൈഡന്‍സ് പരിപാടിയുടെ പ്രഭാഷകന്‍ ചെറിയ ഒരു ഇസ്ലാമിക പ്രാര്‍ത്ഥനയോടെയാണ് പരിപാടിയില്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തത്. പരിപാടി അവസാനിച്ചതിന് പിന്നാലെ ഒരു കൂട്ടം ആളുകള്‍ വേദിയിലേക്ക് അതിക്രമിച്ചു കയറുകയും ഇത് ഇസ്ലാം മതം പ്രചരിപ്പിക്കാനുള്ള ശ്രമമാണെന്നും അവകാശപ്പെട്ട് പ്രതിഷേധിക്കുകയായിരുന്നു.’ പ്രിന്‍സിപ്പല്‍ പറഞ്ഞു. ഇദ്ദേഹത്തിന്റെ മിക്ക പരിപാടികളും ഈ രീതിയിലാണ് ആരംഭിക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഡിസംബറിലും സമാനമായ ഒരു സംഭവം യു.പിയിലെ ബറേലിയില്‍ ഉണ്ടായിരുന്നു. സര്‍ക്കാര്‍ സ്‌കൂളില്‍ ‘മദ്രസ രീതിയിലുള്ള പ്രാര്‍ത്ഥന’ നടത്തി എന്നാരോപിച്ച് ഹിന്ദുത്വ സംഘടനയുടെ പ്രാദേശിക യൂണിറ്റ് നല്‍കിയ പരാതിയെ തുടര്‍ന്ന് സ്‌കൂളിലെ പ്രിന്‍സിപ്പലിനും പാര്‍ട്ട് ടൈം അധ്യാപകനുമെതിരെ ഉത്തര്‍പ്രദേശ് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

Related Articles