Current Date

Search
Close this search box.
Search
Close this search box.

ഷിന്‍ജിയാങ്ങില്‍ മുസ്‌ലിംകളെ അറസ്റ്റ് ചെയ്യാനായി ചൈന വിവരശേഖരണം നടത്തുന്നതായി റിപ്പോര്‍ട്ട്

ഷിന്‍ജിയാങ്: ചൈനയിലെ ഷിന്‍ജിയാങ് പ്രവിശ്യയില്‍ നിന്നും അറസ്റ്റ് ചെയ്യാനായി മുസ്‌ലിംകളുടെ വിവരങ്ങള്‍ ചൈന ഏകപക്ഷീയമായി ശേഖരിക്കുന്നതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിനെ ഉദ്ധരിച്ച് അല്‍ജസീറയാണ് ഇത്തരത്തില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

മൂടുപടം ധരിക്കുന്ന സ്ത്രീകള്‍, ഖുര്‍ആന്‍ പാരായണം ചെയ്യുന്നവര്‍, ഹജ്ജ് തീര്‍ത്ഥാടനത്തിന് പോകുന്നവര്‍ എന്നിങ്ങനെ ഇത്തരം പ്രവൃത്തിയെല്ലാം കുറ്റകൃത്യമാണെന്ന് കാണിച്ച് അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് നടക്കുന്നത്. ഇതിനായി വലിയ രീതിയിലുള്ള വിവര ശേഖരണമാണ് ചൈന നടത്തുന്നത്.

ഷിന്‍ജിയാങ്ങിലെ തടവുകേന്ദ്രത്തില്‍ നിന്നും ചോര്‍ന്ന ലിസ്റ്റില്‍ ഇത്തരത്തിലുള്ള രണ്ടായിരം പേരുടെ പേരുവിവരണങ്ങളാണുള്ളത്. ഇതിലെല്ലാമുള്ള ആളുകളുടെ ബന്ധങ്ങള്‍, യാത്ര ചരിത്രം, ആശയവിനിമയം, അധികാരികള്‍ സംശയാസ്പദമായി കരുതുന്ന ആളുകളുമായി ബന്ധപ്പെട്ടവര്‍ എന്നിങ്ങനെയുള്ളവ അടിസ്ഥാനമാക്കിയാണ് സംഘടന വിവരശേഖരണം നടത്തിയത്.

ഷിന്‍ജിയാങ്ങിലെ ടര്‍ക്കിഷ് മുസ്‌ലിംകളെ ചൈന സാങ്കേതിക വിദ്യയുടെ സഹായത്തോടെ എങ്ങിനെയാണ് ക്രൂരമായി അടിച്ചമര്‍ത്തുന്നതെന്നാണ് ഈ പട്ടിക പറയുന്നതെന്നും ചൈനയിലെ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ മുതിര്‍ന്ന ഗവേഷക മയ വാങ് പറഞ്ഞു.

പട്ടികയിലുള്ളവരെ എന്തിനാണ് അറസ്റ്റ് ചെയ്തതെന്നും അവര്‍ ഇപ്പോള്‍ എവിടെയാണെന്നും അവരുടെ കുടുംബങ്ങളോട് വിശദീകരിക്കാന്‍ ചൈനീസ് സര്‍ക്കാര്‍ കടപ്പെട്ടിരിക്കുന്നുവെന്നും മയ വാങ് കൂട്ടിച്ചേര്‍ത്തു.

ഐക്യരാഷ്ട്രസഭയുടെ കണക്ക് പ്രകാരം ഒരു ദശലക്ഷത്തിലധികം ഉയിഗൂര്‍ വംശജരായ മുസ്‌ലിംകള്‍ ചൈനയിലെ പടിഞ്ഞാറന്‍ ഷിന്‍ജിയാങ്ങിലെ വിവിധ ക്യാമ്പുകളില്‍ തടവിലാക്കപ്പെട്ടിരിക്കുകയാണ്. ക്രൂരമായ മര്‍ദനങ്ങളാണ് അവര്‍ അവിടെ നേരിടുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

Related Articles