Current Date

Search
Close this search box.
Search
Close this search box.

ശിരോവസ്ത്ര നിയമം: ചെസ് താരം സാറ ഖാദിം ഇറാനില്‍ നിന്നും പലായനം ചെയ്തു

തെഹ്‌റാന്‍: ഇറാനിലെ ശിരോവസ്ത്ര നിയമത്തില്‍ പ്രതിഷേധിച്ച് പ്രമുഖ ചെസ് താരം സാറ ഖാദിം രാജ്യത്തു നിന്നും പലായനം ചെയ്തതായി റിപ്പോര്‍ട്ട്. മഹ്‌സ അമീനിയുടെ മരണത്തെത്തുടര്‍ന്നുണ്ടായ ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങള്‍ക്ക് താരം പിന്തുണ അര്‍പ്പിച്ചിരുന്നു.

കസാക്കിസ്ഥാനിലെ അല്‍മാറ്റിയില്‍ വെച്ച് നടന്ന ഫിഡെ വേള്‍ഡ് റാപ്പിഡ് ആന്‍ഡ് ബ്ലിറ്റ്‌സ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ നിര്‍ബന്ധിത ശിരോവസ്ത്രം നടപ്പാക്കിയതിനെതുടര്‍ന്ന് മത്സരം നിരസിച്ച ഇറാനിയന്‍ ചെസ്സ് പ്രൊഫഷണലുകളോടൊപ്പം സാറയും പങ്കു ചേര്‍ന്നിരുന്നു. ഇതിലൂടെ 25കാരിയായ അന്താരാഷ്ട്ര ചെസ്സ് ഗ്രാന്‍ഡ് മാസ്റ്റര്‍ ഇറാനിലെ ഭരണകൂടത്തിനെതിരായ പ്രസ്ഥാനത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയായിരുന്നു.

ചെസ് ലോകകപ്പില്‍ പങ്കെടുക്കുമ്പോള്‍ ശിരോവസ്ത്രം ധരിക്കേണ്ടതില്ലെന്ന ഖാദിമിന്റെ തീരുമാനം പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചു. സംഭവത്തെത്തുടര്‍ന്ന്, ഖാദിം കസാഖ്സ്ഥാനില്‍ നിന്ന് സ്പെയിനിലെ ഒരു അജ്ഞാത നഗരത്തിലേക്ക് തന്റെ ഭര്‍ത്താവും ചലച്ചിത്രസംവിധായകനുമായ അര്‍ദേശിര്‍ അഹമ്മദിയും അവരുടെ 10 മാസം പ്രായമുള്ള മകനുമൊപ്പം യാത്ര ചെയ്തുവെന്നുമാണ് റിപ്പോര്‍ട്ട്.

‘എന്റെ കുടിയേറ്റം കുടുംബത്തിന്റെ തീരുമാനമാണ്. ഞാന്‍ ഇവിടെ അഭയത്തിന് അപേക്ഷിച്ചിട്ടില്ല. എന്റെ കായിക വിജയങ്ങളും എന്റെ ഭര്‍ത്താവിന്റെ ഒന്നിലധികം രാജ്യത്തുള്ള പൗരത്വവും കാരണം, വിദേശത്ത് താമസിക്കാനുള്ള അവകാശത്തെക്കുറിച്ച് ഞാന്‍ ഒരിക്കലും ആശങ്കപ്പെട്ടിരുന്നില്ല’ സ്‌പെയിനില്‍ എത്തിയതിന് ശേഷം ഖാദിം ഇന്‍സ്റ്റാഗ്രാമില്‍ എഴുതി.

കഴിഞ്ഞ ഒക്ടോബറില്‍ സിയോളില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ശിരോവസ്ത്രം ധരിക്കാതെ മത്സരിച്ച ഇറാനിയന്‍ പര്‍വതാരോഹക എല്‍നാസ് റെകാബി ഇറാനിലേക്ക് മടങ്ങിയെത്തിയ ശേഷം, വീട്ടുതടങ്കലിലാക്കിയിരുന്നു. അവളുടെ കുടുംബം ഭരണകൂട ഭീഷണിക്ക് വിധേയയായിരുന്നു.

Related Articles