Current Date

Search
Close this search box.
Search
Close this search box.

ഷിറിന്റെ മരണം: സ്വതന്ത്ര അന്വേഷണം വേണമെന്ന് അന്താരാഷ്ട്ര സമൂഹം

വെസ്റ്റ് ബാങ്ക്: കഴിഞ്ഞ ദിവസം വെസ്റ്റ്ബാങ്കില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട അല്‍ജസീറയുടെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഷിറിന്‍ അബു അഖ്‌ലയുടെ മരണത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മരണത്തില്‍ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്ന ആവശ്യവുമായി ലോകരാജ്യങ്ങളും യു.എന്നുമടക്കമുള്ള അന്താരാഷ്ട്ര സമൂഹവും രംഗത്തെത്തി.

ഷിറിന്റെത് കൃത്യമായ കൊലപാതകമാണെന്ന് അല്‍ജസീറ കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു. പ്രസ് ജാക്കറ്റ് ധരിച്ച് വെസ്റ്റ് ബാങ്കിലെ സംഘര്‍ഷ ഭൂമിയിലെ ഗ്രൗണ്ട് റിപ്പോര്‍ട്ടിങ്ങിലെ സ്ഥിരം സാന്നിധ്യമായ ഷിറിനെ മനപൂര്‍വം വെടിവെച്ച് കൊലപ്പെടുത്തിയതാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം തന്നെ പുറത്തുവന്നിരുന്നു. ഇതിനെ സാധൂകരിക്കുന്ന ചിത്രങ്ങളും വീഡിയോകളും പിന്നാലെ പുറത്തുവന്നിരുന്നു. തുടര്‍ന്നാണ് ‘സ്വതന്ത്ര അന്വേഷണം’ വേണമെന്ന് യു.എന്നും ആവശ്യപ്പെടുന്നത്.

കഴിഞ്ഞ ദിവസത്തെ ആക്രമത്തില്‍ ഷിറിന്റെ കൂടെയുണ്ടായിരുന്ന അല്‍ജസീറയുടെ മറ്റൊരു മാധ്യമപ്രവര്‍ത്തകനും നിര്‍മ്മാതാവുമായ അലി അല്‍ സമുദിക്കും പരിക്കേറ്റിരുന്നു. ഇരുവരും ‘പ്രസ്’ എന്ന് അടയാളപ്പെടുത്തിയ ഹെല്‍മറ്റും വസ്ത്രങ്ങളും ധരിച്ചിരുന്നു. ഫലസ്തീന്‍ പോരാളികള്‍ ആരും പ്രദേശത്തുണ്ടായിരുന്നില്ലെന്നും അല്ലാത്തപക്ഷം ‘ഞങ്ങള്‍ ഈ പ്രദേശത്തേക്ക് പോകില്ലായിരുന്നു’ എന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു

അബു അഖ്‌ലയുടെ കൊലപാതകത്തിന് ഇസ്രയേല്‍ ആണ് ഉത്തരവാദികളെന്ന് ഫലസ്തീന്‍ അതോറിറ്റി പറഞ്ഞു. കൊലപാതകത്തെ ‘ഏറ്റവും ശക്തമായി’ അപലപിച്ച പി.എ അതിനെ ‘കൊലപാതകം’ എന്ന് തന്നെയാണ് വിശേഷിപ്പിച്ചത്. അവളുടെ മരണത്തില്‍ ‘സ്വതന്ത്ര’ അന്വേഷണം വേണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടു.

ഇത് ‘അമ്പരപ്പിക്കുന്നു’ എന്നാണ് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ മേധാവി മിഷേല്‍ ബാഷെലെറ്റിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവന പറഞ്ഞത്. കൂടാതെ ‘സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം’ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. കൊലപാതകം ‘സുതാര്യമായി അന്വേഷിക്കണമെന്ന്’ യു.എന്നിലെ യു.എസ് പ്രതിനിധി ലിന്‍ഡ തോമസ് ഗ്രീന്‍ഫീല്‍ഡ് ആവശ്യപ്പെട്ടു.

അമേരിക്കന്‍ പൗര കൂടിയായ അബു അഖ്‌ലയുടെ കൊലപാതകത്തില്‍ സ്വതന്ത്രമായ അന്വേഷണത്തിന് യു.എസ് സര്‍ക്കാര്‍ ശ്രമിക്കണമെന്ന
അല്‍ജസീറ ഇംഗ്ലീഷിന്റെ മാധ്യപ്രവര്‍ത്തകനും അഖ്‌ലയുടെ സഹപ്രവര്‍ത്തകനുമായി അയ്മന്‍ മുഹിദ്ദീന്‍ ആവശ്യപ്പെട്ടു.

Related Articles