Current Date

Search
Close this search box.
Search
Close this search box.

തുനീഷ്യയില്‍ ജനാധിപത്യം സ്ഥാപിക്കാന്‍ ബൈഡന്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് ആവശ്യം

വാഷിങ്ടണ്‍: തുനീഷ്യയില്‍ ഭരണ പ്രതിസന്ധി പരിഹരിക്കാന്‍ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇടപെടണമെന്ന് ആവശ്യം. രാജ്യത്തെ രാഷ്ട്രീയ അനിശ്ചിതാവസ്ഥ പരിഹരിക്കാന്‍ തുനീഷ്യന്‍ പ്രസിഡന്റ് ഖൈസ് സഈദിനു മേല്‍ ബൈഡന്‍ രാഷ്ട്രീയ സമ്മര്‍ദ്ദം ചെലുത്തണമെന്നാണ് യു.എസിലെ മുന്‍ അംബാസഡര്‍മാര്‍ ആവശ്യമുന്നയിച്ചിരിക്കുന്നത്.

സഈദിന്റെ സ്വേച്ഛാധിപത്യ നീക്കങ്ങള്‍ തിരുത്താനും അറബ് വസന്ത പ്രക്ഷോഭത്തിന്റെ കളിത്തൊട്ടില്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന തുനീഷ്യയില്‍ ജനാധിപത്യം പുനഃസ്ഥാപിക്കണമെന്നുമാണ് 50ഓളം വരുന്ന മുന്‍ അംബാസഡര്‍മാര്‍ ബൈഡന് എഴുതിയ കത്തില്‍ ആവശ്യപ്പെടുന്നത്. മുന്‍ നയതന്ത്രജ്ഞരില്‍ മൂന്ന് പേര്‍ തുനീഷ്യയിലെ യു.എസ് വക്താക്കളായിരുന്നു.

തുനീഷ്യയെ ജനാധിപത്യ ഭരണത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ മൂര്‍ത്തമായ നടപടികള്‍ കൈക്കൊള്ളാന്‍ സൈദിനെ സമ്മര്‍ദ്ദത്തിലാക്കണം, അല്ലാത്തപക്ഷം, തുനീഷ്യക്കുള്ള സഹായത്തിന് യു.എസ് വ്യവസ്ഥകള്‍ നടപ്പിലാക്കണം.

ഉഭയകക്ഷി സഹായവും വായ്പ ഗ്യാരന്റികളും, കൂടാതെ ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് പോലുള്ള അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പകള്‍ക്കുള്ള പിന്തുണക്കും ഇത്തരത്തില്‍ വ്യവസ്ഥ ഏര്‍പ്പെടുത്തണമെന്നും കത്തില്‍ പറയുന്നു.

തുനീഷ്യയുടെ ജനാധിപത്യം സംരക്ഷിക്കുന്നത് ആത്യന്തികമായി തുനീഷ്യക്കാരുടെ കാര്യമാണ്, എന്നാല്‍ സഹായിക്കാന്‍ അമേരിക്ക കഴിയുന്നതെല്ലാം ചെയ്യണമെന്നും കത്തില്‍ കൂട്ടിച്ചേര്‍ത്തു.

Related Articles