Current Date

Search
Close this search box.
Search
Close this search box.

‘ബഷാര്‍ പുറത്ത് പോകൂ! സിറിയ സ്വതന്ത്രമാകട്ടെ’ സിറിയയില്‍ ജനകീയ പ്രക്ഷോഭം കനക്കുന്നു

ദമസ്‌കസ്: സിറിയയില്‍ ഏകാധിപത്യ ഭരണം നടത്തുന്ന പ്രസിഡന്റ് ബശ്ശാര്‍ അസദ് രാജിവെച്ച് പുറത്ത് പോകണമെന്നാവശ്യപ്പെട്ട് രണ്ടാഴ്ചയിലേറെയായി തുടരുന്ന ജനകീയ പ്രക്ഷോഭം വീണ്ടും ശക്തിയാര്‍ജിക്കുന്നു. തെക്കന്‍ സിറിയയില്‍ നൂറുകണക്കിന് ആളുകള്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍-അസദിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ചു. സിറിയയിലെ മോശം ജീവിത സാഹചര്യങ്ങളും സാമ്പത്തിക പ്രതിസന്ധിയുമാണ് ജനങ്ങളെ തെരുവിലേക്കിറങ്ങാന്‍ പ്രേരിപ്പിച്ചത്. രാഷ്ട്രീയ മാറ്റത്തിനായുള്ള പുതിയ ആഹ്വാനങ്ങളിലേക്ക് വ്യാപിക്കുകയാണ് പ്രതിഷേധം.

‘ബഷാര്‍ പുറത്ത് പോകൂ! സിറിയ സ്വതന്ത്രമാകട്ടെ!’ എന്ന മുദ്രാവാക്യമുയര്‍ത്തി വെള്ളിയാഴ്ച സ്വീഡ നഗരത്തില്‍ അരങ്ങേറിയ റാലിയില്‍ വലിയ ജനക്കൂട്ടമാണ് അണിനിരന്നതെന്ന് റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ‘സിറിയ ഒരു ഫാം അല്ല. ഞങ്ങള്‍ ആടുകളല്ല,’ എന്ന പ്ലക്കാര്‍ഡുകളും റാലിയില്‍ ഉയര്‍ന്നു.

സിറിയ ആഴത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. അതിന്റെ കറന്‍സി കഴിഞ്ഞ മാസം ഡോളറിനെതിരെ 15,500 സിറിയന്‍ പൗണ്ട് എന്ന റെക്കോര്‍ഡില്‍ ഇടിഞ്ഞിരുന്നു. രാജ്യത്ത് കുതിച്ചുയരുന്ന പണപ്പെരുപ്പവും യുദ്ധത്തില്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി തകര്‍ന്നതുമാണ് പ്രതിഷേധങ്ങള്‍ക്ക് തുടക്കമിട്ടതെങ്കിലും അല്‍-അസദ് സര്‍ക്കാരിന്റെ പതനത്തിന് ആഹ്വാനം ചെയ്യുന്നതായി പ്രക്ഷോഭം പെട്ടെന്ന് ശ്രദ്ധ മാറി.

അല്‍-അസദും സിറിയന്‍ പ്രതിപക്ഷവും തമ്മിലുള്ള സംഘര്‍ഷത്തില്‍ നിഷ്പക്ഷത പാലിച്ച മതന്യൂനപക്ഷമായ സിറിയയിലെ ഡ്രൂസിന്റെ ശക്തികേന്ദ്രമായ സ്വീഡയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പ്രവിശ്യ കേന്ദ്രീകരിച്ച്, പ്രതിഷേധങ്ങള്‍ ശക്തമാണ്. ഗവണ്‍മെന്റ് നിയന്ത്രിത മേഖലകളില്‍ സര്‍ക്കാരിനെതിരെ തുറന്ന വിമര്‍ശനം അപൂര്‍വമായിരുന്നു, എന്നാല്‍ സാമ്പത്തിക സ്ഥിതി മോശമായതോടെ ഇവിടങ്ങളിലും അതൃപ്തി പരസ്യമായി പ്രകടിപ്പിക്കാന്‍ തുടങ്ങി. സര്‍ക്കാര്‍ വിരുദ്ധ പ്രകടനങ്ങളെച്ചൊല്ലി ഡ്രൂസ് നേതൃത്വത്തിനുള്ളില്‍ ഭിന്നിപ്പുണ്ടായിട്ടും വെള്ളിയാഴ്ചത്തെ പ്രതിഷേധത്തിലെ ജനപങ്കാളിത്തം വളരെ വലുതായിരുന്നു.

ചില ഡ്രൂസ് നേതാക്കള്‍ അല്‍-അസദ് സ്ഥാനമൊഴിയാനുള്ള പ്രതിഷേധക്കാരുടെ ആഹ്വാനത്തെ വിമര്‍ശിക്കുകയും സാമൂഹിക സാമ്പത്തിക സ്ഥിതിയില്‍ എന്തെങ്കിലും പുരോഗതി ഉണ്ടാകേണ്ടത് സംഭാഷണത്തിലൂടെയാണെന്നും പറഞ്ഞു. 2011 ലെ പ്രതിഷേധം ആരംഭിച്ച പ്രവിശ്യയായ ദാറയിലും ഡസന്‍ കണക്കിന് പ്രതിഷേധക്കാരാണ് വെള്ളിയാഴ്ച ഒത്തുകൂടിയത്. സിറിയയുടെ പ്രക്ഷോഭത്തിന്റെ ത്രിനക്ഷത്ര പതാകയും അല്‍-അസദിന്റെ പ്രധാന സഖ്യകക്ഷിയായ ഇറാന്റെ പങ്കിനെ വിമര്‍ശിക്കുന്ന അടയാളങ്ങളും റാലിയില്‍ ഉയര്‍ന്നുവന്നു.

 

Related Articles