Current Date

Search
Close this search box.
Search
Close this search box.

ബൈത്തുസ്സകാത്ത് കേരള പീപ്പിള്‍സ് വില്ലേജ് സമര്‍പ്പിച്ചു

മണ്ണാര്‍ക്കാട്: ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ ഏറെ അവഗണിക്കപ്പെടുന്ന ഒന്നാണ് സക്കാത്തെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് അഭിപ്രായപ്പെട്ടു. ബൈത്തുസകാത്ത് കേരള മണ്ണാര്‍ക്കാട് കൊമ്പത്ത് നിര്‍മ്മിച്ച എട്ട് വീടുകള്‍ ഉള്‍ക്കൊള്ളുന്ന പീപ്പിള്‍സ് വില്ലേജ് പദ്ധതി പൂര്‍ത്തീകരണ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണകൂടം ഉണ്ടെങ്കിലേ സംഘടിത സക്കാത്ത് സാധ്യമാകൂ എന്ന് കരുതിയിരുന്ന ഒരു ഘട്ടത്തില്‍ നിന്നും മഹല്ല് അടിസ്ഥാനത്തില്‍ ചിലയിടങ്ങളിലെങ്കിലും സംഘടിത സക്കാത്ത് സാധ്യമാകുന്ന തരത്തിലേക്ക് മഹല്ലുകള്‍ മാറിയത് ശുഭസൂചകമാണ് എന്നും അദ്ദേഹം പറഞ്ഞു.

ബൈത്തുസ്സകാത്ത് കേരള ചെയര്‍മാന്‍ വി.കെ.അലി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വില്ലേജിലേക്ക് നിര്‍മ്മിച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം വി.കെ. ശ്രീകണ്ഠന്‍ എം.പി യും, എം.എല്‍.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചുള്ള വൈദ്യുത പദ്ധതിയുടെ ഉദ്ഘാടനം അഡ്വ. എന്‍. ശംസുദ്ധീന്‍ എം.എല്‍.എ യും നിര്‍വ്വഹിച്ചു. പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം.കെ മുഹമ്മദലി, മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് സി.കെ. ഉമ്മുസല്‍മ, കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജസീന അക്കര, എന്‍.പി അഷ്‌റഫ്, പാലക്കാട് ജില്ലാ പഞ്ചായത്ത് അംഗം മെഹര്‍ബാന്‍ ടീച്ചര്‍, ഭീമനാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബഷീര്‍ തെക്കന്‍, കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് അംഗം റജീന ടീച്ചര്‍, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡണ്ട് ബഷീര്‍ ഹസന്‍ നദ്‌വി, കെ.എന്‍.എം ജില്ലാ വൈസ് പ്രസിഡണ്ട് പി മുഹമ്മദലി അന്‍സാരി, ഗ്ലോബല്‍ വിസ്ഡം സംസ്ഥാന സെക്രട്ടറി ടി.കെ അഷ്‌റഫ്, മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി എന്‍.എം അബ്ദുല്‍ ജലീല്‍ മാസ്റ്റര്‍, മുസ്ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കളത്തില്‍ അബ്ദുല്ല, മൗലാന ഹോസ്പിറ്റല്‍ എം.ഡി എന്‍.അബ്ദുല്‍ റഷീദ്, മിനാര്‍ ഗ്രൂപ്പ് എം.ഡി. എ.മുഹമ്മദ് ഷാഫി, ഷാരോണ്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് എം.ഡി വി.ഇ.ഷാജഹാന്‍ എം.ഇ.എസ് ജില്ലാ ട്രഷറര്‍ അഡ്വ. നാസര്‍ കൊമ്പത്ത്, പീപ്പിള്‍സ് ഫൗണ്ടേഷന്‍ ജില്ലാ കണ്‍വീനര്‍ ബഷീര്‍ പുതുക്കോട്, തണല്‍ മണ്ണാര്‍ക്കാട് ചെയര്‍മാന്‍ കെ.എം മുസ്തഫ ഹാജി, ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്റ് അബ്ദുസ്സലാം പുലാപ്പറ്റ, കെ.വി അമീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ ബൈത്തുസ്സകാത്ത് കേരള സെക്രട്ടറി സാദിഖ് ഉളിയില്‍ സ്വാഗതവും, ജനറല്‍ കണ്‍വീനര്‍ കെ.വി അമീര്‍ നന്ദിയും പറഞ്ഞു.

മണ്ണാര്‍ക്കാട് താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത അര്‍ഹരായ എട്ട് കുടുംബങ്ങള്‍ക്ക് നാലര സെന്റ് ഭൂമിയില്‍ 550 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണത്തിലാണ് വീട് നിര്‍മ്മിച്ച് നല്‍കിയിരിക്കുന്നത്. പദ്ധതി പ്രദേശത്ത് പൊതു കിണര്‍ സ്ഥാപിച് കുടിവെള്ളവും വരുത്തിയിട്ടുണ്ട്. പൊതുജനങ്ങളുടെയും ഉപഭോക്താക്കളുടെയും കൂടി പങ്കാളിത്തത്തോടെയാണ് വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ബൈത്തുസകാത്ത് വളണ്ടിയര്‍മാരുടെ മേല്‍നോട്ടത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടന്നത്. 2019 ജൂലൈ 19ന് ആരംഭിച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കൊറോണയും, ഒരു പ്രളയക്കാലവും തരണം ചെയ്ത് ഒന്നര വര്‍ഷം കൊണ്ടാണ് പണി പൂര്‍ത്തീകരിച്ചത്. പീപ്പിള്‍സ് വില്ലേജ് എന്ന് നാമകരണം ചെയ്തിട്ടുള്ള ഇവിടേക്ക് എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് വൈദ്യുതി എത്തിച്ചിട്ടുള്ളത്. എട്ട് വീടുകളിലായുള്ള നാല്‍പ്പതോളം പേര്‍ക്ക് ബൈത്തുസ്സകാത്തിന്റെ കാരുണ്യ തണലില്‍ ഇനി ഇവിടെ സ്വപ്ന ജീവിതം നയിക്കാം.

സംഘടിതമായി സകാത്ത് ശേഖരിക്കുകയും സാമൂഹ്യ പുരോഗതിക്കുതകുന്ന രീതിയില്‍ അത് വിനിയോഗിക്കുകയും ചെയ്യുന്ന കേരളത്തിലെ ഏറ്റവും വലിയ സംഘടിത സകാത്ത് സംരംഭമാണ് ബൈത്തുസ്സകാത്ത് കേരള. 20 വര്‍ഷമായി സംസ്ഥാനത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഈ സംരംഭത്തിന് 1584 സ്വയം തൊഴില്‍ പദ്ധതികള്‍, 2237 വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, 1780 റേഷന്‍/പെന്‍ഷന്‍, 209 കുടിവെള്ള പദ്ധതികള്‍, 766 വീടുകളുടെ നിര്‍മ്മാണത്തിന് പൂര്‍ണ്ണ സഹായം, 2752 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരണത്തിന് സഹായം, 1632 കടബാധ്യത തീര്‍ക്കുന്നതിനുള്ള സഹായം, 3459 ചികിത്സാ സഹായം തുടങ്ങിയ മേഖലകളില്‍ ഫലപ്രദമായി സകാത്ത് വിനിയോഗിക്കാന്‍ സാധിച്ചിട്ടുണ്ട്. മേല്‍പ്പറഞ്ഞ വിവിധ പദ്ധതികളിലായി 15,000 ത്തോളം ഗുണഭോക്താകള്‍ക്ക് ഇതുവരെ ബൈത്തുസ്സക്കാത്തിെന്റ സേവനം ലഭ്യമായിട്ടുണ്ട്. പ്രാദേശിക സകാത്ത് റിലീഫ് സംരംഭങ്ങളുടേയും ഗുണഭോക്താക്കളുടെയും സഹകരണത്തോടെ പങ്കാളിത്ത പദ്ധതികളും ബൈത്തുസ്സകാത്ത് കേരള നിര്‍വഹിക്കുന്നുണ്ട്.

Related Articles