Current Date

Search
Close this search box.
Search
Close this search box.

ബാബരി: നിയമവാഴ്ചയുടെ തകര്‍ച്ച തെളിയിക്കുന്ന വിധി- ജമാഅത്തെ ഇസ്‌ലാമി

babari.jpg

കോഴിക്കോട്: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ കുറ്റാരോപിതരെ മുഴുവന്‍ വെറുതെ വിടുകയും ഗൂഢാലോചന നടന്നില്ലെന്ന തീര്‍പ്പിലെത്തുകയും ചെയ്ത ലഖ്‌നൗ സി.ബി.ഐ പ്രത്യേക കോടതിവിധി ഇന്ത്യന്‍ നിയമ, നീതിവ്യവസ്ഥയുടെ തകര്‍ച്ചയെയാണ് വെളിപ്പെടുത്തുന്ന തെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് പ്രതികരിച്ചു. വിധി അപ്രതീക്ഷിതമല്ല. ബാബരി കേസിലടക്കം സമീപകാലത്ത് പരമോന്നത കോടതിയുള്‍പ്പെടെ നടത്തിയ വിധിപ്രസ്താവങ്ങളുടെ സ്വാഭാവിക തുടര്‍ച്ച മാത്രമാണിത്. പള്ളി പൊളിച്ചത് കുറ്റകൃത്യമാണെന്ന് സുപ്രീം കോടതി വിധിച്ചിട്ടുണ്ട്.

മസ്ജിദ് തകര്‍ത്തതിന് ശേഷം സംഘ്പരിവാര്‍ നേതാക്കള്‍ ആഹ്ലാദം പ്രകടിപ്പിച്ചതിന്റെ ചിത്രങ്ങള്‍ രാജ്യം കണ്ടതാണ്. കുറ്റാരോപിതര്‍ക്കെതിരായ വേണ്ടത്ര തെളിവുകള്‍ അന്വേഷണ ഏജന്‍സി കോടതിയിലെത്തിച്ചിട്ടുണ്ട്. അന്വേഷണ കമ്മീഷനുകളും ഇക്കാര്യം രാജ്യത്തോട് പറഞ്ഞിട്ടുണ്ട്. എന്നിട്ടും കോടതിക്ക് കുറ്റക്കാരെ കണ്ടെത്താനാവുന്നില്ലെങ്കില്‍ സംഘ്പരിവാര്‍ താല്‍പര്യങ്ങള്‍ക്ക് ഇന്ത്യന്‍ നീതിവ്യവസ്ഥ കീഴടങ്ങി എന്നു മാത്രമേ മനസ്സിലാക്കാനാവൂ. ഇന്ത്യന്‍ ജനതയ്ക്ക് കോടതികളിലുള്ള സംശയം വര്‍ധിപ്പിക്കും എന്നതില്‍ കവിഞ്ഞ ഒരു സംഭാവനയും ഈ വിധി രാഷ്ട്രത്തിന് നല്‍കുന്നില്ല. അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ പ്രതിഛായ തകര്‍ച്ചക്ക് വിധി ആക്കം കൂട്ടുമെന്നും അബ്ദുല്‍ അസീസ് പറഞ്ഞു. സംഘ്പരിവാര്‍ ആധിപത്യ കാലത്ത് ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും സാമൂഹ്യനീതിക്കുംവേണ്ടി ഇന്ത്യന്‍ ജനത ഒന്നിച്ചണിനിരക്കേണ്ടതിന്റെ അനിവാര്യതയാണ് വിധി അടയാളപ്പെടുത്തുന്നതെന്നും അദ്ദേഹം ചുണ്ടിക്കാട്ടി.

 

 

 

Related Articles