Current Date

Search
Close this search box.
Search
Close this search box.

30 വര്‍ഷത്തെ ഉഭയകക്ഷി ബന്ധം; ഇസ്രായേലില്‍ എംബസി തുറന്ന് അസര്‍ബൈജാന്‍

ബാകു: ഇസ്രായേലിലേക്കുള്ള അംബാസഡറായി മുഖ്താര്‍ മമ്മദോവിനെ അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹാം അലിയേവ് ബുധനാഴ്ച നിയമിച്ചു. 30 വര്‍ഷത്തെ ഉഭയകക്ഷി ബന്ധത്തിന് ശേഷം ആദ്യമായാണ് അസര്‍ബൈജാന്‍ ഇസ്രായേലിലേക്ക് അംബാസഡറെ നിയമിക്കുന്നത്. വിദ്യാഭ്യാസ, വിദേശകാര്യ മന്ത്രാലയത്തില്‍ പദവി വഹിച്ചിരുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മുഖ്താര്‍ മമ്മദോവിനെ ഇസ്രായേലിലേക്കുള്ള ആദ്യ അംബാസഡറായി നിയമിച്ചുകൊണ്ടുള്ള പ്രസിഡന്‍ഷ്യല്‍ ഉത്തരവില്‍ അലിയേവ് ഒപ്പുവെച്ചു -അല്‍ജസീറ വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, അസര്‍ബൈജാനും അയല്‍രാജ്യമായ ഇറാനും തമ്മില്‍ അസ്വസ്ഥതകള്‍ പുകയുന്ന സാഹചര്യമാണുള്ളത്.

ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ശക്തമായ ബന്ധത്തെ ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവും പ്രസിഡന്റ് അലിയേവും പ്രശംസിച്ചു. 1990കളുടെ തുടക്കം മുതല്‍ അസര്‍ബൈജാന്‍ തലസ്ഥാനമായ ബാകുവില്‍ ഇസ്രായേലിന് എംബസിയുണ്ട്. ഏതാനും വര്‍ഷങ്ങളായി അസര്‍ബൈജാനെ ഇസ്രായേല്‍ സൈനികമായി പിന്തുണക്കുന്നുണ്ട്. നഗോര്‍ണോ-കരാബാഗ് മേഖലയെ ചൊല്ലി അര്‍മേനിയയുമായുള്ള തര്‍ക്കത്തിലും ഇസ്രായേല്‍ നയതന്ത്രപരമായി അസര്‍ബൈജാനെ പിന്തുണക്കുന്നുണ്ട്. ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ 40 ശതമാനം അസര്‍ബൈജാന്‍ ഇസ്രായേലിനാണ് നല്‍കുന്നത്.

കഴിഞ്ഞ നവംബറില്‍, ഇസ്രായേലില്‍ എംബസി തുറക്കുന്നതിന് വഴിയൊരുക്കുന്ന നിയമം പാര്‍ലമെന്റ് പാസാക്കിയിരുന്നു. ഇസ്രായേലുമായുള്ള രാജ്യത്തിന്റെ ബന്ധം കാരണം അസര്‍ബൈജാനും ഇറാനും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തെ തുടര്‍ന്നാണ് പാര്‍ലമെന്റ് നിയമം പാസാക്കിയത്. അസര്‍ബൈജാനുമായി ഇസ്രായേല്‍ രഹസ്യ സഖ്യമുണ്ടാക്കി സൈനിക താവളം സ്ഥാപിച്ചതായി ഇറാന്‍ വിദേശകാര്യ മന്ത്രി അമീര്‍ അബ്ദുല്ലിഹ് യാന്‍ കഴിഞ്ഞ വര്‍ഷം ആരോപണം ഉന്നയിച്ചിരുന്നെങ്കിലും, അസര്‍ബൈജാന്‍ ഈ ആരോപണങ്ങള്‍ നിഷേധിക്കുകയായിരുന്നു.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles