സംഘ്പരിവാര്‍ അജണ്ടയായ ‘ദി കേരള സ്റ്റോറി’ക്കെതിരെ രാഷ്ട്രീയ-സാംസ്‌കാരിക-കലാ മേഖലകളില്‍ നിരവധി പ്രമുഖരാണ് ഇതിനകം പ്രതികരണവുമായി രംഗത്തെത്തിയത്. ഇപ്പോഴിതാ വിഖ്യാത സംഗീത സംവിധായകനും ഗായകനുമായ എ.ആര്‍ റഹ്‌മാനും കേരള സ്‌റ്റോറിക്കെതിരെ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പ്രതികരണമറിയിച്ച് രംഗത്തുവന്നിരിക്കുന്നു.
കേരളത്തിലെ ഒരു മുസ്ലിം പള്ളിയില്‍ വെച്ച് നടന്ന ഹിന്ദു വിവാഹ ചടങ്ങിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് റഹ്‌മാന്‍ കേരള സ്റ്റോറിയെ വിമര്‍ശിച്ചത്. 2022ല്‍ കായംകുളത്തെ ചേരാവള്ളി മസ്ജിദ് അങ്കണത്തില്‍ വെച്ച് നടന്ന അഞ്ജു-ശരത് ദമ്പതികളുടെ വിവാഹ വീഡിയോ ആണ് റഹ്‌മാന്‍ ട്വീറ്റ് ചെയ്തത്.
‘ഇതാ മറ്റൊരു കേരള സ്‌റ്റോറി’ എന്നാണ് റഹ്‌മാന്‍ ട്വീറ്റിന് നല്‍കിയ തലക്കെട്ട്്. ഈ വിവാഹവുമായി ബന്ധപ്പെട്ട് തയാറാക്കിയ ഇംഗ്ലീഷ് വീഡിയോ റിപ്പോര്‍ട്ട് റഹ്‌മാന്‍ റീട്വീറ്റ് ചെയ്യുകയായിരുന്നു. കോംമ്രേഡ് ഫ്രം കേരള എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയാണ് റഹ്‌മാന്‍ റീ ട്വീറ്റ് ചെയ്തത്. ‘അഭിനന്ദനങ്ങള്‍, മനുഷ്യത്വത്തോടുള്ള സ്നേഹം ഉപാധികളില്ലാത്തതും സാന്ത്വനവുമായിരിക്കണം’ എന്നാണ് റഹ്‌മാന്‍ വീഡിയോക്ക് മുകളില്‍ കുറിച്ചിട്ടത്.
ദേശീയ മാധ്യമമായ ‘ദി ന്യൂസ് മിനുറ്റ്’ ആണ് 2022ല്‍ വീഡിയോ സ്‌റ്റോറി തയാറാക്കിയത്. വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലായി വീഡിയോ ഇതിനകം ലക്ഷക്കണക്കിന് പേരാണ് വീണ്ടും കണ്ടത്. പതിനായിരക്കണക്കിന് പേര്‍ ഈ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.
ഒരു വര്‍ഷം മുന്‍പ് നടന്ന വിവാഹ ചടങ്ങിന്റെ വീഡിയോ ഇപ്പോള്‍ കേരള സ്‌റ്റോറി സിനിമയുടെ പശ്ചാതലത്തില്‍ വീണ്ടും ശ്രദ്ധ നേടുകയായിരുന്നു. ഇതാണ് കേരളത്തിന്റെ യഥാര്‍ത്ഥ കഥയെന്നും ഹിന്ദു-മുസ്ലിം സൗഹാര്‍ദം കേരളത്തില്‍ ഇങ്ങിനെയാണെന്നും കേരളത്തിലെ മത സൗഹാര്‍ദം സംഘ്പരിവാറിന്റെ കള്ളക്കഥകളിലൂടെ തകര്‍ക്കാനാവില്ലെന്നും കാണിച്ചാണ് നിരവധി പേര്‍ വീഡിയോ പങ്കുവെച്ചത്.
🪀 കൂടുതൽ വായനക്ക് 👉🏻: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL