Current Date

Search
Close this search box.
Search
Close this search box.

ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ പള്ളി അള്‍ജീരിയയില്‍ തുറന്നു

അള്‍ജിഴേര്‍സ്: ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെയും ആഫ്രിക്കയിലെ ഏറ്റവും വലുതുമായ പള്ളി അള്‍ജീരിയയില്‍ തുറന്നു. വര്‍ഷങ്ങളായി രാജ്യത്തെ രാഷ്ട്രീയ മാറ്റങ്ങളെത്തുടര്‍ന്ന് പ്രതിസന്ധിയിലായിരുന്ന പള്ളിയുടെ നിര്‍മാണം റമദാന് മുന്നോടിയായാണ് പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്തത്. തിങ്കളാഴ്ച അള്‍ജീരിയന്‍ പ്രസിഡന്റ് അബ്ദുല്‍ മജീദ് തിബൂന്‍ ആണ് ഗ്രാന്‍ഡ് മസ്ജിദ് തുറന്നുനല്‍കിയത്.

വടക്കേ ആഫ്രിക്കന്‍ രാജ്യത്തിന്റെ മെഡിറ്ററേനിയന്‍ തീരപ്രദേശമായ ജമാ അല്‍ ജസൈറില്‍ ആണ് പള്ളി സ്ഥാപിച്ചിരിക്കുന്നത്. ലോകത്തെ ഏറ്റവും ഉയരം കൂടിയ (265 മീറ്റര്‍) പള്ളി മിനാരങ്ങളില്‍ ഒന്ന് കൂടിയാണിത്. ഗ്രാന്‍ഡ് മസ്ജിദില്‍ 120,000 പേരെ ഉള്‍ക്കൊള്ളാനുള്ള സൗകര്യമുണ്ട്.

ഇസ്ലാമിലെ പുണ്യസ്ഥലങ്ങളായ മക്കയിലെയും മദീനയിലെയും പള്ളികള്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ മൂന്നാമത്തെ മസ്ജിദ് ആണിത്. ഏഴു വര്‍ഷമെടുത്താണ് ഇതിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. 70 ഏക്കര്‍ ഭൂമിയില്‍ വടക്കന്‍ ആഫ്രിക്കയിലെ ആഢംബര മരങ്ങളും മാര്‍ബിളും ഉപയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.

മസ്ജിദില്‍ ഒരു ഹെലികോപ്റ്റര്‍ ലാന്‍ഡിംഗ് പാഡും ഒരു ദശലക്ഷം പുസ്തകങ്ങള്‍ വരെ സൂക്ഷിക്കാന്‍ കഴിയുന്ന വലിയ ലൈബ്രറിയും ഉണ്ട്.
അടുത്ത മാസം ആരംഭിക്കുന്ന റമദാന് മുന്നോടിയായി പൊതു പ്രാര്‍ത്ഥനകള്‍ക്കും പരിപാടികള്‍ക്കും ആതിഥേയത്വം വഹിക്കുന്നതിന് മുന്നോടിയായാണ് മസ്ജിദിന്റെ ഔദ്യോഗിക ഉദ്ഘാടനം നടത്തിയത്.

അഞ്ച് വര്‍ഷമായി അള്‍ജീരിയയിലെത്തുന്ന അന്താരാഷ്ട്ര വിനോദസഞ്ചാരികള്‍ക്കും രാജ്യത്തെ സന്ദര്‍ശകര്‍ക്കും വേണ്ടി മസ്ജിദ് തുറന്നു നല്‍കിയിരുന്നു. അതിനാല്‍ തന്നെ കഴിഞ്ഞ ദിവസത്തെ ഉദ്ഘാടന ചടങ്ങ് ഏറെക്കുറെ ആചാരപരമായിരുന്നു. 900 മില്യണ്‍ ഡോളറാണ് ഗ്രാന്‍ഡ് മസ്ജിദിന്റെ നിര്‍മ്മാണത്തിന് ചെലവായതെന്നും ഇത് നിര്‍മ്മിച്ചത് ഒരു ചൈനീസ് കമ്പനിയാണെന്നും അല്‍ജസീറയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇസ്ലാമിലെ പുണ്യസ്ഥലങ്ങള്‍ക്ക് പുറത്തുള്ള ഏറ്റവും വലിയ പള്ളിയാണിത്. ഭൂകമ്പ സാധ്യതയുള്ള പ്രദേശത്താണ് ഇത് നിര്‍മ്മിച്ചതെന്ന ആരോപണവും ഉയര്‍ന്നിരുന്നു, എന്നാല്‍ സര്‍ക്കാര്‍ ഇത് നിഷേധിച്ചു.

ജനകീയ പ്രതിഷേധങ്ങള്‍ക്കും അള്‍ജീരിയന്‍ സൈന്യത്തിന്റെ ഇടപെടലിനും പിന്നാലെ 20 വര്‍ഷത്തെ ഏകാധിപത്യ ഭരണത്തിന് ശേഷം 2019ല്‍ രാജിവയ്ക്കാന്‍ നിര്‍ബന്ധിതനായ മുന്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് ബൂതോഫ്ളിക്കയുടെ മോഹന പദ്ധതിയായിരുന്നു ഈ പള്ളിയെന്നും വിമര്‍ശകര്‍ ആരോപിച്ചിരുന്നു. മസ്ജിദിന് തന്റെ പേരിടുകയും 2019 ഫെബ്രുവരിയില്‍ ഉദ്ഘാടനം നടത്താന്‍ അദ്ദേഹം പദ്ധതിയിട്ടിരുന്നുവെങ്കിലും സാധിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Related Articles