Current Date

Search
Close this search box.
Search
Close this search box.

ബുര്‍ജ് ഖലീഫക്ക് മുകളില്‍ എയര്‍ ഹോസ്റ്റസ്; വൈറലായി എമിറേറ്റ്‌സിന്റെ പരസ്യം

ദുബൈ: പ്രമുഖ വിമാന കമ്പനിയായ എമിറേറ്റ്‌സിന്റെ പരസ്യ ചിത്രത്തെക്കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചൂടേറിയ ചര്‍ച്ച. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബൈയിലെ ബുര്‍ജ് ഖലീഫയുടെ ഏറ്റവും മുകളില്‍ കയറി നില്‍ക്കുന്ന എയര്‍ ഹോസ്റ്റസിന്റെ വീഡിയോ പരസ്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. എന്നാല്‍ വീഡിയോ യഥാര്‍ത്ഥത്തില്‍ ഷൂട്ട് ചെയ്തതാണോ കൃത്രിമമായി നിര്‍മിച്ചതാണോ എന്നായിരുന്നു പ്രധാന ചര്‍ച്ച. അത് ഗ്രീന്‍ സ്‌ക്രീന്‍ ഉപയോഗിച്ച് എഡിറ്റ് ചെയ്തതാണ് എന്നായിരുന്നു പലരും വാദിച്ചിരുന്നത്. എന്നാല്‍ അതല്ല സത്യം, അത് യഥാര്‍ത്ഥത്തില്‍ ഷൂട്ട് ചെയ്തതാണ് എന്ന് വെളിപ്പെടുത്തി പിന്നാലെ എമിറേറ്റ്‌സ് തന്നെ രംഗത്തെത്തുകയും മേക്കിങ് വീഡിയോ പുറത്തുവിടുകയും ചെയ്തിരുന്നു. ഈ വീഡിയോയും അതിവേഗം സോഷ്യല്‍ മീഡിയയില്‍ വൈറലായി.

പരസ്യം ചിത്രീകരിക്കാനായി നിക്കോള്‍ സ്മിത്ത് ലുഡ്‌വിക് എന്ന പ്രൊഫഷണല്‍ സ്‌കൈ ഡൈവിങ് ഇന്‍സ്ട്രക്ടറായ യുവതിയാണ് ബുര്‍ജ് ഖലീഫയുടെ മുകളില്‍ കയറിയത്. വീഡിയോ പരിശീലനവും പരീക്ഷണവും പൂര്‍ത്തിയാക്കി കര്‍ശന സുരക്ഷ ഉറപ്പാക്കിക്കൊണ്ടാണ് പരസ്യ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഇതെല്ലാം മേക്കിങ് വീഡിയോവില്‍ കാണിക്കുന്നുണ്ട്. സുരക്ഷയും മികച്ച പ്രകടനവും ഉറപ്പാക്കാന്‍ വേണ്ടിയാണ് പരിചയ സമ്പന്നയായ സ്‌കൈ ഡൈവറെ തന്നെ തെരഞ്ഞെടുത്തതെന്ന് എമിറേറ്റ്‌സ് അധികൃതര്‍ പറഞ്ഞു.

കോവിഡ് പ്രതിസന്ധി ഏറെ ബാധിച്ച ഒരു മേഖലയായിരുന്നു വിമാന സര്‍വീസുകളും വിമാന കമ്പനികളും. കോവിഡ് മൂലം അനവധി യാത്ര ഷെഡ്യൂളുകളാണ് എമിറേറ്റ്‌സ് അടക്കമുള്ള കമ്പനികള്‍ റദ്ദ് ചെയ്ത് നഷ്ടത്തിലേക്ക് പോകേണ്ടി വന്നത്. തുടര്‍ന്ന് വീണ്ടും പല രാജ്യങ്ങളും നിയന്ത്രണങ്ങള്‍ നീക്കുകയായിരുന്നു. യാത്ര വിലക്കില്‍ നിന്നും യു.കെ യു.എ.ഇയെ നീക്കിയതോടെ യാത്രക്കാരെ ആകര്‍ഷിക്കാന്‍ വേണ്ടിയാണ് എമിറേറ്റ്‌സ് പുതിയ പരസ്യം പ്രസിദ്ധീകരിച്ചത്.

ഞങ്ങള്‍ ലോകത്തിന്റെ ഏറ്റവും നെറുകയില്‍ എന്ന തലക്കെട്ടോട്ടെ പുറത്തിറക്കിയ വീഡിയോവില്‍ എമിറേറ്റ്‌സിന്റെ യൂണിഫോം ധരിച്ച ഒരു യുവതി കൈയില്‍ പിടിച്ച വ്യത്യസ്ത പരസ്യ കാര്‍ഡുകള്‍ ക്യാമറക്കു മുന്നില്‍ മാറ്റുന്നതാണ് പരസ്യത്തിന്റെ ഇതിവൃത്തം.

Related Articles