Current Date

Search
Close this search box.
Search
Close this search box.

ഹാദിയ നേരിടുന്നത് സമാനതയില്ലാത്ത നീതിനിഷേധം: ബഹുജനസംഗമം

തിരുവനന്തപുരം: സമാനതകളില്ലാത്ത നീതിനിഷേധമാണ് മതംമാറ്റത്തിന്റെ പേരില്‍ ഹാദിയ നേരിടുന്നതെന്നും ഈ വിഷയത്തില്‍ സൂക്ഷ്മതയോടെയുള്ള ഇടപെടലാണ് വേണ്ടതെന്നും സോളിഡാരിറ്റി സംഘടിപ്പിച്ച ബഹുജനസംഗമം അഭിപ്രായപ്പെട്ടു. യുവതിയുടെ വിവാഹം അസാധുവാക്കി കോടതി നടത്തിയ നിരീക്ഷണങ്ങളും വിഷയം ദേശീയ അന്വേഷണ ഏജന്‍സിക്ക് വിട്ട സാഹചര്യവും ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. മതംമാറിയെന്ന ഒറ്റ കാരണത്താല്‍ മനുഷ്യാവകാശവും നീതിയും സ്വാതന്ത്ര്യവും നിഷേധിച്ച് യുവതിയെ വീട്ടിനുള്ളില്‍ പാര്‍പ്പിച്ചിരിക്കുന്ന സമാനസാഹചര്യം കേട്ടുകേള്‍വി പോലുമില്ല. ഇഷ്ടമുള്ള മതം സ്വീകരിക്കാനും പിന്നീട് വേണ്ടെന്നുവെക്കാനുമുള്ള അവകാശം ഭരണഘടന ഉറപ്പുനല്‍കുന്നു. ഹാദിയയുടെ പിതാവിന്റെ മാനസികാവസ്ഥയെ മാനിക്കണം.
എന്നാല്‍, പ്രായപൂര്‍ത്തിയായ യുവതിയുടെ കാര്യത്തില്‍ പുറംതിരിഞ്ഞു നില്‍ക്കരുതെന്നും സംഗമം ആവശ്യപ്പെട്ടു. തിരുവനന്തപുരം പ്രസ്‌ക്ലബ് ഹാളില്‍ നടന്ന സംഗമം ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്തു. ഹാദിയക്ക് എന്തു പറയാനുണ്ടെന്ന് കേള്‍ക്കാന്‍ ഒരവസരം നല്‍കാത്ത സാഹചര്യം ദൗര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. ആരുടെയും നിര്‍ബന്ധത്തിന് വഴങ്ങിയല്ല മതം മാറിയതെന്ന് ഇതിനകം തുറന്നുപറഞ്ഞു.
സ്വന്തം ഇഷ്ടത്തിന് മതംമാറുന്നത് രാജ്യത്ത് ആദ്യ സംഭവമല്ല. മതംമാറ്റം അനാവശ്യ ചര്‍ച്ചയിലേക്ക് വഴിമാറി മതസ്പര്‍ധയുണ്ടാക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തെ മതാടിസ്ഥാനത്തില്‍ വിഭജിക്കാനുള്ള യത്‌നമാണ് ഹാദിയയുടെ മതംമാറ്റവുമായി ബന്ധപ്പെട്ട് ഉരുത്തിരിഞ്ഞതെന്ന് മുഖ്യപ്രഭാഷണം നടത്തിയ കവി സച്ചിദാനന്ദന്‍ അഭിപ്രായപ്പെട്ടു. ഏതെങ്കിലും സമ്മര്‍ദം കാരണമല്ല മതം മാറിയതെന്ന് ഹാദിയയുടെ കാര്യത്തില്‍ വ്യക്തമാണ്. അനാവശ്യ സ്വത്വബോധം സൃഷ്ടിച്ച് ഇസ്‌ലാം മതത്തെ അപരവത്കരിക്കാനുള്ള ശ്രമമാണ് സമൂഹത്തില്‍ ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ചടങ്ങില്‍ സി.പി. ജോണ്‍, ബി. രാജീവന്‍, ഭാസുരേന്ദ്രബാബു, മൗലവി വി.പി. സുഹൈബ്, കെ.എ. ഷഫീഖ്, കെ.കെ. ബാബുരാജ്, യൂസുഫ് ഉമരി, ജുസൈന എന്നിവരും സംസാരിച്ചു. സോളിഡാരിറ്റി വൈസ് പ്രസിഡന്റ് സമദ് കുന്നക്കാവ് അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഉമര്‍ ആലത്തൂര്‍ സ്വാഗതവും ജില്ല സെക്രട്ടറി ജാസിന്‍ നന്ദിയും പറഞ്ഞു.

Related Articles