Current Date

Search
Close this search box.
Search
Close this search box.

ഹാജിമാര്‍ ഏകമാനവികതയുടെ പ്രചാരകരാവണം: എം.ഐ. അബ്ദുല്‍ അസീസ്

മലപ്പുറം: ഏകദൈവത്വത്തിന്റെയും ഏകമാനവികതയുടെയും ഉജ്ജ്വലമായ പ്രഖ്യാപനമാണ് ഹജ്ജ് വിളംബരം ചെയ്യുന്നതെന്നും ഹാജിമാര്‍ ഈ സന്ദേശത്തിന്റെ പ്രചാരകരും പ്രബോധകരുമാകണമെന്നും ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് ആഹ്വാനം ചെയ്തു. ദേശ ഭാഷാ വര്‍ഗ വര്‍ണ വിശ്വാസ വൈവിധ്യങ്ങളുടെ പേരില്‍ പരസ്പരം കലഹിക്കുന്ന മനുഷ്യസമൂഹത്തിന്, ഒരേ മാതാപിതാക്കളുടെ മക്കളാണ് തങ്ങളെന്ന തിരിച്ചറിവ് നല്‍കുന്ന കര്‍മം കൂടിയാണ് പരിശുദ്ധ ഹജ്ജ്.  സാമുദായിക ധ്രുവീകരണത്തിനു വേണ്ടിയുള്ള ശ്രമങ്ങളും അസഹിഷ്ണുതയും വര്‍ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ ഹജ്ജ് ഉയര്‍ത്തിപ്പിടിക്കുന്ന ഏക മാനവിക സന്ദേശത്തിന് പ്രസക്തി വര്‍ധിച്ചിരിക്കുകയാണ്  അമീര്‍ കൂട്ടിച്ചേര്‍ത്തു. ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാസമിതി ശാന്തപുരത്ത് സംഘടിപ്പിച്ച ഏകദിന ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹജ്ജ്, ഉംറ എന്ത്? എങ്ങിനെ? എന്ന വിഷയത്തില്‍ ജമാഅത്തെ ഇസ്‌ലാമി കേരള അസിസ്റ്റന്റ് അമീര്‍ വി.ടി. അബ്ദുല്ലക്കോയ തങ്ങള്‍ പഠനക്ലാസ്സ് നടത്തി.  ഹജ്ജും ഉംറയുമായ ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക് ഇല്‍യാസ് മൗലവി, ഹൈദരലി ശാന്തപുരം തുടങ്ങിയവര്‍ വിശദീകരണങ്ങള്‍ നല്‍കി. ഹജ്ജ് കര്‍മങ്ങളുടെ ആത്മാവും ചൈതന്യവും എന്ന വിഷയത്തില്‍ ഹൈദരലി ശാന്തപുരം സംസാരിച്ചു.  ജില്ലാസമിതിയംഗം സി.എച്ച്. അബ്ദുല്‍ ഖാദിര്‍ സമാപന പ്രഭാഷണവും പ്രാര്‍ത്ഥനയും നടത്തി.  ജില്ലാ പ്രസിഡണ്ട് എം.സി. നസീര്‍ അധ്യക്ഷനായിരുന്നു.  ജില്ലാസമിതിയംഗം ഇ.വി. അബ്ദുസ്സലാം സ്വാഗതം പറഞ്ഞു.

Related Articles