Current Date

Search
Close this search box.
Search
Close this search box.

സൗദി സഖ്യസേനയുടെ ആക്രമണത്തില്‍ യമനില്‍ കൊല്ലപ്പെട്ടത് 68 കുട്ടികള്‍

സന്‍ആ: കഴിഞ്ഞ മൂന്നു മാസത്തിനിടെ യമനില്‍ സൗദി സഖ്യസേന നടത്തിയ ആക്രമണത്തില്‍ 68 കുട്ടികള്‍ കൊല്ലപ്പെട്ടു. യമനില്‍ സര്‍ക്കാര്‍ സൈന്യവുമായി ചേര്‍ന്ന് ഹൂതി വിമതര്‍ക്കെതിരേ സൗദി നടത്തിയ വ്യോമാക്രമണത്തിലും ബോംബിങ്ങിലും കൊല്ലപ്പെട്ട കുട്ടികളുടെ മാത്രം കണക്കുകളാണിത്. യു.എന്നിന്റെ റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് അല്‍ജസീറയാണ് വാര്‍ത്ത പുറത്തുവിട്ടത്.

2017 ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കണക്കാണിത്. ഇതില്‍ 36 കുട്ടികള്‍ക്ക് പരുക്കേറ്റതായും പറയുന്നുണ്ട്. ജനുവരി 19നാണ് യു.എന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സിറിയയിലെ സ്‌കൂളുകളും വീടുകളും ലക്ഷ്യമിട്ട് ദിവസവും 20ഓളം ആക്രമണങ്ങളാണ് നടക്കാറുള്ളത്. 2014ഓടെ ഹൂതി വിമതര്‍ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശവും കൈയടക്കിയതോടെയാണ് ഹൂതികള്‍ക്കെതിരേ സൗദി അടക്കമുള്ള രാജ്യങ്ങള്‍ സൈനിക നടപടി ശക്തമാക്കിയത്.

2015ലാണ് മറ്റു അറബ് രാജ്യങ്ങളോടൊപ്പം സൗദിയും സൈനിക സഖ്യത്തില്‍ സജീവമായത്. തുടക്കത്തില്‍ സൗദി നേതൃത്വത്തിന്റെ ഇടപെടല്‍ ബോംബിങ് ക്യാംപയിനിങ്ങിലായിരുന്നു. എന്നാല്‍ പിന്നീട് നാവിക സേനയുടെ നേതൃത്വത്തിലുള്ള ഉപരോധവും യമനിലെ പ്രധാന സ്ഥലങ്ങളിലെല്ലാം തങ്ങളുടെ സൈന്യത്തെ വിന്യസിക്കുന്ന കാഴ്ചയുമാണ് കാണാന്‍ കഴിഞ്ഞത്.

അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട യമനിലെ അബ്ദു റബ്ബ് മന്‍സൂര്‍ ഹാദി സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് തങ്ങള്‍ ഹൂതി വിമതര്‍ക്കെതിരേ യുദ്ധം ചെയ്യുന്നതെന്നാണ് സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ വാദം. എന്നാല്‍ ഇവരുടെ ആക്രമണം മൂലം സ്ത്രീകളും കുട്ടികളുമടക്കം പതിനായിരക്കണക്കിന് നിരപരാധികളാണ് ഇതിനോടകം മരിച്ചു വീണത്. സൗദി സൈന്യത്തിനും യമന്‍ സര്‍ക്കാരിനുമെതിരേയാണ് ഹൂതികള്‍ ആക്രമണം നടത്തുന്നത്.

 

 

Related Articles