Current Date

Search
Close this search box.
Search
Close this search box.

സൗദി എണ്ണക്കപ്പലുകളെ ആക്രമിക്കുമെന്ന് ഹൂഥി നേതാവിന്റെ ഭീഷണി

സന്‍ആ: സൗദിക്ക് മുകളിലൂടെ വട്ടമിട്ട് പറക്കാന്‍ തങ്ങളുടെ വിമാനങ്ങള്‍ക്ക് സാധിച്ചിട്ടുണ്ടെന്നും അടുത്ത് തന്നെ അവയുപയോഗിച്ച് സൗദിയെ ആക്രമിക്കുമെന്നും ഹൂഥി നേതാവ് അബ്ദുല്‍ മലിക് അല്‍ഹൂഥിയുടെ ഭീഷണി. അബൂദബിയില്‍ വരെ എത്തുന്ന മിസൈലുകളും തങ്ങളുടെ പക്കലുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. യമനിലെ അല്‍ഹുദൈദ നഗരത്തിന് നേരെയുണ്ടാകുന്ന ഏതൊരാക്രണത്തിനും സൗദിയുടെ എണ്ണക്കപ്പലുകള്‍ ആക്രമിക്കുന്നതടക്കമുള്ള തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം വെല്ലുവിളിച്ചു.
മിസൈലുകളുടെ ശേഷിയില്‍ വലിയ നേട്ടം കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്. അതിന്റെ നിര്‍മാണ പദ്ധതികള്‍ പുരോഗതി പ്രാപിച്ചു കൊണ്ടിരിക്കുകയാണ്. സൗദിയുടെ പെട്രോളിയ സ്ഥാപനങ്ങള്‍ ഞങ്ങളുടെ റോക്കറ്റുകളുടെ ലക്ഷ്യ കേന്ദ്രമായിരിക്കുന്നു. എണ്ണക്കപ്പലുകളുടെ സുരക്ഷ അവര്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അല്‍ഹുദൈദയില്‍ അവര്‍ യുദ്ധത്തിന് മുതിരരുത്. എന്നും ഹൂഥി നേതാവ് താക്കീത് ചെയ്തു. ചെങ്കടലിനോട് ചേര്‍ന്നു കിടക്കുന്ന തന്ത്രപ്രധാന തുറമുഖ നഗരമാണ് അല്‍ഹുദൈദ. നിലവില്‍ ഹൂഥികളുടെ നിയന്ത്രണത്തിലാണ് നഗരമുള്ളത്.
ഹൂഥികള്‍ക്കും മുന്‍ യമന്‍ പ്രസിഡന്റ് അലി അബ്ദുല്ല സാലിഹിന്റെ സൈന്യത്തിനുമെതിരെയുള്ള പോരാട്ടത്തില്‍ യമന്‍ ഭരണകൂടത്തെ പിന്തുണക്കുന്ന സഖ്യത്തില്‍ പ്രധാന കക്ഷിയാണ് യു.എ.ഇക്ക് എതിരെയുള്ള വെല്ലുവിളിയുടെ കാരണം. യു.എ.ഇ തങ്ങളുടെ മിസൈലുകളുടെ ലക്ഷ്യകേന്ദ്രമാണെന്നും അവിടത്തെ കമ്പനികള്‍ ഇനിമുതല്‍ ആ രാജ്യത്തെ ഒരു സുരക്ഷിത പ്രദേശമായി കാണേണ്ടതില്ലെന്നും ഹൂഥി നേതാവ് ഭീഷണി മുഴക്കി. യമനിലെ പോരാട്ടങ്ങളില്‍ യു.എ.ഇ സൈന്യത്തിലെ നൂറോളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും അല്‍ജസീറ റിപോര്‍ട്ട് വ്യക്തമാക്കി.

Related Articles