Current Date

Search
Close this search box.
Search
Close this search box.

സ്ത്രീകളെ അടിമവല്‍കരിക്കുന്നതിന്റെ പ്രതീകമാണ് ബുര്‍കിനി: ഫ്രഞ്ച് പ്രസിഡന്റ്

പാരീസ്: ഫ്രാന്‍സിലെ മൂന്ന് തീരദേശ നഗരങ്ങളില്‍ മുസ്‌ലിം സ്ത്രീകള്‍ ഉപയോഗിക്കുന്ന നീന്തല്‍ വസ്ത്രമായ ബുര്‍കിനിക്ക് നിരോധനം ഏര്‍പ്പെടുത്തി കൊണ്ടുള്ള ഗവര്‍ണര്‍മാരുടെ നടപടിക്ക് ഫ്രഞ്ച് പ്രധാനമന്ത്രി മാനുവല്‍ വാള്‍സിന്റെ പിന്തുണ. സ്ത്രീകളെ അടിമവല്‍കരിക്കുന്നതില്‍ അധിഷ്ഠിതമായ സാമൂഹ്യവിരുദ്ധമായ, രാഷ്ട്രീയ പദ്ധതിയെയാണ് ബുര്‍കിനി പ്രകടമാക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
‘ലാ പ്രൊവന്‍സ്’ പത്രം ബുധനാഴ്ച്ച പ്രസിദ്ധീകരിച്ച മാനുവല്‍ വാള്‍സുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. സംഘര്‍ഷഭരിതമായ നിലവിലെ സാഹചര്യത്തില്‍ അസ്വസ്ഥതകള്‍ ഒഴിവാക്കാനുദ്ദേശിച്ച് ഗവര്‍ണര്‍മാര്‍ സ്വീകരിച്ച നടപടി തനിക്ക് മനസ്സിലാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൊതു ഇടങ്ങള്‍ എന്നതിന്റെ അടിസ്ഥാനത്തില്‍ കടല്‍ തീരങ്ങള്‍ മതചിഹ്നങ്ങളില്‍ നിന്ന് മുക്തമാവേണ്ടത് അനിവാര്യമാണെന്നും വാള്‍സ് അഭിപ്രായപ്പെട്ടു. പൂര്‍ണമായും മറക്കപ്പെടേണ്ട അധര്‍മകാരികളാണ് സ്ത്രീകള്‍ എന്ത ചിന്തയാണ് ബുര്‍കിനിക്ക് പിന്നില്‍. ഫ്രഞ്ച് മൂല്യങ്ങള്‍ക്ക് നിരക്കാത്ത കാര്യമാണത്. ഭരണകൂടം പ്രകോപനങ്ങള്‍ക്ക് തടയിടേണ്ടത് അനിവാര്യമാണ്. എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. പൊതുസ്ഥലങ്ങളില്‍ നിഖാബിനുള്ള വിലക്ക് കര്‍ശനമായി നടപ്പാക്കാനും അദ്ദേഹം ഉത്തരവാദപ്പെട്ട കേന്ദ്രങ്ങളോട് ആവശ്യപ്പെട്ടു.
ശരീരം പൂര്‍ണമായും മറക്കുന്ന ബുര്‍കിനി എന്ന പേരില്‍ അറിയപ്പെടുന്ന നീന്തല്‍ വസ്ത്രത്തിന് കഴിഞ്ഞ ആഴ്ച്ചകളിലാണ് ഫ്രാന്‍സിലെ ചില പ്രവിശ്യകളില്‍ ഗവര്‍ണര്‍മാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. മതേതര വാദികള്‍ക്കും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്നവര്‍ക്കുമിടയില്‍ വലിയ വിവാദത്തിന് കാരണമായ തീരുമാനമായിരുന്നു ഇത്.
വൈവിധ്യത്തിനും സ്ത്രീ വിമോചനത്തിനും എതിരായിട്ടുള്ള ഒരു രാഷ്ട്രീയ പദ്ധതിയുടെ പ്രതീകമാണ് ബുര്‍കിനിയെന്ന് ഫ്രഞ്ച് വനിതാ ക്ഷേമകാര്യ മന്ത്രി ലോറന്‍സ് റോസിംഗോളും പറഞ്ഞു. പാരീസ്, നീസ് ആക്രമണങ്ങള്‍ക്ക് ശേഷമാണ് ‘ബുര്‍കിനി’ ഒരു ചര്‍ച്ചാ വിഷയമായി ഫ്രാന്‍സില്‍ ഉയര്‍ന്നു വന്നിരിക്കുന്നത്.

Related Articles