Current Date

Search
Close this search box.
Search
Close this search box.

സൈനികര്‍ക്കെതിരെ ആക്രമണം; പ്രതികാര നടപടികളുമായി ഇസ്രയേല്‍

ഖുദ്‌സ്: പടിഞ്ഞാറന്‍ ഖുദ്‌സില്‍ ഇസ്രയേല്‍ സൈനികര്‍ക്ക് നേരെ വാഹനം ഓടിച്ച് കയറ്റി ആക്രമണം നടത്തിയ ഫലസ്തീനി ഫാദി അല്‍ഖുന്‍ബുറിന്റെ കുടുംബത്തിനെതിരെ കടുത്ത പ്രതികാര നടപടികളുമായി ഇസ്രയേല്‍ ഭരണകൂടം. ട്രക്കുപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ നാല് ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെടുകയും 17 സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവിനിടയിലെ വാഹനം ഇടിച്ചു കയറ്റികൊണ്ടുള്ള ഏറ്റവും വലിയ ആക്രണമാണിത്. വിവിധ ഫലസ്തീന്‍ ഗ്രൂപ്പുകള്‍ ആക്രമണത്തെ ആശീര്‍വദിച്ചിട്ടുണ്ട്.
ആക്രമണം നടത്തിയ വ്യക്തിയുടെ വീട് തകര്‍ക്കുക, ആക്രമണത്തെ അനുകൂലിക്കുകയോ അതില്‍ സന്തോഷം പ്രകടിപ്പിക്കുകയോ ചെയ്യുന്ന മുഴുവന്‍ ആളുകളെയും അറസ്റ്റ് ചെയ്യുക, ആക്രമണം നടത്തിയ വ്യക്തിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുന്നതിന് പകരം ‘അക്കങ്ങളുടെ ശ്മശാനത്തില്‍’ മറമാടുക തുടങ്ങിയ നടപടികള്‍ സ്വീകരിക്കാന്‍ സുരക്ഷാസംബന്ധിയായ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്ന ഇസ്രയേല്‍ മിനി ക്യാബിനറ്റ് തീരുമാനിച്ചിട്ടുണ്ടെന്ന് അല്‍ജസീറ റിപോര്‍ട്ട് ചെയ്യുന്നു. ആക്രമണം നടത്തിയ വ്യക്തിയുടെ പിതാവിനെയും സഹോദരനെയും ഇസ്രേയല്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആക്രമിയുടെ കുടുംബത്തെ അന്ത്യകര്‍മങ്ങള്‍ നടത്താനോ അനുശോചനം സംഘടിപ്പിക്കാനോ അനുവദിക്കില്ലെന്ന് ഇസ്രയേല്‍ ആഭ്യന്തര മന്ത്രി ഗിലാഡ് ഇറാഡാന്‍ പറഞ്ഞു. കുടുംബത്തിന് എത്താന്‍ സാധിക്കാത്ത സ്ഥലത്ത് സുരക്ഷാ വിഭാഗം അയാളുടെ മൃതദേഹം മറമാടുമെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച്ച ഉച്ചക്കാണ് ഫാദി അല്‍ഖുന്‍ബുര്‍ എന്ന 28കാരന്‍ ഇസ്രയേല്‍ സൈനികര്‍ക്ക് നേരെ അതിവേഗത്തില്‍ ട്രക്ക് ഓടിച്ചു കയറ്റി ആക്രമണം നടത്തിയത്. കൊല്ലപ്പെട്ട നാല് സൈനികര്‍ മൂന്ന് പേര്‍ വനിതകളാണ്. ആക്രമണം നടത്തിയ ഫലസ്തീനിയെ ഇസ്രയേല്‍ സൈനികര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ വെടിവെച്ച് കൊലപ്പെടുത്തി. ആക്രമിക്ക് ഐഎസ് പിന്തുണയുണ്ടെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു ആരോപണം ഉന്നയിച്ചിട്ടുണ്ട്. നേരത്തെ ബര്‍ലിനിനും നീസിലും ഐഎസ് നടത്തിയ ആക്രമണങ്ങള്‍ക്ക് സമാനമായ ആക്രമണമാണ് ഖുദ്‌സിലും നടന്നിരിക്കുന്നെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഫലസ്തീന്‍ ജനതക്കെതിരെ ഇസ്രയേല്‍ നടമാടുന്ന അതിക്രമങ്ങളോടും കുറ്റകൃത്യങ്ങളോടുമുള്ള സ്വാഭാവിക പ്രതികരണമെന്നാണ് സംഭവത്തെ ആശീര്‍വദിച്ചു കൊണ്ട് ഹമാസ് പ്രസ്താവിച്ചത്. ഖുദ്‌സ് നിവാസികള്‍ക്കും മസ്ജിദുല്‍ അഖ്‌സക്കും നേരെയുള്ള ഇസ്രയേലിന്റെ ശത്രുതാപരമായ സമീപനത്തിന്റെ ഫലമാണിതെന്നും ഹമാസ് പറഞ്ഞു. ധീരമായ പ്രവര്‍ത്തനം എന്നതിനെ വിശേഷിപ്പിച്ചു കൊണ്ട് അല്‍ജിഹാദുല്‍ ഇസ്‌ലാമിയും ആക്രമണത്തെ ആശീര്‍വദിച്ചിട്ടുണ്ട്. പോപുലര്‍ ഫ്രണ്ട് ഫോര്‍ ദ ലിബറേഷന്‍ ഓഫ് ഫലസ്തീനും സമാനമായ അഭിപ്രായമാണ് പ്രകടിപ്പിച്ചിട്ടുള്ളത്.
മസ്ജിദുല്‍ അഖ്‌സക്ക് നേരെയുള്ള നിരന്തര കയ്യേറ്റങ്ങള്‍ക്ക് മറുപടിയെന്നോണം 2015 ഒക്ടോബറിലാണ് കത്തിയുപയോഗിച്ചും വാഹനം ഇടിച്ചു കയറ്റിയും അക്രമണം നടത്താനുള്ള ശ്രമങ്ങള്‍ക്ക് തുടക്കം കുറിക്കപ്പെട്ടത്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നാല്‍പതോളം ഇസ്രയേലികളും 230 ഫലസ്തീനികളും കൊല്ലപ്പെട്ടിട്ടുണ്ട്.

Related Articles