Current Date

Search
Close this search box.
Search
Close this search box.

സര്‍ക്കാറും വിദ്യാഭ്യാസ വകുപ്പും സംഘ്പരിവാര്‍ വിധേയത്വം അവസാനിപ്പിക്കണം: എസ്.ഐ.ഒ

കോഴിക്കോട്: സംസ്ഥാന സര്‍ക്കാറും വിദ്യാഭ്യാസ വകുപ്പും വിദ്യാലയങ്ങളിലൂടെ സംഘ്പരിവാര്‍ ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് സി.ടി സുഹൈബ് ആവശ്യപ്പെട്ടു. ആര്‍.എസ്.എസിന്റെ വംശീയ രാഷ്ട്രീയത്തിന്റെ താത്വികാചാര്യനായ ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മ ശതാബ്ദി ആഘോഷങ്ങള്‍ നടത്താന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കുലറിലൂടെ നിര്‍ദേശം നല്‍കിയ നടപടി പ്രതിഷേധാര്‍ഹമാണ്. പൊതു വിദ്യാലയങ്ങളെ സംഘ്പരിവാര്‍ ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള മാര്‍ഗമായി ഉപയോഗിച്ചതിനു വിദ്യാഭ്യാസ മന്ത്രി മറുപടി പറയണം.
സ്വാതന്ത്ര്യ ദിനത്തില്‍ പാലക്കാട് കര്‍ണകിയമ്മന്‍ സ്‌കൂളില്‍ ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭഗവത് ദേശീയ പതാക ഉയര്‍ത്തിയിരുന്നു. ജില്ലാ കലക്ടറുടെ വിലക്ക് ലംഘിച്ച് നടത്തിയ പതാക ഉയര്‍ത്തല്‍ ചടങ്ങിന് സര്‍ക്കാറും, വിദ്യാഭ്യാസ വകുപ്പും ഒത്താശ ചെയ്യുകയായിരുന്നു. കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പകരം കളക്ടറെ സ്ഥലം മാറ്റുകയായിരുന്നു സര്‍ക്കാര്‍ ചെയ്തത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് സംസ്‌കൃതി ജ്ഞാന പരീക്ഷ എന്ന പേരില്‍ വിദ്യാഭ്യാസ വകുപ്പിന്റെ മൗന സമ്മതത്തോടെ സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ ആര്‍.എസ്.എസ് സമാന്തര വിദ്യാഭ്യാസം നടത്തുന്നത് പുറത്ത് വന്നത്. കൊയിലാണ്ടി ബോയ്സ്, ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ ആര്‍.എസ്.എസിന്റെ വിദ്യാഭാരതിയുടെ ഇടപെടലിനെതിരെ രക്ഷിതാക്കള്‍ രംഗത്ത് വരികയായിരുന്നു. സ്‌കോളര്‍ഷിപ്പ് പരീക്ഷക്ക് മുന്നോടിയായി വിതരണം ചെയ്ത പുസ്തകം ചരിത്രത്തെയും, വര്‍ത്തമാന കാലത്തെയും വളച്ചൊടിക്കുന്നതും ആര്‍.എസ്.എസ് ആശയം പ്രചരിപ്പിക്കുന്നതുമായിരുന്നു.
നിരന്തരം ആവര്‍ത്തിക്കപ്പെടുന്ന ഇത്തരം സംഭവങ്ങളില്‍ ഉദ്യോഗസ്ഥരെ പഴിചാരി തലയൂരാനാണ് വിദ്യാഭ്യാസ മന്ത്രി ശ്രമിക്കുന്നത്. വിദ്യാലയങ്ങളെ സംഘ്പരിവാറിന് തുറന്നിട്ട് കൊടുക്കുന്ന നടപടിയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും വിദ്യാലയങ്ങളെ കാവിവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ പൊതു സമൂഹം ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി തൗഫീഖ് മമ്പാട്, സെക്രട്ടറിമാരായ ആദില്‍ എ, ഷബീര്‍ സി.കെ, മുജീബ് പാലക്കാട്, എന്നിവര്‍ സംസാരിച്ചു.

Related Articles