Current Date

Search
Close this search box.
Search
Close this search box.

യമനിലെ അതിക്രമങ്ങള്‍ അന്വേഷിക്കാന്‍ വിദഗ്ദ സംഘത്തെ അയക്കുന്നു

ജനീവ: യമനിലെ സംഘര്‍ഷത്തിന്റെ ഭാഗമായ എല്ലാ കക്ഷികളും ചെയ്തുകൂട്ടിയ അതിക്രമങ്ങളെ കുറിച്ച് പഠിക്കാന്‍ അന്താരാഷ്ട്ര-പ്രാദേശിക വിദഗ്ദരുടെ സംഘത്തെ അയക്കണമെന്ന നിര്‍ദേശം ഐക്യരാഷ്ട്രസഭക്ക് കീഴിലുള്ള മനുഷ്യാവകാശ കൗണ്‍സിലിന്റെ ജനീവയില്‍ ചേര്‍ന്ന യോഗം അംഗീകരിച്ചു. യമനിലേക്ക് സ്വതന്ത്ര അന്വേഷണ സമിതിയെ അയക്കണമെന്ന നിര്‍ദേശം കാനഡയും നെതര്‍ലാന്റും സമര്‍പ്പിച്ച പ്രമേയമാണ് ആവശ്യപ്പെട്ടത്. അതേസമയം നേരത്തെ യമനില്‍ രൂപീകരിച്ചിട്ടുള്ള സര്‍ക്കാര്‍ സമിതിയെ നിലനിര്‍ത്തുകയും പിന്തുണക്കുകയും ചെയ്യണമെന്നാവശ്യപ്പെടുന്ന അറബ് പ്രമേയവും സമിതിയില്‍ അവതരിപ്പിക്കപ്പെട്ടിരുന്നു. ദീര്‍ഘനേരം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇരു പ്രമേയങ്ങള്‍ക്കിടയിലും സമവായത്തിലെത്താന്‍ സാധിച്ചതെന്നും അല്‍ജസീറ റിപോര്‍ട്ടര്‍ വ്യക്തമാക്കുന്നു.
യമനിലെ യുദ്ധകുറ്റങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ സംഘത്തെ അയക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച്ച വൈകിയിട്ടാണ് നെതര്‍ലാന്റ് മനുഷ്യാവകാശ കൗണ്‍സിലില്‍ പ്രമേയം സമര്‍പ്പിച്ചത്. പാശ്ചാത്യസമ്മര്‍ദങ്ങളും സൗദിയുടെ മുന്നറിയിപ്പുകളും ഉണ്ടായിരിക്കെയാണ് ഇങ്ങനെയൊരു പ്രമേയവുമായി കൗണ്‍സില്‍ മുന്നോട്ടു നീങ്ങിയത്. യമനിലെ അതിക്രമങ്ങളെ കുറിച്ച് മനുഷ്യാവകാശ കൗണ്‍സില്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ഐക്യരാഷ്ട്രസഭയിലെ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ സൈദ് ബിന്‍ റഅദ് മൂന്ന് വര്‍ഷം മുമ്പ് ആവശ്യപ്പെട്ടിരുന്നു. ഭീരവിരുദ്ധ പോരാട്ടത്തിന്റെയും യമന്‍ സര്‍ക്കാറിനെ സഹായിക്കുന്നതിന്റെയും പേരിലാണ് സൗദി നേതൃത്വം നല്‍കുന്ന അറബ് സഖ്യം യമനിലെ വ്യോമാക്രമണങ്ങളെ ന്യായീകരിക്കുന്നത്. എന്നാല്‍ അവിടെ സിവിലിയന്‍മാര്‍ക്കുണ്ടായ നാശത്തിന് പ്രധാന കാരണം സഖ്യത്തിന്റെ വ്യോമാക്രമണങ്ങളാണെന്നാണ് സൈദ് ബിന്‍ റഅദ് അഭിപ്രായപ്പെട്ടത്.

Related Articles