Current Date

Search
Close this search box.
Search
Close this search box.

യഥാര്‍ഥ ഇസ്‌ലാമിലൂടെ ഇസ്‌ലാമോഫോബിയയെ നേരിടണം: ടി. ആരിഫലി

കണ്ണൂര്‍: ജനാധിപത്യപരവും സ്വാതന്ത്യപരവും മാനവികവുമായ ഇസ്‌ലാമിക സംസ്‌കാരത്തെ ഒന്നിനും കൊള്ളാത്തതും ഭീകരവുമായി ചിത്രീകരിക്കുന്ന ശക്തികളെ ഇസ്‌ലാമിന്റെ യഥാര്‍ഥ മുഖം പ്രസരിപ്പിച്ചും സാംസ്‌കാരികമായ കൂട്ടായ്മകളെ കെട്ടിപ്പടുത്തും നേരിടണമെന്ന് ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ ഉപാധ്യക്ഷന്‍ ടി. ആരിഫലി. സോളിഡാരിറ്റി യൂത്ത്മൂവ്‌മെന്റ് ഡിസംബറില്‍ കോഴിക്കോട് നടത്തുന്ന ഇസ്‌ലാമോഫോബിയ അക്കാദമിക് സമ്മേളനത്തിന്റെ പ്രഖ്യാപനം യൂനിറ്റിസെന്ററില്‍ നിര്‍വഹിക്കുകയായിരുന്നു ആരിഫലി.
വംശീയതയുടെയും നവലിബറല്‍ ആശയങ്ങളുടെയും ആരൂഢത്തില്‍ നിന്നാണ് ഇസ്‌ലാമോഫോബിയ പിറന്നു വീണത്. ഒരു പ്രത്യേക നൈതികമൂല്യങ്ങളും രീതികളും അവലംബിക്കുന്നവരെന്ന നിലയില്‍ മുസ്‌ലിംകള്‍ പൊതുധാരയില്‍ അന്യരാവേണ്ടവരാണെന്ന പിന്തിരിപ്പന്‍ നിലപാടാണ് ഇവര്‍ സ്വീകരിക്കുന്നത്.
മതസൗഹാര്‍ദത്തിന് പേരുകേട്ട കേരളത്തിലെ ചില എഴുത്തുകാര്‍ പോലും അവരുടെ സാംസ്‌കാരിക രാഷ്ട്രീയമായി ഇത്തരം വ്യതിയാനങ്ങളെ ആയുധമാക്കുന്നുണ്ട്. സാംസ്‌കാരികമായ വ്യതിയാനങ്ങള്‍ നേരിടാനുള്ള വഴി ഇസ്‌ലാമിനെ അതിന്റെ യഥാര്‍ഥ മുഖത്തോടെ മുറുകെ പിടിക്കുക എന്നത് മാത്രമല്‌ളെന്നും ഇസ്‌ലാമിന്റെ പേരിലുള്ള തീവ്രതയെ നിരാകരിക്കുക കൂടിയാണെന്നും ആരിഫലി കൂട്ടിച്ചേര്‍ത്തു.
പ്രഖ്യാപന സമ്മേളനം സാഹിത്യകാരന്‍ കെ.പി. രാമനുണ്ണി ഉദ്ഘാടനം ചെയ്തു. സാമ്രാജ്യത്വത്തിന്റെയും പദാര്‍ഥവാദ സംസ്‌കൃതിയുടെയും ഉല്‍പന്നമാണ് ഇസ്‌ലാമോഫോബിയയെന്ന് അദ്ദേഹം പറഞ്ഞു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് ടി. ശാക്കിര്‍ അധ്യക്ഷത വഹിച്ചു. ഇസ്‌ലാമോഫോബിയ അക്കാദമിക് സമ്മേളന വെബ്‌സൈറ്റിന്റെ ഉദ്ഘാടനം കണ്ണൂര്‍ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് നിര്‍വഹിച്ചു.

Related Articles