Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം സമൂഹത്തെ ഭീതിയുടെ മുനമ്പില്‍ നിര്‍ത്താന്‍ ശ്രമം: എം.ഐ അബ്ദുല്‍ അസീസ്

തേഞ്ഞിപ്പലം: മുസ്‌ലിം സമൂഹത്തെ ഭീതിയുടെ മുനമ്പില്‍ നിര്‍ത്താന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നതായി ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ്. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ മൂന്നു ദിവസമായി നടന്നുവരുന്ന ഇസ്‌ലാമോഫോബിയ അന്താരാഷ്ട്ര സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. അന്താരാഷ്ട്ര തലത്തില്‍ സാമ്രജ്യത്വത്തിന്റെ മുന്‍കൈയ്യിലാണെങ്കില്‍ ഇന്ത്യയില്‍ സംഘപരിവാറിന്റെ മേല്‍നോട്ടത്തിലാണ് ഇസ്‌ലാംഭീതി വളര്‍ത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ക്ക് പ്രചരണം നല്‍കി മാധ്യമങ്ങളും ഈ ശ്രമത്തില്‍ പങ്കുചേരുന്നു. ലൗജിഹാദ് സംഭവത്തിലും മറ്റും നടന്നത് ഇതിന് ഉദാഹരണമാണ്. മുസ്‌ലിം പേര് സ്വീകരിക്കുന്നത് പോലും അപകടകരമായി കാണുന്ന സാമൂഹിക സാഹചര്യമാണ് ഇന്നുള്ളത്. ഈ പതിതാവസ്ഥയെ തിരിച്ചറിയാനും പ്രതിരോധിക്കാനും കേരള സമൂഹത്തിന് കഴിയേണ്ടതുണ്ട്. ഇസ്‌ലാമിന്റെ വിമോചനപരമായ ഉള്ളടക്കാണ് അത് വേട്ടയാടപ്പെടാന്‍ കാരണം. മാതൃകപരമായ സമൂഹത്തിന്റെ സൃഷ്ടിക്കുള്ള ശ്രമവും മുസ്‌ലിം സമൂഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതുണെന്നും അതിനുള്ള ശ്രമങ്ങള്‍ക്ക് ബുദ്ധിപരമായും വൈജ്ഞാനികമായും സംഭാവനകളര്‍പ്പിക്കാന്‍ ഇസ്‌ലാമിക പ്രസ്ഥാനം പ്രതിജ്ഞാബദ്ധമാണെന്നും എം.ഐ അബ്ദുല്‍ അസീസ് കൂട്ടിചേര്‍ത്തു.
എന്ത്‌കൊണ്ട് ഇസ്‌ലാം ഭീതി എന്നത് നിക്ഷപക്ഷമായി വിലയിരുത്തിയാല്‍ മാത്രമേ ഇസ്‌ലാം ഭീതി എന്ന സാഹചര്യ.ത്തെ മറിടക്കാന്‍ കഴിയൂ എന്നും അതിനുള്ള ശ്രമമായിരുന്നു ഇസ്‌ലാമോഫോബിയ സമ്മേളനമെന്നും പരിപാടിയില്‍ അധ്യക്ഷത വഹിച്ച സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് ടി ശാക്കിര്‍ പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികളും സാംസ്‌കാരിക നേതാക്കളും മാധ്യമങ്ങളുമെല്ലാം തങ്ങളുടെ ഭാഗത്ത് നിന്ന് ഇസ്‌ലാം ഭീതി വളര്‍ത്തുന്ന ശ്രമങ്ങളുണ്ടാകുന്നുണ്ടോ എന്ന ആത്മപരിശോധന നടത്തണമെന്നും ടി ശാക്കിര്‍ ആവശ്യപ്പെട്ടു.
ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എ പി അബ്ദുല്‍വഹാബ്, എം ഇ എസ് സംസ്ഥാന പ്രസിഡന്റ് ഫസല്‍ ഗഫൂര്‍, വെല്‍ഫയര്‍പാര്‍ട്ടി ദേശീയ സെക്രട്ടറി കെ അംബുജാക്ഷന്‍, മാധ്യമം മീഡിയവണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ അബ്ദുറഹ്മാന്‍, ജമാഅത്തെ ഇസ്‌ലാമി അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന്, എസ് ഐ ഒ നിയുക്ത പ്രസിഡന്റ് സി ടി സുഹൈബ്, ജി ഐ ഒ സെക്രട്ടറി ഫസ്‌ന മിയാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സോളിഡാരിറ്റി ജനറല്‍ സെക്രട്ടറി സാദിഖ് ഉളിയില്‍ സ്വാഗതവും മലപ്പുറം ജില്ലാ പ്രസിഡന്റ് മിയാന്‍ദാദ് നന്ദിയും പറഞ്ഞു.
രാവിലെ ജെ എന്‍ യു പ്രൊഫ. എ കെ രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ച സെഷനില്‍, കെ കെ ബാബുരാജ്, കെ പി സല്‍വ എന്നിവര്‍ സംസാരിച്ചു. ഡോ. ബി എസ് ഷെറിന്‍, കെ.കെ. സുഹൈല്‍, ഇ എസ് അസ്‌ലം, ഉമ്മുല്‍ ഫായിസ, മുഹമ്മദ് ശുഹൈബ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. മൂന്ന് ദിവസങ്ങളായി കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ അഞ്ച് സെഷനിലുകളായി 25 പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെട്ടു.

Related Articles